ADVERTISEMENT

തിരുവനന്തപുരം ∙ വിഴിഞ്ഞം സമരം മൂലം അദാനി പോർട്സിനുണ്ടായ നഷ്ടം സർക്കാർ സമരക്കാരിൽനിന്ന് ഈടാക്കില്ല. സമരം അവസാനിച്ച സ്ഥിതിക്ക് ഇനി പ്രകോപിപ്പിക്കേണ്ടതില്ലെന്നാണു തീരുമാനം. സമരം 140 ദിവസം നീണ്ടെങ്കിലും തുറമുഖം ഉപരോധിച്ചുകൊണ്ടുള്ള പ്രതിഷേധം 110 ദിവസമാണുണ്ടായിരുന്നത്. ഇതനുസരിച്ചാണ് അദാനി പോർട്സ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. ദിവസം 2 കോടി രൂപ വീതം 110 ദിവസം കൊണ്ട് 220 കോടിയുടെ നഷ്ടം സംഭവിച്ചെന്നാണു കമ്പനിയുടെ വാദം. ഓരോ ഇനത്തിലും കൃത്യമായി എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന റിപ്പോർട്ട് നൽകാൻ സർക്കാർ ആവശ്യപ്പെട്ടു.

സമരം തീർന്നെങ്കിലും നഷ്ടം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ കമ്പനിയോടു വിട്ടുവീഴ്ച ചെയ്യേണ്ടിവരും. 2015 ഓഗസ്റ്റിൽ തുടങ്ങിയ നിർമാണത്തിന്റെ ആദ്യഘട്ടം 2019 ഡിസംബർ മൂന്നിനു പൂർത്തിയാകേണ്ടതായിരുന്നു. നിർമാണ കാലാവധി കഴിഞ്ഞാൽ ആദ്യം 3 മാസവും പിന്നീട് പിഴയോടു കൂടി 6 മാസവും നീട്ടിക്കൊടുക്കാമെന്നാണ് കരാറിലെ വ്യവസ്ഥ. ദിവസം 12 ലക്ഷം രൂപ വച്ചാണ് 6 മാസത്തേക്കു കമ്പനി പിഴയായി നൽകേണ്ടിയിരുന്നത്. ഈയിനത്തിൽ ഇന്നലെ വരെ ഏതാണ്ട് 28 കോടിയോളം രൂപ സർക്കാരിന് അദാനി പോർട്സ് നൽകേണ്ടിവരും; പുറമേ പലിശയും. സർക്കാരിന്റെ ഈ ആവശ്യത്തിനെതിരെ കമ്പനി ആർബിട്രേഷൻ ഫയൽ ചെയ്തിരിക്കുകയാണ്. 

സമരത്തിന്റെ പേരിലുള്ള നഷ്ടപരിഹാരമായി 200 കോടിയിലധികം രൂപ കമ്പനി ചോദിക്കുമ്പോൾ 30 കോടിക്കുവേണ്ടി സർക്കാരിനു ബലം പിടിക്കാൻ കഴിയില്ല. 

 

അദാനിയുമായി ചർച്ച തുടരും

2018 ലെ ഓഖി ചുഴലിക്കാറ്റിന്റെ പേരിൽ കമ്പനി നിർമാണപ്രവർത്തനങ്ങൾക്ക് 16 മാസം കൂടുതലായി ചോദിച്ചിരുന്നെങ്കിലും സർക്കാർ അനുവദിച്ചില്ല. കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി സമയം ആവശ്യപ്പെട്ടപ്പോൾ 34 ദിവസം അധികമായി നൽകി. കരാർ പാലിക്കാത്തതിനെതിരെ സർക്കാർ നോട്ടിസ് നൽകിയപ്പോഴാണ്, ഓഖിയും കോവിഡും ഉന്നയിച്ചു കമ്പനി ട്രൈബ്യൂണലിനെ സമീപിച്ചത്. 2024 ഡിസംബർ 3ന് അകം ആദ്യഘട്ട നിർമാണം പൂർത്തിയാക്കാമെന്നാണു കമ്പനി ഒടുവിൽ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. അതേസമയം, 2023 സെപ്റ്റംബറിൽ കപ്പൽ എത്തിക്കാമെന്ന ഉറപ്പ് കമ്പനി നൽകിയിട്ടുണ്ട്.

 

4 ആവശ്യങ്ങൾ കൂടി

തിരുവനന്തപുരം ∙ വിഴിഞ്ഞം സമരം തുടങ്ങുമ്പോൾ 7 ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഇതിൽ അഞ്ചെണ്ണത്തിലും മന്ത്രിസഭാ ഉപസമിതിയിൽ ധാരണയായെന്നു മുഖ്യമന്ത്രി ഇന്നലെ അടിയന്തര പ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ നിയമസഭയിൽ പറഞ്ഞു. എന്നാൽ, ഒന്നു പോലും പരിഹരിച്ചില്ലെന്നാണു സമരസമിതിയുടെ നിലപാട്. ഇതിനു പുറമേ 4 ആവശ്യങ്ങൾ കൂടി ഇന്നലെ ഉന്നയിച്ചു. അവയും സർക്കാരിന്റെ മറുപടിയും (ബ്രാക്കറ്റിൽ). 

1. വിഴിഞ്ഞത്തെ സംഘർഷങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണം, ആർച്ച് ബിഷപ് ഉൾപ്പെടെയുള്ളവർക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം. (ആവശ്യം  അംഗീകരിച്ചില്ല)

2. കടൽക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കുള്ള മാസ വാടക 8000 രൂപയായി  ഉയർത്തണം. വാടകത്തുക സർക്കാർ കണ്ടെത്തണം, അദാനി ഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നു തുക വേണ്ട. ഇപ്പോൾ നിശ്ചയിച്ച 5500 രൂപ അപര്യാപ്തം (വാടകത്തുകയായി 5,500 രൂപ സർക്കാർ പൂർണമായി നൽകും)

3. തീരശോഷണം പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയിൽ സമരസമിതി നിർദേശിക്കുന്ന പ്രാദേശിക വിദഗ്ധരുടെ പ്രാതിനിധ്യം വേണം (വിദഗ്ധസമിതി സമരസമിതിയുമായി ചർച്ച നടത്തും). 

4. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പു പാലിക്കുന്നുണ്ടെന്നു വിലയിരുത്താൻ നിരീക്ഷണ സമിതിയെ നിയോഗിക്കണം (ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നിരീക്ഷണ സമിതിയെ നിയോഗിക്കും. തുറമുഖ സെക്രട്ടറിയും ഇതിൽ അംഗമായിരിക്കും)

 

 

English Summary: Vizhinjam protest Adani port damage 220 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com