ADVERTISEMENT

കോഴിക്കോട് ∙ പഞ്ചാബ് നാഷനൽ ബാങ്കിലെ മുൻ മാനേജർ നടത്തിയ തട്ടിപ്പിൽ കോർപറേഷന്റെ 7 അക്കൗണ്ടുകൾക്കു പുറമേ 10 വ്യക്തിഗത അക്കൗണ്ടുകളിൽ നിന്നും പണം നഷ്ടമായി.  ഇതിൽ 5  അക്കൗണ്ടുകളിലേക്ക് പിൻവലിച്ച പണം തിരികെയെത്തിയിട്ടുണ്ട്. 5 അക്കൗണ്ടുകളിൽ നിന്നു പണം നഷ്ടമായി. ഒരു അക്കൗണ്ടിൽ നിന്നു മാത്രം 18 ലക്ഷം രൂപ നഷ്ടമായിട്ടുണ്ട്. പണം നഷ്ടപ്പെട്ടത് കോർപറേഷനു മാത്രമല്ലെന്നു ബാങ്കിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലും വ്യക്തമായി. എന്നാൽ എത്ര തുക നഷ്ടമായിട്ടുണ്ടെന്നു ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. 

അതേസമയം  നഷ്ടമായി എന്നു കോർപറേഷൻ പറയുന്ന തുകയും ബാങ്കിന്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയ തുകയും തമ്മിൽ പൊരുത്തമില്ലെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന സൂചന. 7 അക്കൗണ്ടുകളിൽ നിന്നായി 15.24 കോടി രൂപ നഷ്ടമായെന്നാണ് കഴിഞ്ഞ ദിവസം മേയർ പറഞ്ഞത്. എന്നാൽ 12 കോടിയോളം രൂപയാണു നഷ്ടമായത് എന്നാണ് ബാങ്കിന്റെ  ഇതുവരെയുള്ള ഓഡിറ്റിൽ കണ്ടെത്തിയത്.  പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിലും 12 കോടിയോളം രൂപ നഷ്ടമായതായാണു കണ്ടെത്തൽ.

നഷ്ടപ്പെട്ട മുഴുവൻ തുകയും തിങ്കളാഴ്ചയ്ക്കുള്ളിൽ തിരികെ നൽകണമെന്ന ആവശ്യം കോർപറേഷൻ ഇന്നലെയും ആവർത്തിച്ചു. ഇല്ലെങ്കിൽ ചൊവ്വാഴ്ച നഗരത്തിലെ പിഎൻബി ശാഖകളുടെ പ്രവർത്തനം സ്തംഭിപ്പിക്കുമെന്നു എൽഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. 

പഞ്ചാബ് നാഷനൽ ബാങ്ക് കോഴിക്കോട് ലിങ്ക് റോഡ് ശാഖ മുൻ മാനേജർ എം.പി.റിജിലാണ് പണം തട്ടിയെടുത്തതെന്നാണ് കേസ്.  വിവിധ അക്കൗണ്ടുകളിലെ പണം റിജിൽ ഇതേ ബാങ്കിൽ തന്റെ പിതാവിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റുകയും പിന്നീട് ആക്സിസ് ബാങ്കിൽ തന്റെ പേരിലുള്ള ട്രേഡിങ് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു എന്നാണ് കണ്ടെത്തൽ. റിജിൽ ജില്ലാ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് നാളത്തേക്കു മാറ്റി. ഇന്നലെ ഹർജി പരിഗണിച്ചെങ്കിലും പൊലീസ് റിപ്പോർട്ട് സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടതിനാൽ നീട്ടുകയായിരുന്നു. സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേസ് അന്വേഷിച്ചിരുന്ന ടൗൺ പൊലീസ് ഇതുവരെയുള്ള അന്വേഷണറിപ്പോർട്ട് കൈമാറി.

 

English Summary: Kozhikode corporation scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com