സിൽവർലൈനിൽ തെളിഞ്ഞ ലൈൻ

silverline-project-representational-image
പ്രതീകാത്മക ചിത്രം
SHARE

സിൽവർലൈനിന്റെ പേരിൽ 2 ശപഥങ്ങൾക്കാണു സഭ സാക്ഷ്യം വഹിച്ചത്. കേന്ദ്രാനുമതി വാങ്ങി പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതു വാങ്ങിയെടുത്തു കൊണ്ടുവന്നാലും നടപ്പാക്കാൻ സമ്മതിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. റോജി എം.ജോണിന്റെ അടിയന്തര പ്രമേയ നോട്ടിസാണ് ഈ നേർക്കുനേർ സംവാദത്തിനു  വേദിയൊരുക്കിയത്. അതിൽ സഭ കുലുങ്ങി. 

സർവേയ്ക്കായി കല്ലുകൾ സ്ഥാപിച്ചിട്ട് എന്തായി എന്നായിരുന്നു റോജിയുടെ ചോദ്യം. ഭൂവുമുടകൾക്ക് ഒന്നും ചെയ്യാനാകാത്ത സ്ഥിതിയായി. പദ്ധതി മരവിപ്പിച്ചു, പക്ഷേ സമരം ചെയ്തവർക്കെതിരെ ഉള്ള കേസോ? റോജി ചോദിച്ചു.  യുഡിഎഫും ബിജെപിയും നടത്തുന്ന സമ്മർദം കേന്ദ്രാനുമതിയെ പിറകോട്ടു വലിക്കുന്നുണ്ടാകും. പക്ഷേ ഇന്നല്ലെങ്കിൽ നാളെ അതു ലഭിക്കും. ‘നിങ്ങൾ കരുതുന്ന വിജയം നാടിന്റെ പരാജയമാകും. അതുകൊണ്ട് നിങ്ങൾ ജയിച്ചിട്ടില്ല’– പിണറായിയുടെ മറുപടി മഹത്തായ ഉദ്ധരണികളെ ഓർമിപ്പിച്ചു. അതു കേട്ടപ്പോൾ സതീശനു കാര്യം ബോധ്യമായി. സിൽവർ ലൈൻ ഇനി നടപ്പാക്കാനേ പോകുന്നില്ല. ‘വിനയം ജയിച്ചു, ധാർഷ്ട്യം തോറ്റു’ – പ്രതിപക്ഷ നേതാവും ഉദ്ധരണിയിൽ പിന്നോട്ടുപോയില്ല. 

മദ്യപരുടെ രോദനത്തിനു  രാഷ്ട്രീയക്കാർ വില കൽപ്പിക്കുന്നില്ല എന്ന്  വിചാരിച്ചാൽ  തെറ്റി. മദ്യവിൽപന നികുതി നാലു ശതമാനം കൂട്ടുന്ന ബില്ലാണ് അതു ബോധ്യപ്പെടുത്തിയത്. കേരളത്തിൽ  മദ്യ ഡിസ്റ്റിലറികൾക്ക് ഉയർന്ന വിറ്റുവരവ് നികുതി അടയ്ക്കേണ്ടി വരുന്നതുമൂലം  ഉത്പാദനം നിർത്തുന്നതാണ് ബില്ലിന് കാരണമെന്ന  ന്യായീകരണമാണു സർക്കാരിന്റേത്. തൊഴിലാളികൾക്കു തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ യൂണിയനുകൾ എല്ലാം ചേർന്ന് വിറ്റുവരവ് നികുതി കുറയ്ക്കാൻ നിൽക്കുകയാണ്. അതു സർക്കാരിന് ഉണ്ടാക്കുന്ന നഷ്ടം നികത്താൻ വിൽപന നികുതി കൂട്ടേണ്ടി വരുന്നു. ഇതിന്റെ പേരിൽ വല്ലാതെ മദ്യ വില കൂടില്ലെന്നു മന്ത്രിമാരായ കെ.എൻ. ബാലഗോപാലും എം.ബി.രാജേഷും മദ്യപരെ സാന്ത്വനിപ്പിക്കാൻ നോക്കി. വിലവ്യത്യാസം സംബന്ധിച്ച പട്ടിക സഭയിൽ ആർക്കെങ്കിലും വേണമെങ്കിൽ കൊടുക്കാമെന്ന ‘ഔദാര്യം’  മന്ത്രി ബാലഗോപാൽ പ്രകടിപ്പിച്ചു. മദ്യം കിട്ടാത്തതിന്റെ പേരിൽ നേരിട്ടു തനിക്ക് പരാതി ഫോണിൽ ലഭിക്കുന്ന സ്ഥിതി വരെ ഉണ്ടെന്നാ‌ണു രാജേഷ് വെളിപ്പെടുത്തിയത്.

വിറ്റുവരവ് നികുതി കുറയ്ക്കുന്നതിൽ കള്ളക്കളി ഉണ്ടെന്നും എന്തൊക്കെയോ ചീഞ്ഞുനാറുന്നുവെന്നും പി.സി.വിഷ്ണുനാഥിനു സംശയമുണ്ട്. മദ്യവർജനം നടപ്പാക്കാൻ വളരെ ലളിതമായ ആശയം കെ.ബാബു (നെന്മാറ) മുന്നോട്ടു വച്ചു: മദ്യത്തിന്റെ വില കൂട്ടിക്കൂട്ടി ഒടുവിൽ മദ്യപിക്കുന്നവരെ കൊണ്ട് ഇനി ഒരിക്കലും അതു ചെയ്യില്ലെന്ന ശപഥം എടുപ്പിക്കുക!. 

കേരളത്തിൽ പുല്ലുകൃഷി വികസിച്ചുകൊണ്ടിരിക്കുകയാണെന്ന മന്ത്രി ജെ.ചി‍ഞ്ചുറാണിയുടെ അവകാശ വാദം ലീഗിലെ കെ.ഉബൈദുല്ലയ്ക്കു പിടിച്ചില്ല. മലപ്പുറത്ത് പുല്ലു കാണാനെ ഇല്ലെന്നു ഉബൈദുല്ല പറഞ്ഞപ്പോൾ പ്രതിപക്ഷത്തുനിന്ന് ടി.സിദ്ദിഖിന്റെ പ്രതികരണം: വയനാട്ടിൽ പുല്ലു തഴച്ചു വളരുകയാണ്. 

ഗവർണർ വിരുദ്ധ ബില്ലിന്റെ അലയൊലികൾ ഇന്നലെയും സഭയിൽ മുഴങ്ങി. വെറ്ററിനറി സർവകലാശാലാ ഭേദഗതി ബില്ലാണ് അതിനു കാരണമായത്. ആരു ചാൻസലർ ആണ് എന്നതൊന്നും വിദ്യാർഥികളുടെ വിഷയമല്ലെന്നു മാത്യു കുഴൽനാടൻ നിരീക്ഷിച്ചു. അവർക്കു പഠിക്കാനും ജീവിതം സുരക്ഷിതമാക്കാനും കഴിയുമോ എന്നതാണ് യഥാർഥ പ്രശ്നം. 

ഇന്നത്തെ വാചകം

‘കോൺഗ്രസിലെ ചെറുപ്പക്കാർക്കു ഖാദിയോടു വലിയ പ്രതിപത്തിയില്ല. ഖദർ ധരിക്കാത്ത ശശി തരൂരിന്റെ അനുയായികളായതു കൊണ്ടാണോ ഈ പ്രവണതയെന്നു സംശയിക്കണം’ – മന്ത്രി പി.രാജീവ്.

Content Highlight: Silver Line Project

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS