ADVERTISEMENT

കോഴിക്കോട് ∙ പഞ്ചാബ് നാഷനൽ ബാങ്ക് മാനേജരായിരുന്ന എം.പി.റിജിൽ വിവിധ അക്കൗണ്ടുകളിൽ നിന്നായി തട്ടിയെടുത്തതു 12.68 കോടി രൂപയാണെന്നു ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇതിൽ 12.60 കോടി രൂപയും കോർപറേഷന്റെ 8 അക്കൗണ്ടുകളിൽ നിന്നാണ്. കോർപറേഷനു പുറമേ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുടേതടക്കം 17 അക്കൗണ്ടുകളിലായി 21.29 കോടി രൂപയുടെ  തിരിമറിയാണു നടത്തിയെങ്കിലും അത്രയും തുക നഷ്ടമായിട്ടില്ല. ചില അക്കൗണ്ടുകളിൽനിന്നു മറ്റ് അക്കൗണ്ടുകളിലേക്കു പണം മാറ്റുകയായിരുന്നുവെന്നും കണ്ടെത്തി.

തട്ടിപ്പ് നടന്ന ലിങ്ക് റോഡ് ശാഖയിലെത്തി ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രേഖകൾ പരിശോധിച്ചു. ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ടി.എ.ആന്റണി, എസ്ഐമാരായ സി.ഷൈജു, പി.കെ.അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധന രണ്ടു മണിക്കൂറോളം നീണ്ടു. ബാങ്ക് ഓഡിറ്റ് റിപ്പോർട്ട്, കോർപറേഷൻ അക്കൗണ്ട്സ് വിഭാഗത്തിൽ നിന്നു ശേഖരിച്ച വിവരങ്ങൾ എന്നിവ ഒത്തുനോക്കിയാണു കോർപറേഷന്റെ നഷ്ടം സ്ഥിരീകരിച്ചത്. കോർപറേഷൻ അഡീഷനൽ സെക്രട്ടറി അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് സംഘം ബാങ്കിലേക്കു വിളിച്ചു വരുത്തിയിരുന്നു. 

കോർപറേഷനു നഷ്ടമായ തുകയിൽ 2.53 കോടി രൂപ ബാങ്ക് തിരികെ നൽകി. ഇനി 10.07 കോടി രൂപയും അതിന്റെ പലിശയുമാണു  കോർപറേഷനു കിട്ടാനുള്ളത്. വിവിധ അക്കൗണ്ടുകളിൽ നിന്നു നഷ്ടമായ തുക തിരികെ നൽകാൻ നടപടി തുടങ്ങിയതായി ബാങ്ക് അധികൃതർ ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു. 

റിജിൽ പണം ചെലവിട്ട വഴി കണ്ടെത്തുക, പണം തിരിച്ചു പിടിക്കുക, റിജിലിനെ അറസ്റ്റ് ചെയ്യുക തുടങ്ങിയവയാണ് ഇനി ക്രൈംബ്രാഞ്ച് സംഘത്തിനു ചെയ്യാനുള്ളത്. റിജിലിന്റെ മു‍ൻകൂർ ജാമ്യഹർജിയിൽ സെഷൻസ് കോടതി 8നു വിധി പറയും. തട്ടിപ്പിനുള്ള ഗൂഢാലോചനയിൽ കോർപറേഷനും ബാങ്ക് ഉന്നതർക്കും പങ്കുണ്ടെന്നു റിജിൽ ജാമ്യാപേക്ഷയിൽ പറയുന്നു.

 

English Summary: Kozhikode PNB scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com