ADVERTISEMENT

ന്യൂഡൽഹി ∙ ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ട ഉദ്യോഗസ്ഥർക്കു മുൻകൂർ ജാമ്യം അനുവദിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി. ഇവരുടെ ജാമ്യാപേക്ഷ പുതുതായി കേൾക്കാൻ നിർദേശിച്ചു കൊണ്ടാണ് ജഡ്ജിമാരായ എം.ആർ.ഷാ, സി.ടി.രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നടപടി. എത്രയും വേഗം ജാമ്യാപേക്ഷയിൽ തീർപ്പുണ്ടാക്കാൻ നിർദേശിച്ച ബെഞ്ച്, ഹൈക്കോടതിക്ക് 4 ആഴ്ച നൽകി. തീരുമാനം ഉണ്ടാകുന്നതു വരെ, അന്വേഷണത്തോടു സഹകരിക്കുമെന്ന വ്യവസ്ഥയിൽ 5 ആഴ്ചത്തേക്ക് അറസ്റ്റ് സുപ്രീം കോടതി ത‍ടഞ്ഞു. 

മുൻ പൊലീസ് ഉദ്യോഗസ്ഥരായ എസ്.വിജയൻ, തമ്പി എസ്.ദുർഗാദത്ത്, ഇന്റലിജൻസ് ബ്യൂറോ മുൻ ഡപ്യൂട്ടി ഡയറക്ടർ (പിന്നീട് ഗുജറാത്ത് ഡിജിപി) ആർ.ബി.ശ്രീകുമാർ, മുൻ ഡപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫിസർ പി.എസ്.ജയപ്രകാശ് എന്നിവർക്കു കേരള ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതു ചോദ്യം ചെയ്ത് സിബിഐ ആണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

കേസിന്റെ വിശദാംശങ്ങളിലേക്കു കടന്നിട്ടില്ലെന്നു കോടതി വ്യക്തമാക്കി. പ്രതികൾക്കു നൽകിയ ഇടക്കാല ആശ്വാസം ഉൾപ്പെടെ പരിഗണിക്കാതെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാനാണു നിർദേശം. അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു സിബിഐക്കു വേണ്ടിയും കപിൽ സിബൽ, കാളീശ്വരം രാജ്, ജോജി സ്കറിയ എന്നിവർ ഉദ്യോഗസ്ഥർക്കു വേണ്ടിയും ഹാജരായി.

ഹൈക്കോടതിക്ക് പിഴവുപറ്റി: സുപ്രീം കോടതി

മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ എല്ലാ ഘടകങ്ങളും പരിഗണിക്കുന്നതിൽ കേരള ഹൈക്കോടതിക്കു പിഴവു പറ്റിയെന്നു സുപ്രീം കോടതി വിലയിരുത്തി. പ്രതികളായ ഉദ്യോഗസ്ഥർ പൊലീസിലും ഐബിയിലും പ്രവർത്തിക്കുമ്പോഴുള്ള അവരുടെ പങ്ക് പ്രത്യേകം പരിഗണിച്ചില്ല. ആരോപണങ്ങളുടെ സ്വഭാവവും പരിഗണിച്ചില്ല. എഫ്ഐആർ വൈകിയെന്ന വിലയിരുത്തലാണ് ഹൈക്കോടതി നടത്തിയത്. എന്നാൽ, സുപ്രീം കോടതി കേസിൽ നടത്തിയ നിരീക്ഷണങ്ങളും കോടതി നിയോഗിച്ച ഡി.കെ.ജെയിൻ സമിതിയുടെ ശുപാർശകളും അംഗീകരിക്കുന്നതിലും വീഴ്ചയുണ്ടായി.

English Summary: ISRO Espionage Case: Supreme Court Cancels Pre-arrest Bail For Accused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com