ADVERTISEMENT

കൊച്ചി∙ ‘അനാഥമൃഗങ്ങൾക്ക് അഭയ കേന്ദ്രം’ എന്ന് വിശേഷിപ്പിച്ച് വനം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കപ്രിക്കാട് മിനി മൃഗശാലയിൽ മ്ലാവുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടി വൻ വെട്ടിപ്പ് നടത്തിയതായി അന്വേഷണ റിപ്പോർട്ട്. 134 മ്ലാവുകൾക്കു പകരം 170 എണ്ണത്തിനെ സംരക്ഷിക്കുന്നുണ്ടെന്ന് റജിസ്റ്ററിൽ രേഖപ്പെടുത്തി ഓരോന്നിനും പ്രതിമാസം 8300 രൂപ വീതം തീറ്റയ്ക്കായി ചെലവഴിക്കുന്നുണ്ടെന്ന് പറഞ്ഞാണ് തുക എഴുതിയെടുത്തത്. 

2019 മുതൽ തുടങ്ങിയ കണക്കിലെ കളികൾ പുതുതായി ചുമതലയേറ്റ റേ‍ഞ്ച് ഓഫിസർ മ്ലാവുകളെ േനരിട്ട് എണ്ണിത്തിട്ടപ്പെടുത്തിയപ്പോഴാണ് വ്യക്തമായത്. ഒന്നര കോടിയോളം രൂപ തട്ടിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

മലയാറ്റൂർ ഡിവിഷനു കീഴിൽ കോടനാട് ആനപരിപാലന കേന്ദ്രത്തിനു സമീപത്താണ് കപ്രിക്കാട് ‘അഭയാരണ്യം’. 2011 ൽ കേന്ദ്രം ആരംഭിക്കുമ്പോൾ 86 മ്ലാവുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 170 എണ്ണത്തിനെ സംരക്ഷിക്കുന്നുണ്ട് എന്നാണ് റജിസ്റ്ററിലെ കണക്ക്.

2019–20 വർഷം 46 മ്ലാവുകൾ ജനിച്ചതായി സ്റ്റോക്ക് റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പരിപാലകരുടെ പക്കലുള്ള ദൈനംദിന റജിസ്റ്ററിൽ 8 ജനനം മാത്രമാണ് ഉണ്ടായിരുന്നത്. ഈ വ്യത്യാസം ശ്രദ്ധയിൽ പെട്ടപ്പോഴാണ് പുതിയ റേഞ്ച് ഓഫിസർ നേരിട്ടെത്തി എണ്ണി നോക്കിയത്. 134 എണ്ണമേ ഉള്ളൂ എന്ന് ഇതോടെ വ്യക്തമായി. 

മ്ലാവുകളെ ആരും കടത്തിക്കൊണ്ടു പോവുകയോ കൂടു പൊളിച്ച് സ്വയം ചാടിപ്പോവുകയോ ഉണ്ടായിട്ടില്ലെന്നും ജീവനക്കാർ മൊഴി നൽകി. തുടർന്നാണ് റേ‍ഞ്ച് ഓഫിസർ കാലടി പ്രകൃതി പഠന കേന്ദ്രം അസിസ്റ്റന്റ് കൺസർവേറ്റർക്ക് പരിശോധനാ റിപ്പോർട്ട് നൽകിയത്. 

എറണാകുളം ഫ്ലയിങ് സ്ക്വാഡ് അന്വേഷണം ആരംഭിച്ചതോടെ സ്റ്റോക്ക് റജിസ്റ്ററുകളിൽ വ്യാപകമായി തിരുത്തലുകൾ വരുത്തി, കുറ്റം മുഴുവൻ പുതിയ ഉദ്യോഗസ്ഥരുടെ തലയിൽ ചാർത്താനുള്ള നീക്കവും നടക്കുന്നുണ്ട്. 

തീറ്റച്ചെലവ് ഇങ്ങനെ

∙ കാലിത്തീറ്റ 1.5 കിലോ, ഉപ്പ്, പുല്ല്, ഇല, ധാന്യം എല്ലാം 

ചേർന്ന് ദിവസം 276.32 രൂപ; മാസം 8289 രൂപ.

English Summary: Fraud worth crores in kaprikad mini zoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com