ADVERTISEMENT

തിരുവനന്തപുരം ∙ വിവാദങ്ങൾക്കൊടുവിൽ കോർപറേഷനിലെ മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ഡി.ആർ.അനിൽ രാജിവച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.40 ന് കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസിന് അനിൽ രാജിക്കത്ത് കൈമാറി. തിരഞ്ഞെടുപ്പ് കമ്മിഷനെയും വരണാധികാരിയായ കലക്ടറെയും രാജി വിവരം അറിയിക്കുന്നതാണ് അടുത്ത നടപടി. തുടർന്ന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിക്കും. നിയമനക്കത്ത് വിവാദത്തിൽ യുഡിഎഫ്, ബിജെപി കക്ഷികൾ നടത്തിയ സമരം അവസാനിപ്പിക്കുന്നതിനു മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാജി. പാർട്ടി തന്നെ കൈവിട്ടിട്ടില്ലെന്നും പാർട്ടി പറഞ്ഞാൽ മാറി നിൽക്കുമെന്നും അനിൽ പ്രതികരിച്ചു.

12 അംഗങ്ങളാണ് മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റിയിൽ ഉള്ളത്. പുതിയ അധ്യക്ഷനായി സിപിഎമ്മിന്റെ മുതിർന്ന നേതാക്കളെയാണ് പരിഗണിക്കുന്നത്. കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗങ്ങളായ ഡി.രമേശനോ മേടയിൽ വിക്രമനോ ചെയർമാൻ സ്ഥാനത്തേക്കു വരാനാണ് കൂടുതൽ സാധ്യത . കൗൺസിലിലെ മുൻ പരിചയമാണ് അടിസ്ഥാനമാക്കുന്നതെങ്കിൽ വിക്രമനാണു സാധ്യത. രണ്ടാം തവണയാണ് വിക്രമൻ കൗൺസിലിൽ അംഗമാകുന്നത്. കഴക്കൂട്ടം പഞ്ചായത്ത് ആയിരുന്നപ്പോൾ 2005– 2010 കാലയളവിൽ ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു രമേശൻ. ചെയർമാൻ സ്ഥാനം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗത്തിനു നൽകാൻ തീരുമാനിച്ചാൽ എൽ.എസ്.സാജുവിനും സാധ്യതയുണ്ട്. ഡി.ആർ. അനിൽ വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗമാണ്.

മേയറുടെ ഓഫിസിലെ 5 കംപ്യൂട്ടറുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കും

തിരുവനന്തപുരം∙ നിയമനക്കത്ത് വിവാദത്തിൽ  കോർപറേഷൻ മേയറുടെ ഓഫിസിലെ 5 കംപ്യൂട്ടറുകൾ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച്  കണ്ടെടുത്തു. ഈ കംപ്യൂട്ടറുകളിലെ ഹാർഡ് ഡിസ്ക് ഫൊറൻസിക് പരിശോധനയ്ക്ക് കൈമാറി. മേയറുടെ ഓഫിസിലെ കംപ്യൂട്ടറിലാണോ  കത്ത് തയാറാക്കിയതെന്നു പരിശോധിക്കുന്നതിനാണിത്. ഈ ഓഫിസിൽ തന്നെയാണ് കത്ത് തയാറാക്കിയതെന്ന സംശയമാണ് ക്രൈംബ്രാഞ്ച് സംഘത്തിനുള്ളത്. ആ സാഹചര്യത്തിലാണ് കംപ്യൂട്ടറുകൾ പരിശോധിക്കുന്നത്. പൊതുമരാമത്ത് സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവച്ച കൗൺസിലർ ഡി.ആർ. അനിലിന്റെ മൊബൈൽ ഫോണും ക്രൈംബ്രാഞ്ച് ഫൊറൻസിക് പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്.

കത്തിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ഡി.ആർ. അനിൽ ചോദ്യം ചെയ്യലിൽ മൊഴി നൽകിയത്. മേയറുടെ പരാതിയെത്തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തിയിരുന്നു. തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് കംപ്യൂട്ടർ പരിശോധിക്കുന്നത്. അതേസമയം, കേസിൽ സിപിഎം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തുന്നതിൽ അന്വേഷണ സംഘത്തിന് വീഴ്ചയുണ്ടായെന്ന ആക്ഷേപമുണ്ട്.

English Summary: Dr Anil resigns as Thiruvananthapuram Corporation permanent committee chairman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com