ADVERTISEMENT

തിരുവനന്തപുരം ∙ ഭൂമി തരം മാറ്റി നൽകാൻ റവന്യു ഡിവിഷനൽ ഓഫിസുകൾ കേന്ദ്രീകരിച്ച് ഇടനിലക്കാർ പ്രവർത്തിക്കുന്നെന്ന വിവരത്തെ തുടർന്നു വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കൊല്ലം പട്ടാഴിയിൽ വയൽ നികത്തിയ 15 സെന്റ്‌ ഭൂമിയിൽ ഹോട്ടൽ നിർമിച്ചു പ്രവർത്തിക്കുന്നതായും കാസർകോട് ആദിക്കരയിൽ ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട 50 സെന്റ് സ്ഥലം കൃഷി ഓഫിസറുടെ എതിർപ്പു മറികടന്നു കാഞ്ഞങ്ങാട് ആർഡിഒ കരഭൂമിയാക്കി മാറ്റി നൽകിയതായും കണ്ടെത്തി.

‘ഓപ്പറേഷൻ പ്രിസർവേഷൻ’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി ആർഡി ഓഫിസുകളിലും കൃഷി ഓഫിസുകളിലും ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി വൈകിയും തുടരുകയാണ്. 23 റവന്യു ഡിവിഷനൽ ഓഫിസുകളിലാണു പരിശോധന.

കോഴിക്കോട് ആർഡിഒ ഓഫിസിനു കീഴിലെ ഒളവണ്ണ പഞ്ചായത്തിലെ ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടതും അടുത്ത കാലത്തു നികത്തിയതുമായ 4 പ്ലോട്ടുകൾ കര ഭൂമിയാക്കി മാറ്റിക്കൊടുത്തതു കണ്ടെത്തി. വയനാട് പനമരത്ത് 17 സെന്റ് വയൽ ഭൂമി മാനന്തവാടി ആർഡിഒ കര ഭൂമിയാക്കി മാറ്റി നൽകി. പാലക്കാട് ആർഡിഒ ഓഫിസിൽ ഭൂമി തരം മാറ്റാൻ ലഭിച്ച 5500 അപേക്ഷകളിൽ 490 എണ്ണത്തിൽ മാത്രമേ തീരുമാനം എടുത്തിട്ടുള്ളൂ. വടകര ആർഡിഒ ഓഫിസിൽ 2019 ഫെബ്രുവരിക്കു ശേഷം ലഭിച്ച 6549 അപേക്ഷകളിൽ ഒരു നടപടിയും എടുത്തിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി.

റിയൽ എസ്റ്റേറ്റുകാർക്കു വേണ്ടി ഇടനിലക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 2008 ലെ നീർത്തട–തണ്ണീർത്തട സംരക്ഷണ നിയമം അട്ടിമറിച്ചു വ്യാപകമായി നിലം നികത്തി വ്യാപാര സമുച്ചയങ്ങൾ നിർമിക്കുന്നതായി വിജിലൻസിനു വിവരം ലഭിച്ചിരുന്നു. അപേക്ഷകനു വീടു വയ്ക്കാൻ പഞ്ചായത്ത് പരിധിയിൽ 10 സെന്റും മുനിസിപ്പാലിറ്റി / കോർപറേഷൻ പരിധിയിലാണെങ്കിൽ 5 സെന്റും ഭൂമി ഇല്ലെങ്കിൽ മാത്രം തരംമാറ്റി നൽകാമെന്ന് ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതു മറയാക്കി ചില ഉദ്യോഗസ്ഥർ നിയമം അട്ടിമറിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ചില ആർഡിഒമാർ വൻ തുക കൈക്കൂലി വാങ്ങി വ്യാപകമായി ഈ വ്യവസ്ഥ ദുരുപയോഗം ചെയ്തു നിലം പുരയിടമാക്കി മാറ്റിക്കൊടുക്കുന്നതായും അങ്ങനെ തരംമാറ്റിയ ഭൂമിയിൽ വ്യാപാര സമുച്ചയങ്ങൾ വരെ നിർമിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

നിലം നികത്തി കെട്ടിടങ്ങൾ നിർമിച്ച 51 സ്ഥലങ്ങൾ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. അവ ഇപ്പോൾ കൂടുതൽ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുകയാണ്. അതിനാണു കൃഷി ഓഫിസുകളിലും പഞ്ചായത്ത്‌ ഓഫിസുകളിലും മിന്നൽ സ്ഥല പരിശോധന നടത്തുന്നതെന്നു വിജിലൻസ് ഡയറക്ടർ മനോജ്‌ ഏബ്രഹാം അറിയിച്ചു.

English Summary: Vigilance raid in Revenue Division offices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com