ADVERTISEMENT

ചാരുംമൂട് (ആലപ്പുഴ) ∙ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ യുവതിയെ മാസങ്ങളായി ഉപദ്രവിച്ച ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. വള്ളികുന്നം ഇലിപ്പക്കുളം പുതുവച്ചാൽ‌ തറയിൽ ഫാത്തിമയെ (25) ആണ് മന്ത്രവാദത്തിന്റെ ഭാഗമായി ഉപദ്രവിച്ചത്. ഭർത്താവ് പഴകുളം പടിഞ്ഞാറ് ചിറയിൽ കിഴക്കേതിൽ അനീഷ് (34), പുനലൂർ തിങ്കൾകരിക്കം ചന്ദനക്കാവ് ബിലാൽ മൻസിലിൽ സുലൈമാൻ (52), താമരക്കുളം മേക്ക് സൗമ്യ ഭവനത്തിൽ ഷിബു (31), ഭാര്യ ഷാഹിന (23), കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദീൻ മൻസിലിൽ അൻവർ ഹുസൈൻ (28), സഹോദരൻ ഇമാമുദീൻ (35) എന്നിവരെയാണ് നൂറനാട് എസ്എച്ച്ഒ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഫാത്തിമയ്ക്കു ബാധോപദ്രവമുണ്ടെന്നു പറഞ്ഞ് ഓഗസ്റ്റ് മുതൽ പലയിടങ്ങളിൽ വച്ച് മന്ത്രവാദം നടത്തിയെന്നും ഉപദ്രവമേൽപിച്ചെന്നും പൊലീസ് പറഞ്ഞു. ഐടി കമ്പനി ജീവനക്കാരിയാണ് ഫാത്തിമ. ഭാര്യയുടെ ദോഷങ്ങൾ മാറാനെന്നു പറഞ്ഞ് അവരുടെ കൂടെ നടന്ന് അനീഷ് മന്ത്രങ്ങൾ ചൊല്ലുന്നതു പതിവായിരുന്നു. ദേഹത്ത് ജിന്ന് കയറിയെന്നും അത് ഒഴിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അനീഷ് പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിന്റെ പേരിലാണ് ബന്ധുക്കളുടെ സഹായത്തോടെ മന്ത്രവാദികളെ വീട്ടിൽ കൊണ്ടുവന്നത്.

വീട്ടിൽ നടത്തിയ മന്ത്രവാദത്തെ യുവതി എതിർത്തപ്പോൾ പ്രതികൾ അവരെ കെട്ടിയിട്ട് അടിക്കുകയും വലിച്ചിഴയ്ക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ഇതെത്തുടർന്നു ഫാത്തിമ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ബാധയൊഴിപ്പിക്കാനെന്നു പറഞ്ഞ് മൂന്നു തവണ മന്ത്രവാദികൾ വീട്ടിലെത്തിയിരുന്നു. അനീഷും ബന്ധുക്കളും ചേർന്നു ബലമായാണ് യുവതിയെ ചടങ്ങുകൾക്കു വിധേയയാക്കിയത്. സമീപവാസികൾ വിവരം അന്വേഷിച്ചപ്പോൾ ഫാത്തിമയ്ക്കു ഭ്രാന്താണെന്ന് പ്രതികൾ പ്രചരിപ്പിച്ചു. ഇതിനു ശേഷം അനീഷും ഫാത്തിമയും ആദിക്കാട്ടുകുളങ്ങരയിലേക്കു താമസം മാറ്റി. അവിടെയും മന്ത്രവാദവും ഉപദ്രവവും തുടർന്നു.

കഴിഞ്ഞ ദിവസം വീണ്ടും മന്ത്രവാദത്തിനായി കുളത്തൂപ്പുഴയിൽനിന്ന് മൂന്നുപേർ എത്തി. എതിർത്ത യുവതിയെ ഭർത്താവും ബന്ധുക്കളായ ഷാഹിനയും ഷിബുവും ചേർന്ന് ക്രൂരമായി മർദിച്ചു. അവശയായ ഫാത്തിമ ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് നൂറനാട് പൊലീസ് സ്റ്റേഷനിൽ എത്തിയത്. അനീഷിനെയും ബന്ധുക്കളെയും മന്ത്രവാദികളെയും തന്ത്രപരമായി മറ്റൊരു സ്ഥലത്ത് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മാവേലിക്കര കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

English Summary: Five Arrested for Sorcery at Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com