ADVERTISEMENT

തിരുവനന്തപുരം ∙ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കുന്നതിനു സർക്കാർ കൊണ്ടുവരുന്ന ബിൽ യുജിസി മാനദണ്ഡത്തിനു വിരുദ്ധമാണെങ്കിൽ നിയമം ആകില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.  വിദ്യാർഥികളുടെ കാര്യത്തിൽ സർക്കാരിന് ആശങ്കയില്ല. അധികാരമാണ് അവരുടെ ലക്ഷ്യം. സ്വജനപക്ഷപാതമാണ് വേണ്ടത്.

ഗവർണറെ നീക്കാൻ ബിൽ കൊണ്ടുവരുന്നതു പാർട്ടി കേഡറുകളെ തൃപ്തിപ്പെടുത്താനാണ്. ചാൻസലറാണ് യൂണിവേഴ്സിറ്റിയുടെ തലവൻ. സർക്കാരല്ല. ഇതു വ്യക്തിപരമായ തർക്കമല്ല. സർവകലാശാലകളിൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായി കാര്യങ്ങൾ നടക്കണം. സ്വജനപക്ഷപാതമല്ല വേണ്ടത്. സാങ്കേതിക സർവകലാശാലാ വിസി നിയമനത്തിലും യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചേ കാര്യങ്ങൾ ചെയ്യാനാകൂ. 

കണ്ണൂർ വിസി സ്ഥിരം കുറ്റവാളിയാണെന്ന് ആവർത്തിച്ച ഗവർണർ, 3 തവണ വിസിക്ക് എതിരെ കോടതി വിധിയുണ്ടായെന്നു ചൂണ്ടിക്കാട്ടി. തനിക്കു ധാരാളം പരാതികൾ ലഭിക്കാറുണ്ടെന്നും അതെല്ലാം ഉചിതമായ പരിഗണനയ്ക്ക് എന്നു പറഞ്ഞു മുഖ്യമന്ത്രിക്കു കൈമാറുകയാണ് പതിവെന്നും ബിജെപി നേതാക്കൾക്കായി താൻ ശുപാർശ ചെയ്‌തെന്ന ആരോപണത്തിനു ഗവർണർ മറുപടി നൽകി. പരാതികൾ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കല്ലാതെ മറ്റെവിടേക്കാണ് അയയ്ക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

ബില്ലിൽ പ്രോട്ടോക്കോൾ പ്രശ്നമില്ലെന്ന് മന്ത്രി

ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ പുറത്താക്കാൻ കൊണ്ടുവരുന്ന ബില്ലിൽ പ്രോട്ടോക്കോൾ സംബന്ധിച്ച പ്രശ്നമില്ലെന്ന് മന്ത്രി ആർ.ബിന്ദു. സാങ്കേതിക കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതു നിയമസഭ പരിഗണിക്കുമെന്നും അവർ അറിയിച്ചു.

ഗവർണർക്കു പകരം പുറത്തു നിന്നുള്ള പ്രഗല്ഭരെ ചാൻസലർ ആക്കുമ്പോൾ ബന്ധപ്പെട്ട വകുപ്പു മന്ത്രി അവരുടെ കീഴിൽ പ്രോ ചാൻസലറായി ഇരിക്കേണ്ടി വരും. ഇത് ഉൾപ്പെടെ കൃഷി സെക്രട്ടറി ബി.അശോക് ബില്ലിനെതിരെ ഉന്നയിച്ച പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.

English Summary: Governor Arif Mohammad Khan on university bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com