ADVERTISEMENT

കൊച്ചി ∙ മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് എടുത്തുയർത്തിയ മഹാദേവന്റെ കൈപിടിച്ചു ശ്രീജമോൾ ഒരു നിമിഷം നിന്നു. ശ്രീജമോൾ അതിനു മുൻപു മഹാദേവനെ കണ്ടിട്ടില്ല. മഹാദേവനു പക്ഷേ, ശ്രീജയെ നന്നായറിയാം. 11 മാസം മുൻപ് വൈറ്റില റെയിൽവേ മേൽപ്പാലത്തിനു മുകളിൽ കാർ സ്കൂട്ടറിലിടിച്ച് രക്തംവാർന്ന് അബോധാവസ്ഥയിലായ ശ്രീജയെ ആശുപത്രിയിലെത്തിച്ചത് മഹാദേവനാണ്. എറണാകുളം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ (എൻഐഒ) പ്രോജക്ട് അസിസ്റ്റന്റാണ് തൃപ്പൂണിത്തുറ പുതിയകാവ് സ്വദേശി കെ.സി.ശ്രീജമോൾ (32).

ജനുവരി 10നു രാവിലെ ഏഴരയ്ക്കായിരുന്നു അപകടം. ഇടിച്ച കാറും മറ്റു വാഹനങ്ങളും നിർത്താതെ പോയി. പാലത്തിനു താഴേക്കൂടി പണി സ്ഥലത്തേക്കു നടന്നു പോകുകയായിരുന്ന കൂലിപ്പണിക്കാരനായ മഹാദേവൻ, അപകടത്തിന്റെ ശബ്ദം കേട്ട് ഓടി മുകളിലെത്തുമ്പോൾ നടപ്പാതയിൽ തലയിടിച്ചു വീണ്, രക്തം വാർന്നു ബോധം നഷ്ടപ്പെട്ട ശ്രീജയെയാണു കാണുന്നത്. രക്തത്തിൽ കുളിച്ചു കിടക്കുന്ന ശ്രീജയെ കൈകളിൽ കോരിയെടുത്തു റോഡിനു നടുവിലേക്കു നീങ്ങി. ഇതുകണ്ടു നിർത്തിയ കാറിൽ കയറ്റി മെഡിക്കൽ സെന്ററിലെത്തിച്ചു. 

പിന്നീട് 16 ദിവസം ഐസിയുവിൽ അബോധാവസ്ഥയിലായിരുന്നു ശ്രീജ. തലയിൽ 2 ശസ്ത്രക്രിയകൾ. ബോധം വീണ്ടെടുത്തപ്പോഴും ഓർമ മങ്ങി. പിന്നീട് മെല്ലെ ജീവിതത്തിലേക്കു പിച്ചവച്ചു. വീണ്ടും ജോലിക്കു പോയിത്തുടങ്ങി. ശ്രീജയെ ആശുപത്രിയിലെത്തിക്കുമ്പോൾ മഹാദേവൻ സ്വന്തം നമ്പർ അവിടെ നൽകിയിരുന്നു. അതുവഴിയാണ് രക്ഷകനെ കണ്ടെത്തിയത്. വൈറ്റില ആർഎസ്എ‌സി റോഡിലുള്ള മഹാദേവന്റെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം ശ്രീജയെത്തി; രക്ഷകന്റെ കൈപിടിച്ച് ഹൃദയംനിറഞ്ഞ നന്ദി അറിയിച്ചു. മഹാദേവന്റെ ഭാര്യ മായയും മകൾ ആതിരയും ആ കൂടിക്കാഴ്ചയ്ക്കു സാക്ഷികളായി.

English Summary: Accident survivors meet rescuer in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com