ക്ഷേത്രവസ്തുവിൽ കുടികിടപ്പവകാശം; ലക്ഷങ്ങൾ തട്ടിയ 2 പേർ പിടിയിൽ

fraud-arrest-25
സി.എസ്.സജു, കെ.രമ
SHARE

കൊടുമൺ (പത്തനംതിട്ട) ∙ കോടതിയിൽ കേസ് നടത്തി, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥലത്തിന്റെ കുടികിടപ്പവകാശം നേടിക്കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട വള്ളിക്കോട് കോട്ടയം വെള്ളപ്പാറ സന്തോഷ്‌ ഭവനം കെ.രമ (44), കോന്നി താഴം കുമ്പഴ ചരിവുപറമ്പിൽ വീട്ടിൽ സി.എസ്.സജു (44) എന്നിവരാണ് അറസ്റ്റിലായത്.

പുനലൂർ ചാലിയേക്കര ഉപ്പുകുഴി തിരുവിതാംകൂർ ഭഗവതി ക്ഷേത്രം വകയായ സ്ഥലത്തിന്റെ കുടികിടപ്പവകാശവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡുമായി ഒട്ടേറെ കേസുകൾ നിലവിലുണ്ട്. ഇതു മുതലെടുത്താണ് കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഐക്കാട് സ്വദേശി മറിയാമ്മ ചാക്കോയിൽനിന്ന് ഇൗ ഭൂമിയുടെ ഉടമസ്ഥാവകാശം നേടിക്കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പല തവണയായി 5,65,000 രൂപയും നാലര പവൻ സ്വർണവും പ്രതികൾ കൈക്കലാക്കിയത്.

വസ്തു 230 കോടിയോളം വിലവരുന്നതാണെന്നും കേസ് നടത്തുന്നതിന് കോടതിച്ചെലവിനായി പണം നൽകിയാൽ ബാങ്ക് വായ്പകൾ അടച്ചുകൊള്ളാമെന്നാണ് പ്രതികൾ വിശ്വസിപ്പിച്ചിരുന്നത്. ഭൂമി ലഭിക്കാതെ വന്നപ്പോൾ മറിയാമ്മ പണവും സ്വർണവും തിരികെ ചോദിച്ചു. എന്നാൽ ഭൂമി അനുവദിച്ചെന്ന് കാട്ടി സർക്കാർ മുദ്രയോടു കൂടിയ ജില്ലാ സെഷൻസ് കോടതിയുടെ വ്യാജ ഉത്തരവ് നൽകി തുകയും സ്വർണവും തിരിച്ചു കൊടുക്കാതെ പറ്റിക്കുകയായിരുന്നു.

തുടർന്ന് മാറിയാമ്മ ചാക്കോ പൊലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു അന്വേഷണം. കേസ് സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ നിർദേശ പ്രകാരം കോന്നിയിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. സമാനമായ വേറെയും കുറ്റകൃത്യം പ്രതികൾ നടത്തിയിട്ടുണ്ടോയെന്നും കൂടുതൽ പേർ ചതിക്കപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ വി.എസ്. പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ റിമാൻഡ് ചെയ്തു.

English Summary: Two Arrested in Fraud Case at Pta

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA