ADVERTISEMENT

തിരുവനന്തപുരം ∙ ഗവർണർക്കെതിരെ എൽഡിഎഫ് സംഘടിപ്പിച്ച രാജ്ഭവൻ വളയൽ സമരത്തിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ 7 ഉദ്യോഗസ്ഥർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകാൻ ചീഫ് സെക്രട്ടറി നിർദേശിച്ചു. സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയുടെ 7 നേതാക്കൾ മാർച്ചിൽ പങ്കെടുത്തു എന്നാണ് ബിജെപി നൽകിയ പരാതിയിലുള്ളത്. ഇതിൽ 2 പേർ അഡീഷനൽ സെക്രട്ടറിമാരാണ്. 

സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പരിപാടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണമെന്നു ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. അഡിഷനൽ സെക്രട്ടറിമാരായ പി.ഹണി, ഷൈനി, സെക്‌ഷൻ ഓഫിസർമാരായ ജി.ശിവകുമാർ, ഇ.നാസർ, കെ.എൻ.അശോക് കുമാർ, ഐ.കവിത, ഓഫിസ് അറ്റൻഡന്റ് കല്ലുവിള അജിത് എന്നിവർക്കെതിരെയാണ് പരാതി. 

cartoon

ഗവർണർക്കു നൽകുന്നതിനു മുൻപ് ബിജെപി നേതാക്കൾ ചീഫ് സെക്രട്ടറിക്കും പരാതി കൊടുത്തിരുന്നു. ഇതു സംബന്ധിച്ച് എന്തു നടപടി സ്വീകരിച്ചു എന്നാണ് രാജ്ഭവൻ ആരാഞ്ഞത്. രാജ്ഭവന്റെ കത്ത് ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകാൻ ചീഫ് സെക്രട്ടറി വി.പി.ജോയ് നിർദേശം നൽകുകയായിരുന്നു. ഇതനുസരിച്ച് പൊതുഭരണ, ധന സെക്രട്ടറിമാർ ഇവർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകും. വിശദീകരണം ലഭിച്ച ശേഷം സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് ചീഫ് സെക്രട്ടറിക്കു നൽകും. ഇതു ക്രോഡീകരിച്ച് രാജ്ഭവനെ ചീഫ് സെക്രട്ടറി അറിയിക്കും. കേരള സർവകലാശാലയിലെ ഉദ്യോഗസ്ഥരും സമരത്തിൽ പങ്കെടുത്തുവെന്ന പരാതി രാജ്ഭവൻ വിലയിരുത്തി വരികയാണ്. 

ഈ മാസം 15ന് നടന്ന സമരത്തിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ആരോപണം ഉന്നയിച്ചത്. തുടർന്ന് ഉദ്യോഗസ്ഥരുടെ പേരും അവർ മാർച്ചിൽ പങ്കെടുക്കുന്ന വിഡിയോയും ചിത്രങ്ങളും ഉൾപ്പെടെ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പരാതി നൽകി. 

പിരിച്ചുവിടാനും വ്യവസ്ഥ

രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ സർക്കാർ ഉദ്യോഗസ്ഥരുടെ കോഡ് ഓഫ് കോണ്ടക്ട് റൂൾസ്, ക്ലാസിഫിക്കേഷൻ കൺട്രോൾ ആൻഡ് അപ്പീൽ റൂൾസ് എന്നിവ അനുസരിച്ച് സർവീസിൽ നിന്നു പിരിച്ചുവിടാം. ഇൻക്രിമെന്റ് തടയുന്ന പോലെയുള്ള നടപടികളും എടുക്കാം. മുൻപ് സമാന കുറ്റം ചെയ്തതിന് പല ഉദ്യോഗസ്ഥരെയും പിരിച്ചു വിട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ തലവനായ ഗവർണർക്കെതിരെ സർക്കാർ ഉദ്യോഗസ്ഥൻ സമരം ചെയ്യുന്നതു ഗുരുതര കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. സർക്കാർ നടപടിയെടുക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

English Summary: Showcause notice for 7 Government officials for participating in Rajbhavan March

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com