ADVERTISEMENT

കൊച്ചി∙ മാധ്യമ പ്രവർത്തകനായ കെ. എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നരഹത്യാ കുറ്റത്തിൽ നിന്ന് ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച് ശ്രീറാമിനു കോടതി നോട്ടിസ് പുറപ്പെടുവിച്ചു. നരഹത്യാ കുറ്റം ബാധകമാകുമോ എന്നു പരിശോധിക്കാമെന്നു ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി. 

2019 ഓഗസ്റ്റ് 3നു പുലർച്ചെ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ച് ബഷീറിന്റെ മരണത്തിന് ഇടയാക്കിയെന്നാണു കേസ്. മനഃപൂർവമുള്ള നരഹത്യ, തെളിവു നശിപ്പിക്കൽ കുറ്റങ്ങൾ തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി ഒഴിവാക്കിയതാണു സർക്കാർ ചോദ്യം ചെയ്തത്. സെഷൻസ് കുറ്റങ്ങൾ ഒഴിവാക്കിയതിന്റെ തുടർച്ചയായി കേസ് വിചാരണയ്ക്കായി മജിസ്ട്രേട്ട് കോടതിയിലേക്കു മാറ്റിയിരുന്നു. സ്റ്റേ വന്നതോടെ അതിന്മേലുള്ള തുടർ നടപടികളും തടസ്സപ്പെടും. 

കീഴ്ക്കോടതി വസ്തുതകൾ ശരിയായി പരിശോധിച്ചില്ലെന്നും ശ്രീറാം മദ്യ ലഹരിയിൽ ആയിരുന്നതായി സാക്ഷി മൊഴികളുണ്ടെന്നും ഹർജിയിൽ പറയുന്നു. ഡോക്ടറും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാമിന് അതിന്റെ പ്രത്യാഘാതങ്ങൾ അറിവുള്ളതാണ്. എന്നിട്ടും വാഹനം ഓടിച്ചു മരണത്തിന് ഇടയാക്കിയതിനാൽ നരഹത്യാ കുറ്റം ബാധകമാകുമെന്നാണു സർക്കാരിന്റെ വാദം.

English Summary: KM Basheer murder case: High Court on Sriram Venkitaraman case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com