ADVERTISEMENT

തിരുവനന്തപുരം ∙ കോർപറേഷനിലെ കത്തു വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചും വിജിലൻസും ‘തെളിവില്ലാതെ’ കുഴങ്ങുന്നു. കത്തിന്റെ ഉറവിടം, തയാറാക്കിയവർ, പ്രചരിപ്പിച്ചവർ – ഇക്കാര്യങ്ങളിൽ ക്രൈംബ്രാഞ്ചിന് ഉത്തരമില്ല. പാർട്ടി പട്ടിക വഴിയുള്ള നിയമന നീക്കത്തിനു പിന്നിൽ സാമ്പത്തിക അഴിമതിയുണ്ടോയെന്നു കണ്ടെത്താൻ വിജിലൻസിനും കഴിഞ്ഞിട്ടില്ല.

പ്രാഥമിക പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചാൽ മതിയെന്നു നിർദേശമുണ്ടായിരുന്നതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണം മൊഴിയെടുപ്പിൽ ഒതുങ്ങി. കേസ് എടുത്തില്ല. മേയർ ആര്യ രാജേന്ദ്രൻ, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോർപറേഷനിലെ പാർലമെന്ററികാര്യ സെക്രട്ടറി ഡി.ആർ.അനിൽ, കോർപറേഷനിലെ രണ്ടു ജീവനക്കാർ എന്നിവരുടെ മൊഴിയെടുത്തു. 4 ദിവസം കൊണ്ടു തയാറായ റിപ്പോർട്ട് ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക് ദർവേഷ് സാഹിബിന് ഇന്നു കൈമാറും.

ഫോണും കംപ്യൂട്ടറും പരിശോധിച്ചാൽ ഉത്തരം 24 മണിക്കൂറിനകം

സാധാരണ ഇത്തരം കേസുകളിൽ ചെയ്യുന്നതും ഇവിടെ ക്രൈംബ്രാഞ്ച് ചെയ്യാതിരുന്നതുമായ കാര്യങ്ങൾ ഇവ:

1. കൃത്രിമമായി ചമച്ച കത്തെന്ന് മേയർ ആരോപിച്ചതിനാൽ സംശയമുള്ളവരുടെ ഫോണുകൾ, കോർപറേഷൻ ഓഫിസിലെ കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ എന്നിവ പിടിച്ചെടുത്ത് സൈബർ ഡോ‍മിലോ ഫൊറൻസിക് സയൻസ് ലാബിലോ ശാസ്ത്രീയ പരിശോധന നടത്തേണ്ടിയിരുന്നു. കത്തിന്റെ ഉറവിടം 24 മണിക്കൂറിനകം കണ്ടെത്താമായിരുന്നു.

2. മറ്റൊരു പിൻവാതിൽ നിയമനത്തിനു സിപിഎം ജില്ലാ സെക്രട്ടറിക്കു കത്തു തയാറാക്കിയെന്ന് ഏറ്റുപറഞ്ഞ ഡി.ആർ.അനിലിന്റെയും ജില്ലാ സെക്രട്ടറിയുടെയും ഫോണോ ഓഫിസ് രേഖകളോ പരിശോധിച്ചില്ല.

3. മേയറുടെ ഔദ്യോഗിക ലെറ്റർപാഡ് ആർക്കും എടുക്കാവുന്ന തരത്തിലാണു വച്ചിരുന്നതെന്നു ജീവനക്കാർ മൊഴി നൽകി. ഉപയോഗിച്ച ലെറ്റർപാഡ് ഓഫിസിലെ പല വിഭാഗങ്ങളിലുമുണ്ടെന്നു മേയർ മൊഴി നൽകി. അക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ വേണ്ട പരിശോധനകൾ നടത്തിയില്ല.

4. മുൻപും ഇത്തരം ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നറിയാൻ കോർപറേഷൻ ഓഫിസിലെ രേഖകളൊന്നും പരിശോധിച്ചില്ല.

English Summary: Crime Branch to submit report on Arya Rajendran letter controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com