ADVERTISEMENT

തിരുവനന്തപുരം ∙ റേഷൻ കടകളിലൂടെ പോഷക സമ്പുഷ്ട അരി (ഫോർട്ടിഫൈഡ് റൈസ്) വിതരണം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ എതിർക്കുന്ന കേരളം ഇതേ അരി സംസ്ഥാനത്തെ 5 ലക്ഷത്തോളം കുഞ്ഞുങ്ങൾക്ക് ഒന്നര വർഷമായി നൽകുന്നു; അതും ആരോഗ്യ വകുപ്പിന്റെ പഠനമൊന്നും നടത്താതെ. സംസ്ഥാനത്ത് 3 മുതൽ 6 വരെ വയസ്സ് ഉള്ള 4.84 ലക്ഷം കുഞ്ഞുങ്ങൾക്കു കേന്ദ്ര സർക്കാർ നൽകുന്ന സമ്പുഷ്ട അരി 2021 ജൂലൈ മുതൽ വിതരണം ചെയ്യുന്നതായാണു വനിതാശിശുവികസന വകുപ്പിന്റെ രേഖകൾ. ഈ അരിയെക്കുറിച്ചു പഠനം നടത്താൻ ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടു മാസങ്ങളായിട്ടും ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.

സംയോജിത ശിശുവികസന പദ്ധതി (ഐസിഡിഎസ്) പ്രകാരം അങ്കണവാടികളിലെ പ്രീസ്കൂൾ കുട്ടികൾക്കു വേണ്ടിയാണു കേന്ദ്ര സർക്കാർ അരി നൽകുന്നത്. കേന്ദ്രത്തിൽനിന്നു നേരിട്ടു ലഭിക്കുന്നതായതിനാൽ പഠനം നടത്തിയിട്ടില്ലെന്നാണു വനിതാ ശിശുവികസന വകുപ്പിന്റെ വിശദീകരണം. 3 മാസത്തേക്ക് ഏകദേശം 1100 ടൺ (11 ലക്ഷം കിലോ) സമ്പുഷ്ട അരിയാണ് ലഭിക്കുന്നത്. ഇതുവരെ 44 ലക്ഷം കിലോ അരി ലഭിച്ചു. ഒരു കുട്ടിക്ക് ഒരു ദിവസം 60 ഗ്രാം അരി എന്ന തോതിലാണ് അനുവദിക്കുന്നത്.

അടുത്ത വർഷം ഏപ്രിൽ മുതൽ റേഷൻ കടകൾ വഴി പൂർണമായും സമ്പുഷ്ട അരി നൽകണമെന്നു സംസ്ഥാന ഭക്ഷ്യസെക്രട്ടറിമാരുടെ യോഗത്തിൽ കേന്ദ്രം നിർബന്ധപൂർവം ആവശ്യപ്പെട്ടിരുന്നു. ഇതിനെ ഭക്ഷ്യവകുപ്പ് എതിർക്കുകയാണ്. കേരളത്തിലെ നെല്ലു സംഭരണത്തിനു ഭീഷണിയാകുമെന്നതാണ് ഒരു കാരണം. കുത്തരി പോഷകഗുണം നിറഞ്ഞതാണെന്നും ചൂണ്ടിക്കാട്ടുന്നു. നിലവിൽ വയനാട് ജില്ലയിലെ റേഷൻ കടകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സമ്പുഷ്ട അരി വിതരണം നൽകുന്നുണ്ട്.

കേരളത്തിന്റെ മട്ട അരി പോഷകസമ്പുഷ്ടം

തിരുവനന്തപുരം ∙ സപ്ലൈകോ വഴി കേരളത്തിലെ കർഷകരിൽനിന്നു സംഭരിച്ചു മില്ലുകളിൽ കുത്തിയെടുത്തു വിതരണം ചെയ്യുന്ന മട്ട അരി (സിഎംആർ–കസ്റ്റം മിൽഡ് റൈസ്) പോഷകസമ്പുഷ്ടം. ഹരിയാനയിലെ അംഗീകൃത ലാബിലെ പരിശോധനാ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 100 ഗ്രാം അരിയിൽ 0.76 മില്ലി ഗ്രാം ഇരുമ്പും വൈറ്റബിൻ ബി12, ഫോളിക് ആസിഡ് എന്നിവ നേരിയ തോതിലും അടങ്ങിയിട്ടുണ്ടെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് സെപ്റ്റംബറിൽ കേരളം കേന്ദ്രത്തിനു കൈമാറിയെങ്കിലും മറുപടി നൽകിയില്ല. കൃത്രിമമായി ഇതേ പോഷകങ്ങൾ അരിമണി രൂപത്തിലാക്കി 1:100 അനുപാതത്തിൽ യഥാർഥ അരിയിൽ ചേർക്കുന്നതാണ് കേന്ദ്രത്തിന്റെ സമ്പുഷ്ട അരി. 

English Summary: Fortified Rice, which kerala is against, for five lakh students without study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com