ADVERTISEMENT

തിരുവനന്തപുരം ∙ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സമ്മർദത്തിലാക്കാൻ, ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്നവർ പോലും ഉപയോഗിക്കപ്പെടുന്നു എന്നതു ഭരണഘടനാ ദിനത്തിന്റെ ഉത്കണ്ഠകളിൽ ഒന്നാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. രാജ്യത്തു മതനിരപേക്ഷ, ജനാധിപത്യ, ഫെഡറൽ മൂല്യങ്ങൾ കനത്ത വെല്ലുവിളി നേരിടുകയാണെന്നും പൗരത്വം മതാടിസ്ഥാനത്തിലാക്കാനുള്ള നീക്കമുണ്ടെന്നും ഭരണഘടനാദിന പ്രസ്താവനയിൽ മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിനെ ഉന്നം വച്ചായിരുന്നു വിമർശനം.    

ഉന്നതവിദ്യാഭ്യാസ മേഖലയിൽ മതനിരപേക്ഷ തത്വങ്ങൾ അട്ടിമറിക്കപ്പെടുന്നു. ബഹുസ്വരത ഇല്ലായ്മ ചെയ്യാനും പിന്തിരിപ്പൻ ആശയങ്ങൾ വരുംതലമുറയുടെ മനസ്സിൽ കുത്തിനിറയ്ക്കാനും പാഠപുസ്തകങ്ങളുടെ ഉള്ളടക്കം മാറ്റുന്ന അപകടകരമായ പ്രക്രിയയാണ് നടക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്ത് ശാസ്ത്രാവബോധം തകർക്കാനുള്ള പരീക്ഷണങ്ങൾ നടക്കുന്നു.

തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകൾ രാജ്യത്തിന്റെ വികസന യജ്ഞത്തിൽ കേന്ദ്ര സർക്കാരുമായി തുല്യപങ്കാളിത്തം വഹിക്കേണ്ടവയാണെന്ന ജനാധിപത്യ തത്വം വിസ്മരിക്കപ്പെടുകയാണ്. ഇവ നിയമപരമായും പ്രതിഷേധങ്ങളിലൂടെയും എതിർക്കപ്പെടുന്നുണ്ട്. ഈ എതിർപ്പ് ഭരണഘടനാ സംരക്ഷണത്തിന്റെ ശബ്ദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മതരാഷ്ട്രമാക്കാനുള്ള ഗൂഢനീക്കം

∙ ഭരണഘടനയുടെ സുപ്രധാന സവിശേഷതയായ മതനിരപേക്ഷത അട്ടിമറിച്ച് ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ഗൂഢനീക്കം നടക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നവോത്ഥാന സമിതിയുടെ ഭരണഘടനാ സംരക്ഷണ സമ്മേളനവും വനിതാസംഗമവും ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതാധിഷ്ഠിത സ്വഭാവവും സങ്കുചിത ദേശീയതയും വരിച്ച അയൽരാജ്യങ്ങളുടെ സ്ഥിതി എന്താണെന്ന് ആലോചിക്കണം. രാജ്യങ്ങളുടെ നിലനിൽപുപോലും അപകടത്തിലാകും. ഇന്ത്യയ്ക്ക് ആ അവസ്ഥ ഉണ്ടാകാതിരിക്കാൻ ഭരണഘടന സംരക്ഷിക്കപ്പെടണം–അദ്ദേഹം പറഞ്ഞു.

English Summary: Chief Minister Pinarayi Vijayan statement against central government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com