നിഷയ്ക്ക് നിയമനം നിഷേധിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ശ്രമം; മന്ത്രിയുടെ വിശദീകരണവും പൊളിഞ്ഞു

nisha-metro-06
2018 മാർച്ചിൽ സെക്രട്ടേറിയറ്റിനു മുന്നിൽ റാങ്ക് ഹോൾഡർമാർ നടത്തിയ പ്രതീകാത്മക മണ്ണുസദ്യയിൽ നിഷ ബാലകൃഷ്ണൻ പങ്കെടുക്കുന്ന ചിത്രം. പച്ച ഷാൾ കൊണ്ടു തല മൂടിയിരിക്കുന്നതാണു നിഷ. 2018 മാർച്ച് 22 നു പ്രസിദ്ധീകരിച്ച ചിത്രം.
SHARE

കൊല്ലം ∙ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന ദിവസം അർധരാത്രി 12ന് ഒഴിവു റിപ്പോർട്ട് ചെയ്തു യുവതിയുടെ ജോലി നഷ്ടപ്പെടുത്തിയ സംഭവത്തിൽ നഗരകാര്യ ഡയറക്ടർ ഓഫിസിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ സർക്കാർ നീക്കം. ഇവർ സർക്കാർ അനുകൂല സംഘടനയിൽപ്പെട്ടവരായതാണു കാരണമെന്നും ആരോപണമുയരുന്നു. സംഭവത്തിൽ പിഎസ്‌സിയെ പഴിചാരി കൈകഴുകാൻ ശ്രമിച്ച മന്ത്രി എം.ബി.രാജേഷ്, ഉദ്യോഗാർഥികളുടെ സമരം സംബന്ധിച്ച് ഉന്നയിച്ച വാദവും അടിസ്ഥാനരഹിതമായി. മന്ത്രിയുടെ വിശദീകരണവും അതിലെ പൊള്ളത്തരങ്ങളും ഇങ്ങനെ:

1. നിയമന റിപ്പോർട്ടിങ്

മന്ത്രിയുടെ വാദം: ജോലി നിഷേധിക്കപ്പെട്ട കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള ഉദ്യോഗാർഥികളുടെ റാങ്ക്‌ലിസ്റ്റിന്റെ കാലാവധി തീരുന്ന 2018 മാർച്ച് 31ന് 14 ജില്ലകളിലെയും ക്ലാർക്കുമാരുടെ നിയമനച്ചുമതലയുള്ള ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു. വകുപ്പു തലവന്റെ അനുമതി ലഭിക്കാൻ അദ്ദേഹത്തിന്റെ താമസസ്ഥലത്തു പോയി രാത്രി 11.30നാണ്‌ ഒപ്പിട്ടുവാങ്ങിയത്‌. തുടർന്ന് 11.36 മുതൽ എല്ലാ ജില്ലാ ഓഫിസിലേക്കും ഇമെയിൽ വഴി ഒഴിവ് റിപ്പോർട്ട് ചെയ്തു. കണ്ണൂർ, എറണാകുളം ജില്ലകൾക്ക് അയച്ചത് രാത്രി 12 നാണ്‌. കണ്ണൂരിൽ നിയമനം നൽകി. എറണാകുളത്തു മെയിൽ കിട്ടിയതു 12.04ന് ആണെന്നു പറഞ്ഞ് പിഎസ്‌സി നിയമനം നൽകിയില്ല. 

മറുപടി: രാവിലെ 10 മുതൽ തുറന്നിരിക്കുന്ന ഓഫിസിൽനിന്ന് ഒഴിവു റിപ്പോർട്ട് ചെയ്യാൻ അനുമതി തേടി രാത്രി 11.30നു വകുപ്പു തലവന്റെ താമസസ്ഥലത്തു പോകുന്നതെന്തിന് ?  മാത്രവുമല്ല, നിഷ ഉൾപ്പെടെയുള്ള ഉദ്യോഗാർഥികൾ 2018 മാർച്ച് 28നു തന്നെ തിരുവനന്തപുരത്തെ നഗരകാര്യ ഡയറക്ടർ ഓഫിസിലെത്തി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം കൈകാര്യം  ചെയ്തിരുന്ന ക്ലാർക്ക് ബിനുരാജിനോട് ഒഴിവ് അന്നു തന്നെ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുന്ന കാര്യം ഓർമിപ്പിച്ചിരുന്നതാണ്. 29നും 30നും അവധിയായിരുന്നു. 31നു പകൽ പലതവണ ഉദ്യോഗസ്ഥനെ വിളിച്ചപ്പോഴെല്ലാം ‘ചെയ്യാം’ എന്നായിരുന്നു മറുപടി. ഉച്ചയ്ക്കുശേഷം വിളിച്ചപ്പോൾ ഫോൺ എടുത്തതുമില്ല.

2. സമരത്തിനുള്ള പ്രതികാരം

മന്ത്രിയുടെ വാദം: റാങ്ക്‌ ഹോൾഡർമാരുടെ സമരം നടന്നത്‌ 2021 ജനുവരി– ഫെബ്രുവരിയിലാണ്. ഈ സമരത്തിൽ പങ്കെടുത്തതിന്‌, 3 വർഷം മുൻപേ അവസാനിച്ച റാങ്ക്‌ ലിസ്റ്റിലെ ഉദ്യോഗാർഥിക്കു ജോലി നിഷേധിച്ചെന്ന ആരോപണം ശുദ്ധ അസംബന്ധമാണ്‌.

മറുപടി: 2018 മാർച്ചിൽ സെക്രട്ടേറിയറ്റിനു മുന്നിൽ റാങ്ക് ഹോൾഡർമാരുടെ സമരത്തിൽ നിഷ ഉൾപ്പെടെ പങ്കെടുത്തതിന് ഈ റിപ്പോർട്ടിനൊപ്പമുള്ള ചിത്രം തന്നെ തെളിവ്. ലിസ്റ്റ് കാലാവധി 31നു തീരാനിരിക്കെ നിയമനം വേഗത്തിലാക്കണമെന്നായിരുന്നു ആവശ്യം.

English Summary: Kollam Nisha's PSC appointment row

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS