ADVERTISEMENT

ശബരിമലശരണം വിളികളുമായി മണ്ഡലകാലം എത്തി. നാളെ കഴിഞ്ഞാൽ അയ്യപ്പദർശനത്തിന്റെ പുണ്യം നുകരാൻ ഭക്തലക്ഷങ്ങൾ മലകയറി സന്നിധാനത്തേക്ക് എത്തും. കഴിഞ്ഞ ദിവസങ്ങളിൽ മടിച്ചുനിന്ന തീർഥാടന ഒരുക്കങ്ങൾ ഇപ്പോൾ സജീവമാണ്. സ്പെഷൽ ഡ്യൂട്ടിക്കു നിയോഗിച്ച ദേവസ്വം ജീവനക്കാർ എത്തിത്തുടങ്ങി. കലക്ടർ ചെയർമാനായ ശബരിമല സാനിറ്റേഷൻ സൊസൈറ്റി ശുചീകരണത്തിനു നിയോഗിച്ച വിശുദ്ധി സേനാംഗങ്ങൾ ഇന്നലെ എത്തി.

കെഎസ്ആർടിസി ഇന്നു മുതൽ പ്രധാന ഡിപ്പോകളിൽ നിന്നു പമ്പയിലേക്കു സ്പെഷൽ സർവീസ് നടത്തും. പമ്പ ഡിപ്പോയുടെ പ്രവർത്തനവും ഇന്നു തുടങ്ങും. പമ്പ – നിലയ്ക്കൽ ചെയിൻ സർവീസിനുള്ള ബസുകൾ ഇന്നു മുതൽ വിവിധ ഡിപ്പോകളിൽനിന്ന് എത്തും. പമ്പയിൽ താൽക്കാലിക ആശുപത്രി പ്രവർത്തനം തുടങ്ങി. സ്പെഷൽ ഡ്യൂട്ടിക്കു നിയോഗിച്ച പൊലീസിന്റെ 1300 പേരടങ്ങുന്ന ആദ്യസംഘം ഇന്നെത്തും. 

അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു 2നു നിലയ്ക്കൽ അടിസ്ഥാന താവളത്തിൽ മന്ത്രി കെ.രാജൻ നിർവഹിക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ, പത്തനംതിട്ട കലക്ടറേറ്റ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ കൺട്രോൾ റൂമുകളെ ബന്ധിപ്പിച്ചാണ് ഇതു പ്രവർത്തിക്കുന്നത്.

ഇത്തവണ 3 കാനനപാതകളും തുറക്കും. എരുമേലി പേട്ടതുള്ളി കാൽനടയായി തീർഥാടകർ എത്തുന്ന കരിമല പാതയും വണ്ടിപ്പെരിയാർ സത്രം, പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള കാനനപാതയും തെളിച്ചു. നീലിമല വഴിയുള്ള പരമ്പരാഗത പാത കരിങ്കല്ലു പാകി നവീകരിക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. 

ദർശനത്തിന് വെർച്വൽ ക്യു ബുക്ക് ചെയ്യാൻ കഴിയാത്ത തീർഥാടകർക്ക് സ്പോട് ബുക്കിങ് നടത്താം. 13 കേന്ദ്രങ്ങളിലായി ഏർപ്പെടുത്തിയ സ്പോട് ബുക്കിങ് സൗകര്യത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഇന്നു വൈകിട്ട് 5.30ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ നിർവഹിക്കും.

English Summary: Sabarimala all set for Mandala Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com