രാഷ്ട്രീയക്കൊലയിലും ശിക്ഷാ ഇളവ്

SHARE

തിരുവനന്തപുരം ∙ ജീവപര്യന്തം തടവ് അനുഭവിക്കുന്ന രാഷ്ട്രീയ കുറ്റവാളികൾക്ക് 14 വർഷം തികഞ്ഞില്ലെങ്കിലും ഇനി ശിക്ഷയിൽ ഇളവ്.

കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ കുറ്റവാളികളെയും ശിക്ഷാ കാലാവധി ഇളവു ചെയ്തു വിട്ടയയ്ക്കാനുള്ള ഉത്തരവ് ആഭ്യന്തരവകുപ്പു പുറത്തിറക്കി. രാഷ്ട്രീയ കുറ്റവാളികൾക്കു കൊലക്കേസുകളിൽ 14 വർഷം ശിക്ഷ അനുഭവിക്കാതെ ഇളവു നൽകില്ലെന്ന 2018ലെ ഉത്തരവിലെ വ്യവസ്ഥ പുതിയ ഉത്തരവിൽനിന്ന് ഒഴിവാക്കി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രാഷ്ട്രീയ തടവുകാർക്ക് ഇതോടെ ഒരുവർഷം വരെ ഇളവു നൽകാം.

കഴിഞ്ഞ 23നു ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഇളവെങ്കിലും ഉത്തരവ് ഇറങ്ങിയതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വന്നത്. ജീവപര്യന്തം തടവുകാർ ഒഴികെയുള്ള രാഷ്ട്രീയ കുറ്റവാളികളുടെ ശിക്ഷ ഇളവു ചെയ്യുമെന്ന സൂചനയാണു മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത മന്ത്രിമാർ അന്നു നൽകിയിരുന്നത്.

ടി.പി.ചന്ദ്രശേഖരൻ വധം ഉൾപ്പെടെയുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെ വിട്ടയയ്ക്കാനാണു മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും ശ്രമിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ടി.പി.കേസിൽ കൊടി സുനി, റഫീഖ്, കിർമാണി മനോജ്, ട്രൗസർ മനോജൻ, അണ്ണൻ സിജിത് തുടങ്ങി 10 പേർ ജീവപര്യന്തം ശിക്ഷ നേരിടുന്നവരാണ്. ജനുവരിയിൽ ഇവരുടെ ശിക്ഷാ കാലാവധി 9 വർഷം പിന്നിടും. പലരും ഇക്കാലയളവിനിടെ ദീർഘകാലം പരോളിൽ പുറത്തുമായിരുന്നു.

റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിലാണ് ശിക്ഷാ ഇളവ് അനുവദിക്കാറുള്ളത്. ശിക്ഷാ കാലാവധി അനുസരിച്ച് 15 ദിവസം മുതൽ ഒരു വർഷംവരെ ഇളവു ലഭിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും പീഡനക്കൊലപാതകങ്ങൾ, വർഗീയസംഘർഷക്കൊലകൾ, ലഹരിമരുന്നു കടത്ത്, സ്ത്രീധനക്കൊലപാതകം തുടങ്ങിയ കേസുകളിൽ തുടർന്നും ഇളവുണ്ടാകില്ല.

15 ദിവസം മുതൽ ഒരുവർഷം വരെ ശിക്ഷാ കാലാവധി അനുസരിച്ചുള്ള ഇളവുകൾ ഇപ്രകാരം:

3 മാസം വരെ ശിക്ഷ  15 ദിവസം ഇളവ്

3–6 മാസം ഒരു മാസം

6 മാസം – ഒരു വർഷം 2 മാസം

1–2 വർഷം  3 മാസം

2–5 വർഷം 4 മാസം

5–10 വർഷം  5 മാസം

ജീവപര്യന്തം  ഒരു വർഷം

English Summary: Imprisonment relaxation for political murder convicted

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS