ADVERTISEMENT

കണ്ണൂർ ∙ തൊട്ടതെല്ലാം പിഴയ്ക്കുകയാണു കണ്ണൂർ സർവകലാശാലയ്ക്കും അതിനെ നിയന്ത്രിക്കുന്ന ഇടതുപക്ഷത്തിനും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയാ വർഗീസിന് അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനുള്ള റാങ്ക്‌ലിസ്റ്റിൽ ഒന്നാം റാങ്ക് നൽകിയത് അതിലൊന്നു മാത്രം.

2021 സെപ്റ്റംബറിൽ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനയിലാണ് പിഴവുകളുടെ തുടക്കം. വിവിധ പഠന ബോർഡുകളിലെ 68 അംഗങ്ങൾക്ക് യോഗ്യതയില്ലെന്നും ഗവർണറുടെ അനുമതിയില്ലാതെയായിരുന്നു പുനഃസംഘടനയെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിസിടിഎ ഹർജി നൽകി. ഗവർണറുടെ അനുമതി ആവശ്യമാണെന്നായിരുന്നു ഹൈക്കോടതി വിധി. 

അംഗങ്ങളെ മാറ്റാതെതന്നെ പട്ടിക 2 തവണ ഗവർണർക്കു നൽകി. അനർഹരെ ഒഴിവാക്കണമെന്നു ഗവർണർ നിലപാടെടുത്തെങ്കിലും ഇതുവരെ പുതുക്കിനൽകിയിട്ടില്ല. ഫലത്തിൽ, ഒരു വർഷത്തോളമായി പഠന ബോർഡുകളില്ല. 

തലശ്ശേരി ബ്രണ്ണൻ കോളജിലെ എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് പ്രോഗ്രാമിന്റെ സിലബസിൽ ആർഎസ്എസ് നേതാക്കളുടെ ചിന്തകൾ കൂടുതലായി ഉൾപ്പെടുത്തിയെന്നതായിരുന്നു മറ്റൊരു വിവാദം. ഇതു പൂർണമായി നീക്കം ചെയ്യാതെ തന്നെ സിലബസ് പരിഷ്കരിച്ചാണു വിവാദം അവസാനിപ്പിച്ചത്. തൊട്ടുപിറകെയാണ് പ്രിയാ വർഗീസിന്റെ നിയമന നീക്കം വിവാദമായത്.

ഇതിനിടെ, ചോദ്യപ്പേപ്പർ ആവർത്തനവും പിടിച്ചുലച്ചു. മുൻവർഷങ്ങളിലെ ചോദ്യങ്ങൾ അതേപടി ആവർത്തിച്ചതു വിവാദമായതോടെ, പരീക്ഷാ കൺട്രോളറെ മാറ്റി. കാസർകോട് പടന്നയിൽ സ്വാശ്രയ കോളജിനു സർവകലാശാല നൽകിയ അനുമതി റദ്ദാക്കിയ ഹൈക്കോടതി, വിസി അധികാരപരിധി മറികടന്നതായി പരാമർശിച്ചിരുന്നു.

വിസി നിയമനവും കയ്യാലപ്പുറത്ത്

സേർച് കമ്മിറ്റിയില്ലാതെയും 60 വയസ്സ് എന്ന പ്രായപരിധി ലംഘിച്ചും പ്രഫ. ഗോപിനാഥ് രവീന്ദ്രനു വിസിയായി പുനർനിയമനം നൽകിയെന്നാരോപിച്ച് കെപിസിടിഎ നേതാക്കളായ ഡോ. ഷിനോ പി.ജോസ്, ഡോ. പ്രേമചന്ദ്രൻ കീഴോത്ത് എന്നിവർ നൽകിയ ഹർജി സുപ്രീം കോടതിയിലുണ്ട്. 

സേർച് കമ്മിറ്റിയില്ലാതെയുള്ള വിസി നിയമനം സാധുവല്ലെന്നു കെടിയു വിസിയുടെ കേസിൽ സുപ്രീം കോടതി വിധിച്ചിട്ടുമുണ്ട്. നേരത്തേ ഹൈക്കോടതിയിലും 2 അധ്യാപകർ ഹർജി നൽകിയിരുന്നെങ്കിലും പുനർനിയമനമാണെന്ന നിരീക്ഷണത്തോടെ അതു തള്ളിയിരുന്നു.

English Summary: Kannur university in trouble

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com