ADVERTISEMENT

വിഴിഞ്ഞം തുറമുഖ വിഷയത്തിൽ മുന്നോട്ടുവച്ച 7 ആവശ്യങ്ങളിൽ സംസ്ഥാന സർക്കാ‍ർ നൽകിയ വാഗ്ദാനങ്ങളി‍ലൊന്നു പോലും അംഗീകരിക്കാൻ കഴിയില്ലെന്നു വിഴിഞ്ഞം തുറമുഖ നിർമാണ വിരുദ്ധ സമരസമിതി. സർക്കാർ നിലപാട് എന്തുകൊണ്ടു സ്വീകാര്യമല്ലെന്നു സമരസമിതി സെക്രട്ടറി ഫാ.ഷാജിൻ ജോസ് പറയുന്നു.

 

1. തീരശോഷണ‍ത്തിനു ശാശ്വത പരിഹാരം വേണം

(സർക്കാർ പറയുന്നത്: വിദഗ്ധസമിതി റിപ്പോർട്ട് നൽകുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കും)

സമരസമിതി: ആരോപണങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാൻ വേണ്ടിയാണ്, പഠനത്തിനായി വിദഗ്ധസമിതിയെ നിയോഗിച്ചു‍വെന്നു പറയുന്നത്. മുതലപ്പൊഴി‍യിലെ വിഷയം പഠിക്കാനാണു വിദഗ്ധസമിതി. തീരശോഷണ‍ം പഠിക്കാൻ വിദഗ്ധസമിതി രൂപീകരിച്ചിട്ടില്ല. തീരം സംരക്ഷിക്കേണ്ടതിനെക്കുറിച്ച് 3 വർഷത്തിനിടെ മുഖ്യമന്ത്രിക്കും മറ്റുമായി 6 നിവേദനം നൽകി. ഒന്നും പരിഗണിച്ചില്ല. പൊഴിയൂർ, വലിയതുറ, അഞ്ചുതെങ്ങ് മേഖലകളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി വേണമെന്നു പറഞ്ഞെങ്കിലും രൂപരേഖപോലും ആയിട്ടില്ല. ജിയോ ട്യൂബ് ഉപയോഗിച്ച് തീരസംരക്ഷണം നടത്താമെന്നു 2019ൽ പറഞ്ഞെങ്കിലും നടപ്പാക്കിയിട്ടില്ല.

 

2. തീരശോഷണം മൂലം വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കു മാറിത്താമസിക്കാൻ വാടക നൽകണം

(സർക്കാർ പറയുന്നത്: 5,500 രൂപ മാസ‍വാടക നൽകുന്ന പദ്ധതിക്കു തുടക്കം കുറിച്ചു, 151 പേരുടെ അക്കൗണ്ടിലേക്ക് പണമെത്തി)

സമരസമിതി: 5,500 രൂപ മാസ‍വാടക നൽകുന്ന പദ്ധതി പ്രായോഗികമല്ല. ഗോഡൗണിൽ വസിക്കുന്ന 187 കുടുംബങ്ങളിൽ ഒന്നിനെപ്പോലും മാറ്റിപ്പാർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. കുന്നുകുഴി മേഖലയിൽ മാസ‍വാടകയായി നിശ്ചയിച്ചത് 7000 രൂപയാണ്. അതെങ്കിലും വിഴിഞ്ഞ‍ത്തും നൽകണം.

 

3. ശാശ്വത പുനരധിവാസ പദ്ധതി വേണം

(സർക്കാർ പറയുന്നത്: മുട്ടത്തറയിൽ 600 ലേറെ ഫ്ലാറ്റുകൾ നിർമിക്കും, ഇതിൽ 400 ഫ്ലാറ്റുകൾ നിർമിക്കുന്നതിന് 81 കോടി രൂപയുടെ എസ്റ്റിമേറ്റ് പരിഗണനയിൽ കൂടുതൽ ഫ്ലാറ്റ് നിർമാണത്തിനു പദ്ധതി, മാറിത്താമസിക്കാൻ തയാറായ 963 പേർക്ക് പുനർഗേഹം പദ്ധതി പ്രകാരം 10 ലക്ഷം രൂപ സഹായം നൽകും)

സമരസമിതി: തുറമുഖം വരുമ്പോൾ തീരശോഷണം മൂലം വീടും സ്ഥലവും നഷ്ടപ്പെടുമെന്ന ആശങ്ക അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാരിനെ അറിയിച്ചിരുന്നു. ഇതെത്തുടർന്ന് 475 കോടി രൂപയുടെ പുനരധിവാസ പാക്കേജും പ്രഖ്യാപിച്ചു. 300 കോടിയിൽ 150 കോടിക്കു സ്ഥല‍മെടുത്ത്, ബാക്കി 150 കോടിയിൽ വീടു നിർമിക്കുന്നതായിരുന്നു പദ്ധതി. ഒരാൾക്ക് 3 സെന്റിൽ വീട് എന്നായിരുന്നു വാഗ്ദാനം. പകരം ഫ്ലാറ്റ് നൽകുന്ന പദ്ധതിയാണു വന്നത്. നിർമിച്ച ചില ഫ്ലാറ്റുകൾ ചോരു‍ന്നു. ഫ്ലാറ്റ് വേണ്ട; 3 സെന്റിൽ വീടാണ് ആവശ്യം. ചർച്ചകൾ വഴിമുട്ടിയത് ഇതിലായിരുന്നു. ന്യായമായ ആവശ്യത്തെ കളിയാക്കുന്ന സമീപനമാണ് സർക്കാരിന്റേത്.

 

4. കാലാവസ്ഥാ മുന്നറിയിപ്പു കാരണം തൊഴിൽനഷ്ടം അനുഭവിച്ചവർക്ക് മിനിമം വേതനം നൽകണം

(സർക്കാർ പറയുന്നത്: മു‍ൻകാലത്തു സഹായവും സൗജന്യ റേഷനും ഭക്ഷ്യക്കിറ്റും നൽകിയിട്ടുണ്ട്, സാഹചര്യം കണക്കി‍ലെടുത്തു തുടർന്നും വിതരണം ചെയ്യും)

സമരസമിതി: ഇനിയും വിതരണം ചെയ്യുമെന്നാണു സർക്കാർ പറയുന്നത്. പക്ഷേ, എന്ത്, ഏത്, എങ്ങനെ എന്നതിൽ ഇതുവരെ ധാരണയില്ല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കു കുറച്ചെങ്കിലും ഉത്തരവാദിത്തം വേണം. 10ാം തീയതി ശക്തമായ കാറ്റുവീശാനിടയു‍ണ്ടെങ്കിൽ 5 ദിവസം മുൻപേ, കടലിൽ പോകാൻ പാടില്ലെന്ന് അതോറിറ്റി മുന്നറിയിപ്പു നൽകും. 15 വരെ മുന്നറിയിപ്പു നീട്ടും. ഒരു ദിവസത്തേക്കു വേണ്ടി 10 ദിവസമാണു മത്സ്യത്തൊഴിലാളികൾക്കു നഷ്ടമാകുന്നത്. ഇതിനിടെ, പട്ടിണി മാറ്റാൻ ആരെങ്കിലും കടലിൽ പോയാൽ മുന്നറിയിപ്പു ധിക്കരിച്ചെന്ന പേരിൽ പ്രശ്നമുണ്ടാക്കും. ചുഴലിക്കാറ്റുകൾ ഉണ്ടായപ്പോൾ 200 രൂപ വീതം ധനസഹായം നൽകിയിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പു പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ തൊഴിലുറപ്പു പദ്ധതിയി‍ൽപ്പെട്ടവർക്കു നൽകുന്ന മിനിമം വേതനമെങ്കിലും മത്സ്യത്തൊഴിലാളികൾക്കു നൽകണം.

 

5. മുതലപ്പൊ‍ഴിയിൽ അശാസ്ത്രീയമായി നിർമിച്ച ഫിഷിങ് ഹാർബർ മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കണം

(സർക്കാർ പറയുന്നത്: നടപടി തുടങ്ങി, ശാസ്ത്രീയ റിപ്പോർട്ട് തയാറാക്കാൻ പുണെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷനെ ചുമതലപ്പെടുത്തി)

സമരസമിതി: മുതലപ്പൊഴി‍യിലെ ഫിഷിങ് ഹാർബർ അശാസ്ത്രീയമായാണ് നിർമിച്ചത്. 68 പേരാണ് അവിടെ ഇതുവരെ മരിച്ചത്. ഇത് അന്നത്തെ ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയോട് അവതരിപ്പിച്ചപ്പോൾ ആഗോള ടെൻഡർ വിളിച്ച് അശാസ്ത്രീയത പരിഹരിക്കുമെന്നായിരുന്നു വാഗ്ദാനം. അതു നടന്നില്ല. ഇപ്പോഴും അവിടെ മത്സ്യത്തൊഴിലാളികൾ മരിച്ചു കൊണ്ടേ‍യിരിക്കുന്നു. വിഴിഞ്ഞ‍ത്തും വ്യത്യസ്തമല്ല. ഹാർബർ നിർമിക്കുംവരെ അതു സുരക്ഷിത തീര‍മായിരുന്നു. ഹാർബറി‍നുള്ളിലേക്ക് പോർട്ടിന്റെ പുലിമുട്ട് എത്തിയപ്പോൾ വ്യത്യസ്തമായി. തിരയി‍ളക്കത്തെ തുടർന്ന് 3 വർഷത്തിനിടെ 6 പേരാണ് വിഴി‍ഞ്ഞത്ത് മരിച്ചത്. ഒരാൾ മരിച്ചപ്പോൾ തന്നെ പഠനം നടത്താൻ സമരസമിതി ആവശ്യപ്പെട്ടു. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷ‍നെ സർക്കാർ ചുമതലപ്പെടുത്തി. കുഴപ്പമില്ലെന്നും തിരയിളക്കം ഉണ്ടാകില്ലെന്നുമായിരുന്നു റിപ്പോർട്ട്. മുതലപ്പൊ‍ഴിയിലെ അശാസ്ത്രീയത‍യെക്കുറിച്ചു പഠിക്കാൻ ഇപ്പോൾ ചുമതലപ്പെടുത്തി‍യത് ഇവരെ തന്നെയാണെന്ന വിരോധാ‍ഭാസവുമുണ്ട്. ഇപ്പോഴത്തെ പഠനം കൊണ്ട് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല.

 

6. മണ്ണെണ്ണവില കുറയ്ക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം, സബ്സിഡി വർധിപ്പിക്കണം

(സർക്കാർ പറയുന്നത്: കേന്ദ്ര സർക്കാരാണ് മണ്ണെണ്ണ വില നിശ്ചയിക്കുന്നത്, സബ്സിഡി അനുവദിക്കും)

സമരസമിതി: തമിഴ്നാട്ടിൽ ലീറ്ററിന് 25 രൂപയ്ക്ക് മത്സ്യത്തൊഴിലാളികൾക്കു മണ്ണെണ്ണ നൽകുന്നുണ്ട്. അതു നടപ്പാക്കിയാൽ മതി. തമിഴ്നാട്ടിൽ ഫിഷറീസ് വകുപ്പ്, ക്ഷേമനിധി, സംസ്ഥാന സർക്കാർ എന്നിവരുടെ സബ്സിഡി കൂടി ചേർത്താണു മത്സ്യത്തൊഴിലാളികൾക്ക് 25 രൂപയ്ക്ക് മണ്ണെണ്ണ കൊടുക്കുന്നത്. കേരളത്തിൽ സമര‍സമിതിയെ കളിയാക്കുന്ന തരത്തിലാണു സർക്കാരിന്റെ പ്രതികരണം.

 

7. തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണ‍ത്തെക്കുറിച്ചു പഠിക്കണം

(സർക്കാർ പറയുന്നത്: തീരശോഷണം പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചു, തുറമുഖ നിർമാണം നിർത്തിവയ്ക്കില്ല)

സമരസമിതി: ഞങ്ങളുടെ ആശങ്ക കൊണ്ടാണു തുറമുഖ നിർമാണം നിർത്തി പഠനം വേണമെന്നു പറയുന്നത്. എല്ലാ വർഷവും ഈ ആശങ്കയുണ്ടാകും. തുറമുഖത്ത് ഡ്രജിങ് നടക്കുമ്പോൾ, മൺസൂ‍ണിൽ തെക്കോട്ടൊ‍ഴുകുന്ന മണൽ തിരിച്ചുവരാൻ സാധിക്കാതെ ഞങ്ങളുടെ തീരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. തീരം നഷ്ടപ്പെടുമ്പോൾ വീടുകളും നഷ്ടപ്പെടും. തുറമുഖം നിർമിച്ചതുകൊണ്ടു തീരശോ‍ഷണം ഉണ്ടാകില്ലെന്നു വിദഗ്ധ സമിതി പറഞ്ഞാൽ അംഗീകരിക്കാം. പഠനമില്ലാതെ ആഗോള പ്രതിഭാസമാണെന്നു പറഞ്ഞാൽ അംഗീകരിക്കില്ല. തുറമുഖം വേണ്ടെന്നു സമരസമിതി പറഞ്ഞിട്ടില്ല, നിർമാണം നിർത്തിവച്ചു പഠിക്കണം.

 

 

English Summary: Interview with Vizhinjam protest committee member

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com