ADVERTISEMENT

കോട്ടയം ∙ ഓർമകൾ വീണ്ടെടുത്ത് ശശീന്ദ്രൻ ഡിപിഡിഒയുടെ (ഡിഫൻസ് പെൻഷൻ ഡിസ്ബേഴ്സിങ് ഓഫിസ്) പടികയറി. ഒന്നുമില്ലാത്തവനല്ല ഇന്ന് ശശീന്ദ്രൻ. ലക്ഷാധിപതിയാണ്. ഡിപിഡിഒയിലെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഷാൾ അണിയിച്ചും മാലയിട്ടും സ്വീകരിച്ചു. ‘ഞാനിന്നൊരു വ്യക്തിയായിരിക്കുന്നു’ – കണ്ണീരണിഞ്ഞ് ശശീന്ദ്രൻ പറഞ്ഞു. ഇദ്ദേഹത്തെ കണ്ടെത്തുന്നതിനു മുന്നിട്ടിറങ്ങിയ ഡിപിഡിഒയിലെ സീനിയർ ഓഡിറ്റർ അജിത് ഭാസ്കറും ഓഡിറ്റർ വി.കെ.മോഹൻദാസും ചേർന്ന് ‘തിരിച്ചറിയൽ’ നടത്തുന്നതിനായി കൊണ്ടുപോയി. 

ആരോരുമില്ലാതെ നഗരത്തിൽ അലഞ്ഞുനടന്ന വിമുക്തഭടൻ ആലപ്പുഴ മാന്നാർ പാവുക്കര താമ്രവേലിൽ പടിഞ്ഞാറ്റതിൽ എം.ജി.ശശീന്ദ്രനെ (70) ഏറെ നാളത്തെ തിരച്ചിലിനു ശേഷം ഡിപിഡിഒയിലെ ഉദ്യോഗസ്ഥർ കണ്ടെത്തിയതും 16 വർഷത്തെ വിമുക്തഭട പെൻഷൻ തുകയായി ലഭിക്കാനുള്ള 21.61 ലക്ഷം രൂപ നൽകുന്നുവെന്നതും ‘മനോരമ’ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്രയും തുകയാണു തനിക്കു ലഭിക്കാനുള്ളതെന്നു ‘മനോരമ’യിലൂടെയാണു ശശീന്ദ്രൻ അറിഞ്ഞതും. 

കുടിശിക നൽകുന്നതിനു മുൻപുള്ള പരിശോധനകൾക്കായി ഉദ്യോഗസ്ഥർ അദ്ദേഹത്തെ വിളിച്ചുവരുത്തുകയായിരുന്നു.  കരസേനയിൽ കോർ ഓഫ് സിഗ്നൽസിൽ ഡ്രൈവറായിട്ടായിരുന്നു ശശീന്ദ്രന്റെ സേവനം. വിരമിച്ചു നാട്ടിലെത്തിയപ്പോഴേക്കും സ്വന്തമായൊന്നും സമ്പാദിച്ചിരുന്നില്ല. മൂന്നു സഹോദരിമാരെ വിവാഹം കഴിപ്പിച്ചയച്ചു. കുടുംബത്തിന്റെ കാര്യം നോക്കിയതിനാൽ വിവാഹം പോലും മറന്നുപോയിരുന്നു. പിന്നീട് എസ്ബിടിയിൽ ജോലി ലഭിച്ചു. 12 വർഷം ഇവിടെ ജോലി ചെയ്തു. തുടർച്ചയായി ഹാജരാകാതായതോടെ ജോലി പോയി. പിന്നീടു ലോറി ഡ്രൈവറായി. യാത്രകളിലെപ്പോഴോ ഓർമ മാഞ്ഞു.

കോട്ടയം നഗരത്തിൽ അഭയം പ്രാപിച്ചു. വിവിധ അഗതിമന്ദിരങ്ങളിൽ കഴിഞ്ഞു. അതിലൊരു കേന്ദ്രത്തിൽവച്ചാണ് ശശീന്ദ്രൻ വിമുക്തഭടനാണെന്ന് അവിടത്തെ വാർഡൻ തിരിച്ചറിഞ്ഞത്.  പിന്നീട് ഇദ്ദേഹത്തെയും കൂട്ടി ‍ഡിപിഡിഒ ഓഫിസിലെത്തി. തുടർന്നു രേഖകൾക്കായുള്ള ഓട്ടമായിരുന്നു. ആധാർ, പാൻ കാർഡ്, ജില്ലാ പൊലീസ് മേധാവിയുടെ സാക്ഷ്യപത്രം... എല്ലാം സംഘടിപ്പിച്ചു. ഇതിനിടെ, പിന്നെയും ശശീന്ദ്രൻ അപ്രത്യക്ഷനായി. ഉദ്യോഗസ്ഥർ ജില്ലയിലെ അഭയകേന്ദ്രങ്ങൾ തപ്പി കോട്ടയം ശാന്തിഭവനിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. സഹോദരി വിലാസിനിയുടെ വീട്ടിലാണ് ഇപ്പോൾ താമസം. ലഭിക്കുന്ന പണം ബാങ്കിൽ നിക്ഷേപിക്കാനാണു ശശീന്ദ്രന്റെ തീരുമാനം.

English Summary : Officials found Veteran Saseendran who wandered in city after losing his memory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com