ADVERTISEMENT

കോഴിക്കോട് ∙ നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്നും ലോക്സഭയിലേക്കു മത്സരിക്കാനാണു താൽപര്യമെന്നും കെ.മുരളീധരൻ എംപി പൊതുവേദിയിൽ വ്യക്തമാക്കി. രമേശ് ചെന്നിത്തലയും കെ.സുധാകരനും അടുത്ത തവണ ലോക്സഭയിലേക്കു മത്സരിക്കില്ലെന്നും ഇരുവരുടെയും സാന്നിധ്യത്തിൽ മുരളി പറഞ്ഞു. 

‘ഞാൻ പാർലമെന്റിലേക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ പോയതാണ്. നിയമസഭയിൽ പ്രവർത്തിക്കാനാണു താൽപര്യം. അതുകൊണ്ടു ലോക്സഭയിലേക്ക് ഇല്ലെന്ന് ആദ്യം പറഞ്ഞിരുന്നു. എന്നാൽ, എല്ലാവരും അസംബ്ലിയിലേക്കു തള്ളിയാൽ, കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വരില്ല എന്നു ജനം കരുതും. അതുകൊണ്ട് ഞങ്ങളെയൊക്കെ പാർലമെന്റിലേക്ക് പരിഗണിക്കണം. ഞങ്ങൾ ഡൽഹിയിൽ നോക്കിക്കൊള്ളാം. ഒന്നുമില്ലെങ്കിലും മുന്നിലിരിക്കാൻ രാഹുൽ ഗാന്ധിയുണ്ടാകുമല്ലോ’.– മുരളീധരൻ പറ‍ഞ്ഞു. 

ശശി തരൂരിന്റെ കേരള രാഷ്ട്രീയത്തിലേക്കുള്ള വരവിനെ എതിർക്കുന്നതു മുഖ്യമന്ത്രിക്കുപ്പായം തയ്പിച്ച ആളുകളാണെന്നു കെ.മുരളീധരൻ നേരത്തേ പറഞ്ഞിരുന്നു. 4 വർഷം സമയമുണ്ടല്ലോ എന്നായിരുന്നു അതിനു രമേശ് ചെന്നിത്തലയുടെ മറുപടി. ആ കുപ്പായം തയ്പിച്ചവരുടെ കൂട്ടത്തിൽ താനില്ലെന്നു സൂചന നൽകുന്നതായിരുന്നു ഇന്നലെ രമേശ് ചെന്നിത്തലയെ വേദിയിൽ ഇരുത്തി മുരളി നടത്തിയ പ്രസംഗം. 

ജനാധിപത്യ പാർട്ടി ആയതുകൊണ്ടു കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്നും എന്നാൽ ആരും ചട്ടക്കൂടിനു പുറത്തു പോകില്ലെന്നും മുരളീധരൻ പറഞ്ഞു. രണ്ടാഴ്ചയായി എല്ലാവരും കോൺഗ്രസിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാൽ പിണറായി വിജയൻ രക്ഷപ്പെട്ടു നിൽക്കുകയാണ്. മറ്റു കാര്യങ്ങൾക്കെല്ലാം അവധി കൊടുത്ത് ഇന്നു മുതൽ മോദിക്കും പിണറായിക്കും എതിരെയുള്ള പ്രവർത്തനം നടത്തണം. – അദ്ദേഹം പറഞ്ഞു. 

English Summary: K Muraleedharan says will not contest in kerala assembly election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com