ADVERTISEMENT

കോഴിക്കോട് ∙ ബഫർസോൺ വിഷയത്തിൽ ഇടുക്കിയിലെ മുൻ ഇടതുസ്വതന്ത്ര എംപി ജോയ്സ് ജോർജിന്റെ പരാമർശം വിവാദമാകുന്നു. ബഫർസോൺ യാഥാർഥ്യമാണെന്നും അതിനെ അംഗീകരിക്കണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടിൽ കെ.എം.സച്ചിൻദേവ് എംഎൽഎ സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ ജോയ്സിന്റെ പ്രസംഗം. 

പിന്നാലെ കർഷക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ബഫർസോണിൽ നിന്നു ജനവാസമേഖലകളെ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നു സർക്കാർ ഒരു ഭാഗത്തു വിശദീകരിക്കുമ്പോൾ, ഇടതുപിന്തുണയോടെ ലോക്സഭാംഗമായ ജോയ്സ് ജോർജ് അതിനു കടകവിരുദ്ധമായ നിലപാടുമായി രംഗത്തെത്തിയത് സിപിഎമ്മിനെയും പ്രതിരോധത്തിലാക്കി. 

ബഫർസോൺ വിഷയത്തിൽ യുഡിഎഫും കർഷക സംഘടനകളും നടത്തുന്ന സമരങ്ങളെ പ്രതിരോധിക്കാനായിരുന്നു സച്ചിൻദേവ് എംഎൽഎയുടെ നേതൃത്വത്തിൽ വിശദീകരണ  യോഗം സംഘടിപ്പിച്ചത്. എന്നാൽ യോഗത്തിലെ പരാമർശം തന്നെ കർഷക സംഘടനകൾ ആയുധമാക്കിയതും തിരിച്ചടിയായി. ജോയ്സ് ഒറ്റുകാരനാണെന്ന ആരോപണവുമായി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) രംഗത്തെത്തി. 

കസ്തൂരി രംഗൻ വിഷയത്തിൽ മലയോര വികാരം ഉണർത്തി കർഷക രക്ഷകനായി സ്വയം ചമഞ്ഞു ലഭിച്ച എംപി സ്ഥാനം കർഷകരെ ഒറ്റിക്കൊടുക്കാനാണ് ജോയ്സ് ഉപയോഗിച്ചതെന്നു തെളിഞ്ഞതായി കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ പറഞ്ഞു. ജോയ്സ് പറഞ്ഞതു സിപിഎമ്മിന്റെ നിലപാടാണെങ്കിൽ സർക്കാർ നടത്തുന്ന ഫീൽഡ് സർവേയും ഹെൽപ് ഡെസ്കുകളും എന്തിനാണെന്നും അലക്സ് ചോദിച്ചു.

ജോയ്സ് പറഞ്ഞത്

‘‘ബഫർസോൺ യാഥാർഥ്യമാണ്. അതിനെ അംഗീകരിക്കണം. തമിഴ്നാട്ടിൽ അടക്കം ബഫർസോൺ നടപ്പിലാക്കിക്കഴിഞ്ഞു. ഈ വിഷയത്തിൽ മലയോര കർഷകർക്കു ആശങ്ക സ്വാഭാവികമാണ്. ഇപ്പോൾ സംഭവിച്ചിരിക്കുന്നത് നിയമപരമായ പ്രതിസന്ധിയാണ്.അതിനെ അതിജീവിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി മുന്നേറണം.’’

English Summary: Joice George controversial statement regarding buffer zone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com