ADVERTISEMENT

തിരുവനന്തപുരം ∙ പൊടുന്നനെ സർക്കാരും കെറെയിലും വേഗറെയിൽ പദ്ധതി പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുമ്പോൾ ബാക്കിയാകുന്നത് സ്ത്രീകൾ ഉൾപ്പെടെ സമരക്കാരെ വലിച്ചിഴച്ചും ബൂട്ടിട്ടു ചവിട്ടിയും പുരോഗമിച്ച സർവേക്കാലത്തെ വിലാപങ്ങളും സങ്കടക്കാഴ്ചകളും. അന്നത്തെ കേസുകളുടെ സ്ഥിതി എന്തെന്ന് ഇനിയും വ്യക്തമല്ല. പദ്ധതിക്കായി അടയാളപ്പെടുത്തിയ ഭൂമി ഇനി കൈമാറ്റം ചെയ്യാനോ മറ്റ് ഇടപാടുകൾ നടത്താനോ സാധിക്കില്ലെന്ന അനിശ്ചിതത്വവും നിലനിൽക്കുന്നു. 

മിന്നൽവേഗത്തിൽ കുതിക്കുമെന്ന് എൽഡിഎഫ് സ്വപ്നം കണ്ട സിൽവർലൈനിന് വേഗപ്പൂട്ടിട്ടത് അതിവേഗം പടർന്നുപിടിച്ച പ്രതിഷേധസമരങ്ങളാണ്. കിടപ്പാടവും ആകെയുള്ള ഭൂമിയും നഷ്ടപ്പെടുന്നതിന്റെ വേവലാതിയിൽ, പ്രത്യേകിച്ചൊരു ആഹ്വാനവും ഇല്ലാതെ സംസ്ഥാനത്തുടനീളം സ്ത്രീകളുടെ ഉൾപ്പെടെ സാന്നിധ്യം കൊണ്ട് ശക്തമായിരുന്നു സിൽവർലൈൻ വിരുദ്ധ പ്രക്ഷോഭം. 

ജനകീയത തിരിച്ചറിഞ്ഞ് പ്രതിപക്ഷ കക്ഷികളും ജനപ്രതിനിധികളും പ്രക്ഷോഭത്തിൽ അണിചേർന്നതോടെ സമരം ശക്തമായി. തുടർന്നു പൊലീസിനെ ഇറക്കി പ്രക്ഷോഭങ്ങളെ നേരിടാനായി സർക്കാർ ശ്രമം. വീടിന്റെ മതിൽ തകർത്തും അടുപ്പുകല്ലിനു മുകളിൽപോലും കുറ്റി സ്ഥാപിച്ചും സർവേ മുന്നേറി. ചങ്ങനാശേരിയിൽ റോസ്‌ലിൻ എന്ന സ്ത്രീയെ 8 വയസ്സുകാരി മകളുടെ മുന്നിലൂടെ വലിച്ചിഴച്ചത് പോലുള്ള പൊലീസ് നടപടികൾ ജനവികാരം എതിരാക്കി. മകൾ സമരസ്ഥലത്ത് ഉണ്ടായിരുന്നതിന്റെ പേരിൽ അമ്മയ്ക്ക് എതിരെ ബാലപീഡന വകുപ്പുകൾ പ്രകാരം വരെ കേസെടുത്ത സംഭവങ്ങളും ഉണ്ടായി. 

തിരുവനന്തപുരം മുരുക്കുംപുഴയിൽ പ്രതിഷേധിച്ചവരെ പൊലീസുകാരൻ ബൂട്ടിട്ടു ചവിട്ടിയതു സേനയ്ക്കും സർക്കാരിനും കളങ്കമായി. കോഴിക്കോടും കാസർകോടും കണ്ണൂരിലും ഭരണകക്ഷി അനുകൂല മേഖലകളിൽ പോലും പ്രതിഷേധം ശക്തമായിരുന്നു. മഞ്ഞക്കുറ്റി പിഴുതെറിഞ്ഞുള്ള സമരമുറ പിന്നീട് ക്ലിഫ് ഹൗസ് വളപ്പിനു സമീപത്തു പ്രതിഷേധക്കുറ്റി സ്ഥാപിക്കുന്നതു വരെ എത്തി. ജനകീയ വിശദീകരണമെന്ന പേരിൽ പൗരപ്രമുഖരെ വിളിച്ച് പലവട്ടം പദ്ധതിയെക്കുറിച്ച് അവതരണം നടത്തിയതും സമരത്തിന്റെ വീര്യം കൂട്ടി. 

വിമോചനസമരം പോലെ സർക്കാരിനെ വീഴ്ത്താൻ നടത്തുന്ന നീക്കമെന്ന് ആരോപിച്ച് ജനങ്ങളെയും മാധ്യമങ്ങളെയും കുറ്റപ്പെടുത്താനാണു സർക്കാരും പാർട്ടി മാധ്യമങ്ങളും ശ്രമിച്ചത്. ഇടക്കാലത്ത് കല്ലിടലും പിന്നാലെ പഠനവും നിർത്തിയ സർക്കാർ, ഒടുവിൽ പദ്ധതിയുടെ അടിസ്ഥാന നടപടികളിൽ നിന്നു തന്നെ പിന്മാറുന്നു.

മഞ്ഞക്കുറ്റി മുതൽ മരവിപ്പിക്കൽ വരെ

2019 ഡിസംബർ: കാസർകോട്–തിരുവനന്തപുരം വേഗ റെയിൽ പദ്ധതിയായ ‘സിൽവർലൈനി’നു കേന്ദ്ര റെയിൽവേ മന്ത്രാലയം തത്വത്തിൽ അനുമതി നൽകി. 

2020 ജനുവരി: അലൈൻമെന്റ് നിശ്ചയിക്കാനുള്ള ആദ്യപടിയായി ആകാശ സർവേ പൂർത്തിയായി. 

2020 ഏപ്രിൽ: അലൈൻമെന്റ് പ്രസിദ്ധീകരിച്ചു

2021 ഒക്ടോബർ: പദ്ധതിക്കുള്ള വിദേശ വായ്പയുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നു കേന്ദ്ര സർക്കാർ. 

2021 ഡിസംബർ: പദ്ധതിക്കു പിന്തുണ നൽകണമെന്നും അഭിമാന പദ്ധതികളെ സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും കേന്ദ്രത്തോട് കേരളം.

2022 ഫെബ്രുവരി: പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്നും ഡിപിആറിൽ വിശദാംശങ്ങൾ ഇല്ലെന്നും കേന്ദ്ര സർക്കാർ ലോക്സഭയിൽ

2022 ഫെബ്രുവരി: വായ്പാ ബാധ്യത കേരളം ഏറ്റെടുക്കുമെന്ന് അറിയിച്ചെന്ന് കെ–റെയിൽ

2022 മാർച്ച്: പദ്ധതിയുടെ സാങ്കേതിക, പരിസ്ഥിതി വിഷയങ്ങളിൽ വ്യക്തത വരാതെ മുന്നോട്ടുള്ള അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ.

2022 മാർച്ച്: സിൽവർലൈൻ പദ്ധതിയോടു കേന്ദ്ര സർക്കാരിന് എതിർപ്പില്ലെന്നും പ്രധാനമന്ത്രിക്ക് അനുഭാവപൂർണമായ നിലപാടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 

2022 മേയ്: സാമൂഹികാഘാത പഠനത്തിന് അതിർത്തി നിർണയിക്കാൻ കല്ലിടൽ നിർബന്ധമില്ലെന്നും പകരം ജിപിഎസ് ഉപയോഗിച്ചുള്ള അടയാളപ്പെടുത്തൽ മതിയെന്നും റവന്യു വകുപ്പ്.

2022 ജൂൺ: സ്വകാര്യ കൺസൽറ്റൻസിയുടെ നേതൃത്വത്തിൽ ആരംഭിച്ച സാമൂഹികാഘാത പഠനം നിർത്തി. 

2022 സെപ്റ്റംബർ: സാമൂഹികാഘാത പഠനം നിലവിലുള്ള ഏജൻസികളെ വച്ച് തുടരാമെന്നു റവന്യു വകുപ്പിന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. 

2022 സെപ്റ്റംബർ: സാമൂഹികാഘാത പഠനം തുടരാൻ മുഖ്യമന്ത്രിയുടെ അനുമതി.

2022 നവംബർ: വായ്പാ നീക്കം പാളി; പദ്ധതിയിൽ അനിശ്ചിതത്വം

2022 നവംബർ: ഭൂമി ഏറ്റെടുക്കാനുള്ള റവന്യു ഉദ്യോഗസ്ഥരെ പിൻവലിക്കാനും കേന്ദ്ര സർക്കാർ അനുമതി ലഭിച്ച ശേഷം സാമൂഹികാഘാത പഠനം തുടരാനും റവന്യു അഡീഷനൽ ചീഫ് സെക്രട്ടറിയുടെ രേഖാമൂലമുള്ള നിർദേശം.

Content Highlight: Silver Line Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com