ADVERTISEMENT

തിരുവനന്തപുരം∙ ശശി തരൂരിന്റെ തെക്കൻ ജില്ലകളിലെ പര്യടന പരിപാടി ഇന്ന് ആരംഭിക്കും. മലബാർ പര്യടനം കോൺഗ്രസിൽ വൻ വിവാദം ഉയർത്തിയതിനാൽ അതിൽനിന്നു പാഠം ഉൾക്കൊണ്ടുള്ള സമീപനം ഇത്തവണ പാർട്ടിയും തരൂരും സ്വീകരിക്കാനാണ് എല്ലാ സാധ്യതയും. ഈ യാത്രയിൽ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചകൾക്കു നൽകുന്ന പ്രാധാന്യം ശ്രദ്ധേയമാണ്.

ഇന്ന് പാലായിൽ കെ.എം.ചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുന്ന തരൂർ പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെ കാണും. വൈകിട്ട് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് പരിപാടിയിലും പങ്കെടുക്കും. നാളെ പന്തളം കൊട്ടാരത്തിലും ക്ഷേത്രത്തിലും എത്തുന്ന തരൂർ വൈകിട്ട് മറൈൻ ഡ്രൈവിൽ ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ രജതജൂബിലി ആഘോഷത്തിൽ അതിഥിയാണ്. മറ്റന്നാൾ രാവിലെ കർദിനാൾ മാർ ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയും പര്യടന പരിപാടിയിൽ ഉണ്ട്.

ഡൽഹിയിൽനിന്ന് ഇന്നു രാവിലെ തിരുവനന്തപുരത്ത് എത്തുന്ന തരൂർ വെള്ളയമ്പലം ബിഷപ് ഹൗസിൽ എത്തി ചർച്ചയ്ക്കു ശ്രമിക്കുന്നുണ്ട്. വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തിൽ ഈ കൂടിക്കാഴ്ചയ്ക്കു പ്രാധാന്യമുണ്ട്.

പര്യടന പരിപാടിയിൽ കോൺഗ്രസ് നേതാക്കളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കാനാണ് തരൂരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. മലബാർ പര്യടനം ഏകോപിപ്പിച്ച എം.കെ.രാഘവൻ എംപി ഈ യാത്രയുടെ ഭാഗമാകാൻ ഇടയില്ല. ഗ്രൂപ്പ് ഉണ്ടാക്കാനുള്ള നീക്കമാണ് തരൂരും കൂട്ടരും നടത്തുന്നത് എന്ന ആക്ഷേപം കോൺഗ്രസിലെ പ്രബല വിഭാഗം ഉയർത്തുന്നതിനാൽ അതു കണക്കിലെടുത്താകും നീക്കം.

Content Highlight: Shashi Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com