ADVERTISEMENT

തിരുവനന്തപുരം ∙ ഗവ. ആയുർവേദ കോളജിൽ ഈ മാസം 15നു നടന്ന ‘ബിരുദ സമർപ്പണച്ചടങ്ങിൽ’ സർട്ടിഫിക്കറ്റ് കൈപ്പറ്റിയ 65 പേരിൽ നിന്നും അതു തിരിച്ചു വാങ്ങാൻ അധികൃതർ തീരുമാനിച്ചു. രണ്ടാം വർഷ പരീക്ഷ ജയിക്കാതെ സർട്ടിഫിക്കറ്റ് കൈപ്പറ്റിയ 7 പേരിൽ ഒരാൾ ഇന്നലെ പ്രിൻസിപ്പലിനെ തിരിച്ചേൽപിച്ചു. 

തോറ്റവർക്കു ഡോക്ടർ ബിരുദം നൽകിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. കോളജ് പ്രിൻസിപ്പലിനെ വിളിച്ചുവരുത്തി മന്ത്രി വിശദീകരണം തേടി. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയക്ടറോ‍ട് അടിയന്തര റിപ്പോർട്ട് നൽകാനും നിർദേശിച്ചു.

തോറ്റവർക്ക് സർട്ടിഫിക്കറ്റ് നൽകിയതു വലിയ അഴിമതിയാണെന്ന് ആരോഗ്യ സർവകലാശാല സമ്മതിച്ചു. സർട്ടിഫിക്കറ്റും ചടങ്ങിന്റെ ചിത്രങ്ങളും ദുരുപയോഗം ചെയ്യാൻ സാധ്യത ഏറെയാണെന്നും സർട്ടിഫിക്കറ്റ് 24 മണിക്കൂറിനകം തിരിച്ചു വാങ്ങാൻ പ്രിൻസിപ്പലിനോടു നിർദേശിച്ചുവെന്നും ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മ‍ൽ ‘മനോരമ’യോടു പറഞ്ഞു. ചടങ്ങിന്റെ സംഘാടനച്ചുമതലയുണ്ടായിരുന്ന രണ്ടുപേർക്കു പ്രിൻസിപ്പൽ ഡോ.ജി.ജെയ് കാരണം കാണിക്കൽ നോട്ടിസ് നൽകി.

പരീക്ഷ പാസാകാത്ത 7 പേർക്കു ഡോക്ടർ സർട്ടിഫിക്കറ്റ് ലഭിച്ച വാർത്ത ‘മനോരമ’യാണ് ഇന്നലെ പുറത്തുകൊണ്ടുവന്നത്. ബിരുദ സമർപ്പണച്ചടങ്ങിൽ വിസിയും ഡീനും നേരിട്ടും ആരോഗ്യമന്ത്രി ഓൺ‌ലൈനായും പങ്കെടുത്തിരുന്നു. വിദ്യാർഥികൾ പ്രത്യേക ഗൗൺ അണിഞ്ഞ് സർട്ടിഫിക്കറ്റ് സ്വീകരിച്ചു. സർവകലാശാല ഡീൻ ഡോ.ഡി.ജയ‍ൻ ആചാരപ്രകാരമുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കോഴ്സ് വിജയകരമായി പൂർത്തിയാക്കിയെന്ന മെ‍മന്റോയാണു ചടങ്ങിൽ വിതരണം ചെയ്തതെന്നും അതിൽ ഒപ്പ് ഇല്ലെന്നും പ്രിൻസിപ്പൽ ഡോ.ജി.ജെയ് വിശദീകരിച്ചു. ഇതു കൈപ്പറ്റിയ വിദ്യാർഥികളുടെ പട്ടിക കണ്ടിട്ടില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. ഇതേസമയം, ആരോഗ്യ സർവകലാശാല നൽകുന്ന അതേ മാതൃകയിൽ രൂപകൽപന ചെയ്ത സർട്ടിഫിക്കറ്റിൽ മെഡൽ പതിച്ചാണു കോളജിൽ നൽകിയത്. ചടങ്ങ് സംഘടിപ്പിച്ച ഹൗസ് സർജൻസ് അസോസിയേഷനുമായി ബന്ധമില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർ‍ഷോ പറഞ്ഞു.

ഇതിനിടെ, കോളജുകൾ സംഘടിപ്പിക്കുന്ന ഇത്തരം ചടങ്ങുകൾ സംശയനിഴലിലായി. പരീക്ഷ ജയിച്ച് അർഹത നേടാത്തവർ സർട്ടിഫിക്കറ്റ് കരസ്ഥമാക്കാനും അംഗീകൃതമെന്ന മട്ടിൽ അത് ദുരുപയോഗം ചെയ്യാനുമുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

∙ ‘ലക്ഷങ്ങൾ ചെലവഴിച്ച് കോളജുകളിൽ നടത്തുന്ന ഇത്തരം പരിപാടി നിയന്ത്രിക്കണമെന്നു പലതവണ നിർദേശിച്ചിട്ടും ഫലമുണ്ടായില്ല. ചടങ്ങിൽ പങ്കെടുത്ത ഞാനും ചതിക്കപ്പെട്ടു.’ – ഡോ.മോഹൻ കുന്നുമ്മൽ, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ

∙ ‘എങ്ങനെ അബദ്ധം പറ്റിയെന്ന് അന്വേഷിക്കുന്നുണ്ട്. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല.’ – ഡോ.ജി.ജെയ്, ഗവ. ആയുർവേദ കോളജ് പ്രിൻസിപ്പൽ

English Summary: Kerala Health Minister Veena George orders inquiry on 7 students who flunked BAMS exam graduate from Govt Ayurveda College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com