തെലങ്കാന സർക്കാർ അട്ടിമറിനീക്കം: തുഷാർ വെള്ളാപ്പള്ളിയെ പ്രതി ചേർത്തു

Thushar-Vellappally-1200
തുഷാർ വെള്ളാപ്പള്ളി
SHARE

ഹൈദരാബാദ് ∙ തെലങ്കാനയിലെ ടിആർഎസ് എംഎൽഎമാ‍രെ ചാക്കിലാക്കി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അടക്കം 4 പേരെക്കൂടി പ്രത്യേകാന്വേഷണ സംഘം പ്രതി ചേർത്തു. അഴിമതിവിരുദ്ധ പ്രത്യേക കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ തുഷാറിനു പുറമേ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, മലയാളിയായ ജഗ്ഗു സ്വാമി, ബി.ശ്രീനിവാസ് എന്നിവരെയും പ്രതികളാക്കിയിട്ടുണ്ട്.

ടിആർഎസ് എംഎൽഎ പൈലറ്റ് രോഹിത് റെഡ്ഡിയുടെ പരാതിപ്രകാരമുള്ള കേസിൽ രാമചന്ദ്ര ഭാരതി, നന്ദകുമാർ, സിംഹയാജി സ്വാമി എന്നിവരെ നേരത്തെ പ്രതിചേർത്തിരുന്നു. ടിആർഎസ് വിട്ട് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ പ്രതികൾ തനിക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണു രോഹിത് റെഡ്ഡിയുടെ പരാതിയിലുള്ളത്.

26നോ 28നോ പ്രത്യേകാന്വേഷണ സംഘത്തിനു മുൻപിൽ ഹാജരാകാൻ ബി.എൽ.സന്തോഷിനു തെലങ്കാന ഹൈക്കോടതിയുടെ നിർദേശപ്രകാരം നോട്ടിസ് നൽകി. നേരത്തെ സന്തോഷ്, തുഷാർ, ജഗ്ഗു എന്നിവർക്കു ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെങ്കിലും എത്തിയിരുന്നില്ല. ശ്രീനിവാസ് ഹാജരായി.

തെലങ്കാന സർക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷൻ താമര’ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവാണു പുറത്തുവിട്ടത്. എംഎൽഎമാരെ സ്വാധീനിക്കാൻ 100 കോടി വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാർ വെള്ളാപ്പള്ളിയാണെന്നായിരുന്നു ആരോപണം. തുഷാറിന്റെ ഏജന്റുമാരെന്നു കരുതുന്നവർ ടിആർഎസ് എംഎൽഎമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വിഡിയോദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.

English Summary: Telangana Government Coup Move: Thushar Vellappally

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA