പിഎസ്‌സി റാങ്ക് പട്ടികയിൽപെട്ടവരെ അനുനയിപ്പിക്കാൻ സിപിഎം നീക്കം

cpm-flag
SHARE

കൊല്ലം ∙ സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനം അരങ്ങു തകർക്കുമ്പോൾ സർക്കാർ ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാർഥികളെ അനുനയിപ്പിക്കാൻ സിപിഎം നീക്കം. പിഎസ്‌സി റാങ്ക് പട്ടികകളിൽ ഉൾപ്പെട്ടിട്ടുള്ളവരെ അതതു ജില്ലകളിൽ വിളിച്ചുവരുത്തി വിശദീകരണം നൽകാനാണു നിർദേശം. എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ഇത്തരം യോഗങ്ങൾ എല്ലാ ജില്ലകളിലും ആരംഭിച്ചു.

പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരെ എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ വിളിച്ചുകൂട്ടി സംഘടനയിലേക്ക് ആകർഷിക്കുന്ന പതിവു നേരത്തേയുണ്ടെങ്കിലും മാറിയ സാഹചര്യത്തിൽ ഉദ്യോഗാർഥികളുടെ രോഷം തണുപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇപ്പോഴത്തെ യോഗങ്ങൾക്കുണ്ട്. സ്ഥിരം തസ്തികകളിൽ ഒരിടത്തു പോലും താൽക്കാലിക നിയമനങ്ങൾ നടത്തുന്നില്ലെന്നും താൽക്കാലിക നിയമനം നടത്തുന്നുണ്ടെങ്കിൽ അതു നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണെന്നും എൻജിഒ യൂണിയൻ നേതാക്കൾ ഇത്തരം യോഗങ്ങളിൽ വിശദീകരിക്കുന്നു. കരാർ നിയമനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതു വിവിധ ആവശ്യങ്ങൾക്കായി രൂപീകരിച്ച മിഷനുകളിലാണെന്നുമാണു വിശദീകരണം. കോവിഡ്കാലത്തു നിയമന നടപടികൾ ഇഴഞ്ഞുവെങ്കിലും ഇനി അതിനു വേഗംവയ്ക്കുമെന്നും നേതാക്കൾ ഉറപ്പുനൽകുന്നു. എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് ഉൾപ്പെടെയുള്ള റാങ്ക് പട്ടികകളിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളെ വിവിധ ജില്ലകളിൽ വിളിച്ചുചേർത്തു.

ഉന്നത സിപിഎം നേതാക്കളുടെ മക്കളും ബന്ധുക്കളും അടക്കം വിവിധ വകുപ്പുകളിൽ നിയമനം തരപ്പെടുത്തിയ കഥകൾ പുറത്തുവന്നതിനു പിന്നാലെയാണ് ഉദ്യോഗാർഥികളെ മെരുക്കാൻ പാർട്ടി രംഗത്തിറങ്ങുന്നത്. തിരുവനന്തപുരം കോർപറേഷനിലെ കത്തുവിവാദം കൂടിയായപ്പോൾ വിവിധ റാങ്ക് പട്ടികകളിൽ ഉൾപ്പെട്ടവർ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരാൻ തുടങ്ങിയിട്ടുണ്ട്. ഇതു മുന്നിൽക്കണ്ടാണു റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനുകളിലെ പാർട്ടി അനുഭാവികളെ മുൻനിർത്തി യോഗങ്ങൾ വിളിക്കുന്നത്.

English Summary: CPM holds PSC rank holders meet 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS