ADVERTISEMENT

കൊല്ലം ∙ അർധരാത്രി 12ന് ഒഴിവ് റിപ്പോർട്ട് ചെയ്തു നിഷ ബാലകൃഷ്ണൻ എന്ന യുവതിയുടെ ജോലി നഷ്ടപ്പെടുത്തിയ സംഭവം ആസൂത്രിതമെന്നു വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. മന്ത്രി എം.ബി.രാജേഷ് നൽകിയ വിശദീകരണത്തിൽ അപ്പാടെ പൊരുത്തക്കേടുകളാണെന്നും വിലയിരുത്തൽ.

എന്തിന് കാത്തിരുന്നു?

എറണാകുളം, കണ്ണൂർ പിഎസ്‌സി ഓഫിസുകളിലേക്ക് ഒഴിവു റിപ്പോർട്ട് ചെയ്തു മെയിൽ അയയ്ക്കുന്നത് അർധരാത്രി കൃത്യം 12നാണെന്നു മന്ത്രി കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. അതുവരെ കാത്തിരിക്കേണ്ട എന്തു കാര്യമായിരുന്നു ഉദ്യോഗസ്ഥർക്കെന്ന ചോദ്യമുയരുന്നു. ഉദ്യോഗസ്ഥർ അവധി ദിനങ്ങളിൽ ഓഫിസിലെത്തിയും അർധരാത്രി വരെ ജോലി ചെയ്തും ഒഴിവുകൾ റിപ്പോർട്ട് ചെയ്തുവെന്നാണു മന്ത്രി പറഞ്ഞത്. കൊച്ചി കോർപറേഷനിലെ ഒഴിവ് നഗരകാര്യ ഡയറക്ടറുടെ ഓഫിസിൽ അറിയിക്കുന്നത് 2018 മാർച്ച് 28ന്. വേണമെങ്കിൽ അന്നു തന്നെ ഉദ്യോഗസ്ഥർക്ക് ഈ ഒഴിവ് പിഎസ്‌സിയെ അറിയിക്കാമായിരുന്നു. 29നും 30നും പൊതുഅവധി നേരത്തേ പ്രഖ്യാപിച്ചതാണ്. എന്നിട്ടും 31ന് അർധരാത്രി വരെ താമസിപ്പിച്ചു.

ഗുരുതര അനാസ്ഥ

കണ്ണൂരിലേക്കും എറണാകുളത്തേക്കുമുള്ള 2 മെയിലുകളും വ്യത്യസ്ത അറ്റാച്ച്മെന്റുകളും (ഒഴിവ് റിപ്പോർട്ട് ചെയ്തു കൊണ്ടുള്ള കത്തുകൾ) വ്യത്യസ്ത സബ്ജക്ട് ലൈനുകളും (മെയിലിന്റെ വിഷയം സൂചിപ്പിക്കുന്നത്) ഉള്ളവയാണ്. രണ്ടിടത്തേക്കും വ്യത്യസ്ത അറ്റാച്ച്മെന്റുകളും സബ്ജക്ട് ലൈനുകളും ചേർത്തു കൃത്യം 12നു തന്നെ അയച്ചുവെന്നതു വിശ്വസനീയമല്ലെന്നു സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒന്നുകിൽ 2 മെയിലുകളും നേരത്തേ തയാറാക്കി ഡ്രാഫ്റ്റിൽ സേവ് ചെയ്ത ശേഷം 12ന് അയയ്ക്കണം. അല്ലെങ്കിൽ 12ന് ഓട്ടമാറ്റിക് ആയി മെയിൽ പോകാൻ കഴിയുന്ന രീതിയിൽ ഷെഡ്യൂൾഡ് മെയിൽ നേരത്തേ തയാറാക്കി വയ്ക്കണം.  രണ്ടാണെങ്കിലും 12 വരെ വച്ചു താമസിപ്പിച്ചത് കൃത്യവിലോപമാണ്.

 

നിയമസഭയിൽ ന്യായീകരണം ഇല്ലാതെ മന്ത്രി

തിരുവനന്തപുരം ∙ നിഷ ബാലകൃഷ്ണന് പിഎസ്‌സി വഴിയുള്ള ജോലി നഷ്ടപ്പെട്ട സംഭവത്തെക്കുറിച്ച് നിയമസഭയിൽ ന്യായീകരണം ഇല്ലാതെ മന്ത്രി എം.ബി.രാജേഷ്. ‘മനോരമ’ പുറത്തുകൊണ്ടു വന്ന സംഭവം തെറ്റാണെന്നും ഉദ്യോഗസ്ഥനു വീഴ്ചയുണ്ടായിട്ടില്ലെന്നും ഞായറാഴ്ച ഫെയ്സ്ബുക്കിൽ കുറിപ്പിട്ട മന്ത്രി ഇന്നലെ ഇതേക്കുറിച്ചു മൗനം പാലിച്ചു. അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച പി.സി.വിഷ്ണുനാഥാണ് വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പിൻവാതിൽ നിയമനങ്ങളെക്കുറിച്ചുള്ള മനോരമയുടെ മുഖപ്രസംഗം സഭയിൽ‌ ചൂണ്ടിക്കാട്ടിയ വിഷ്ണുനാഥ്, ‘എന്റെ സ്വപ്നം തകർത്തിട്ട് എന്തു നേടി’ എന്ന നിഷയുടെ ചോദ്യത്തിന് സർക്കാർ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു. വിഷ്ണുനാഥിന്റെ മറ്റെല്ലാ ആരോപണങ്ങൾ‌ക്കും മറുപടി നൽ‌കിയ മന്ത്രി നിഷയുടെ നിയമനത്തിലേക്കു കടക്കാൻ തയാറായില്ല. 

 

തദ്ദേശ വകുപ്പ് ഡയറക്ടറെ ഉപരോധിച്ചു

തിരുവനന്തപുരം ∙ പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അർധരാത്രി ഒഴിവു റിപ്പോർട്ട് ചെയ്ത് ഉദ്യോഗാർഥി നിഷയുടെ അവസരം നഷ്ടപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ആർവൈഎഫ് പ്രവർത്തകർ തദ്ദേശ വകുപ്പ് (അർബൻ) ഡയറക്ടർ അരുൺ കെ.വിജയനെ ഉപരോധിച്ചു. ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ ആവശ്യപ്പെട്ടായിരുന്നു ഉപരോധം.

 

നിയമനപ്രശ്നം: പിഎസ്‌സി പ്രതികരിച്ചില്ല

തിരുവനന്തപുരം ∙ നിഷ ബാലകൃഷ്ണനു സർക്കാർ ജോലി നഷ്ടപ്പെട്ട സംഭവത്തിൽ പിഎസ്‍സി ചെയർമാനോ മറ്റു പിഎസ്‍സി അധികൃതരോ പ്രതികരിച്ചില്ല. പിഎസ്‍സിക്ക് ഇക്കാര്യത്തിൽ നിയമപരമായും അല്ലാതെയും ഒട്ടേറെ പരിമിതികൾ ഉള്ള സാഹചര്യത്തിലാണു പ്രതികരിക്കാത്തത് എന്ന് അറിയുന്നു.

English Summary: Kollam Nisha job issue in assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com