ADVERTISEMENT

തിരുവനന്തപുരം∙ ജീവിത പങ്കാളിയായി ഒപ്പം കഴിയുകയായിരുന്ന യുവതിയെയും അവരിൽ ഉണ്ടായ കുഞ്ഞിനെയും കടലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയതാണെന്നു പ്രതിയുടെയും ഭാര്യയുടെയും കുറ്റസമ്മതം. ഊരുട്ടമ്പലത്തു നിന്നു 11 വർഷം മുൻപ് കാണാതായ പൂവച്ചൽ സ്വദേശി ദിവ്യ (22), മകൾ ഗൗരി (രണ്ടര) എന്നിവരുടെ കൊലപാതകക്കേസിൽ പൂവാർ സ്വദേശി മാഹിൻകണ്ണിനെയും ഭാര്യ റുഖിയയെയും അറസ്റ്റ് ചെയ്തു.

മാഹിൻകണ്ണിനെതിരെ കൊലക്കുറ്റത്തിനും റുഖിയയ്ക്കെതിരെ വധഗൂഢാലോചനയ്ക്കുമാണു കേസ് എടുത്തതെന്നു റൂറൽ എസ്പി ഡി.ശിൽപ അറിയിച്ചു. മകളെയും കൊച്ചുമകളെയും കാണാനില്ലെന്നു ദിവ്യയുടെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഇവരെ കൊലപ്പെടുത്താനും മാഹിൻകണ്ണ് ശ്രമിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.

2011 ഓഗസ്റ്റ് 18 നാണ് ഇരുവരെയും കാണാതാകുന്നത്. വിവാഹിതനാണെന്നതുൾപ്പെടെ വിവരങ്ങൾ മറച്ചുവച്ച് ദിവ്യയ്ക്കൊപ്പം കഴിയുകയായിരുന്നു മാഹിൻകണ്ണ്. അതിനിടെ ഇയാൾക്കു വേറെ കുടുംബമുണ്ടെന്നു ദിവ്യ അറിഞ്ഞു. തുടർന്നുണ്ടായ പ്രശ്നങ്ങളും വിവാഹം കഴിക്കണമെന്ന ദിവ്യയുടെ നിർബന്ധവും മൂലമാണു കൊലപ്പെടുത്തിയത് എന്നാണ് ഇയാളുടെ കുറ്റസമ്മതം. 

റുഖിയയുമായി ചേർന്നാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നു പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലെ ആളില്ലാത്തുറ എന്ന സ്ഥലത്തെത്തിച്ചു പിറകിൽ നിന്നു കടലിൽ തള്ളിയിടുകയായിരുന്നു. പ്രതിയുമായി ഒത്തുകളിച്ചു ലോക്കൽ പൊലീസ് എഴുതിത്തള്ളിയ കേസാണ് ഇപ്പോൾ ജില്ലാ ക്രൈംബ്രാഞ്ച് കൊലപാതകമെന്നു കണ്ടെത്തിയത്. വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടിയെടുത്തിട്ടില്ല.

പോയത് വേളാങ്കണ്ണിയിലേക്കെന്നു പറഞ്ഞ് 

വേളാങ്കണ്ണിയിൽ പോകാനെന്നു പറഞ്ഞാണു സംഭവദിവസം മാഹിൻകണ്ണ് ദിവ്യയ്ക്കും മകൾക്കുമൊപ്പം ഊരുട്ടമ്പലത്തെ വാടകവീട്ടിൽ നിന്നു പുറപ്പെട്ടത്. അവിചാരിതമായി അവിടെ എത്തിയ ദിവ്യയുടെ സഹോദരി ഇതു കണ്ടിരുന്നു. അന്നു തന്നെ കൊലപാതകം നടത്തിയതായാണു പൊലീസ് നിഗമനം. രണ്ടു ദിവസത്തിനു ശേഷം ഇവരുടെ മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു. ഇതു സംബന്ധിച്ച പത്രവാർത്ത കണ്ട മാഹിൻകണ്ണ് അവിടത്തെ ആശുപത്രി മോർച്ചറിയിലെത്തി അതു ദിവ്യയും കുഞ്ഞുമാണെന്നു സ്ഥിരീകരിച്ചിരുന്നു.

ബന്ധമൊഴിയാൻ താൻ പലവട്ടം ശ്രമിച്ചെങ്കിലും ദിവ്യ സമ്മതിച്ചില്ലെന്നാണ് ഇയാൾ പൊലീസിനു നൽകിയ മൊഴി. ദിവ്യയെ ഒഴിവാക്കണമെന്നു ഭാര്യയും സമ്മർദം ചെലുത്തി. തമിഴ്നാട്ടിലേക്കു കൊണ്ടുപോയി കടലിൽ തള്ളാൻ തങ്ങൾ കൂടിയാലോചിച്ചു തീരുമാനിച്ചതാണെന്നും ഇയാൾ പറഞ്ഞു. ഇരുവരെയും റൂറൽ എസ്പി ഓഫിസിലെത്തിച്ചു ചോദ്യം ചെയ്യുന്നതിനിടെയാണു സംഭവം നടന്നു നാലാം ദിവസം ദിവ്യയുടെ അമ്മയെയും അച്ഛനെയും പൂവാറിൽ വിളിച്ചുവരുത്താൻ ഇയാൾ ശ്രമിച്ചതായി വ്യക്തമായത്. ഇവരെയും അപായപ്പെടുത്താനായിരുന്നു നീക്കമെന്നാണു സൂചന.

മകളെ കാണാനില്ലെന്നും മാഹിൻകണ്ണിനെ സംശയമുണ്ടെന്നും മാറനല്ലൂർ പൊലീസിലും പൂവാർ പൊലീസിലും ഇവർ പരാതി നൽകിയ ദിവസമായിരുന്നു ഈ നീക്കം. അന്നു രാത്രി ഇയാൾ ദിവ്യയുടെ അമ്മ രാധയെ ഫോണിൽ വിളിച്ചതിന്റെ വിശദാംശങ്ങൾ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. 10 മിനിറ്റ് സംസാരിച്ചിരുന്നു.

English summary: Rukia also had a role in the murder; Mahin threw Divya and her daughter into the sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com