ADVERTISEMENT

തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖം, കോർപറേഷൻ കത്ത് വിവാദം വിഷയങ്ങളിലെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം ഇന്നു തുടങ്ങുമ്പോൾ സർക്കാരും സിപിഎമ്മും അനുനയ നീക്കത്തിലേക്ക്. കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവായും മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ ദിവസമുണ്ടായ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇന്നലെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോയെ കണ്ടു.

അര മണിക്കൂറോളം ആർച്ച് ബിഷപ് ഹൗസിൽ ഇരുവരും ചർച്ച നടത്തി. വിഴിഞ്ഞം തുറമുഖവിരുദ്ധ സമരസമിതി ജനറൽ കൺവീനർ മോൺ.യൂജിൻ എച്ച്.പെ‍രേരയും പങ്കെടുത്തു. ലത്തീൻ സഭയും നിലപാടിൽ അയവു വരുത്തി. വിഴിഞ്ഞം തുറമുഖ നിർമാണം സ്ഥിരമായി നിർത്തണമെന്ന് ആവശ്യപ്പെട്ടി‍ട്ടില്ലെന്നു വ്യക്തമാക്കുന്ന സർക്കുലർ സഭയുടെ പള്ളികളിൽ വായിച്ചു. സമര‍സമിതിയെയും അതിരൂപതാ നേതൃത്വത്തെയും പങ്കെടുപ്പിച്ച് സർക്കാർ വിശദമായ ചർച്ചയ്ക്ക് ഒരുങ്ങുകയാണെന്നാണു സൂചന.

മേയറുടെ കത്തു വിവാദത്തി‍ൽ മന്ത്രി എം.ബി.രാജേഷ് ഇന്നു വൈകിട്ട് 4ന് രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചു. നഗരസഭ കൗൺസിലിൽ പ്രാതിനിധ്യമുള്ള കക്ഷികളുമായാണു ചർച്ച. സഭയ്ക്കുള്ളിലും പുറത്തും കത്ത് വിവാദം ഉയർത്തി പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാ‍നിച്ചിരുന്നു.

നാളെ ഈ വിഷയം യുഡി എഫ് അടിയന്തര പ്രമേയമായി സഭയിൽ ഉന്നയിക്കാനിരിക്കുകയാണ്. ചർച്ചയിൽ പങ്കെടുക്കുമെന്നും എന്നാൽ മേയർ രാജിവയ്ക്കണമെന്ന ആവശ്യത്തിൽ നിന്നു പിന്നോട്ടുപോകില്ലെന്നും നേതാക്കൾ അറിയിച്ചു.

 

English Summary: Government mulls on Vizhinjam and letter row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com