ADVERTISEMENT

തിരുവനന്തപുരം ∙ ജീവനക്കാർക്ക് ഇൗ സാമ്പത്തിക വർഷത്തെ (2022–23) ആർജിതാവധി സറണ്ടർ അനുവദിച്ച് ഒടുവിൽ സർക്കാർ ഉത്തരവിറക്കി. അവധി സറണ്ടറിനു അപേക്ഷിക്കുന്നവർക്കുള്ള തുക മാർച്ച് 20നു ശേഷം പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കും. എന്നാൽ, 4 വർഷം കഴിഞ്ഞേ ഇൗ തുക പിഎഫ് അക്കൗണ്ടിൽ നിന്നു പിൻവലിക്കാൻ കഴിയൂ. ഫലത്തിൽ, അനുവദിക്കുന്ന തുകയ്ക്ക് സർക്കാർ ജീവനക്കാർ ആദായ നികുതി അയയ്ക്കേണ്ടി വരുമെന്നു മാത്രമല്ല, ഇൗ സർക്കാരിന്റെ കാലത്ത് പണം കൈപ്പറ്റാൻ കഴിയുകയുമില്ല.

ജീവനക്കാരുടെ സംഘടനകളുടെ ഭാഗത്തു നിന്നുള്ള തുടർച്ചയായ ആവശ്യം കണക്കിലെടുത്താണ് സർക്കാർ അവധി സറണ്ടർ അനുവദിച്ചത്. എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സറണ്ടർ അനുവദിച്ച ശേഷം പിൻവലിക്കൽ വിലക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2021–22) ആർജിതാവധി സറണ്ടർ ചെയ്യുന്നതിനും സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇൗ തുക അനുവദിക്കുന്ന കാര്യം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. അതിനാൽ, 2021–22 വർഷത്തെ ആർജിതാവധി ഇനി സറണ്ടർ ചെയ്യാൻ കഴിയില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 

11 ദിവസം ജോലി ചെയ്യുമ്പോൾ ഒരു ദിവസത്തെ അവധിയാണ് സർക്കാർ ജീവനക്കാർ ആർജിച്ചെടുക്കുന്നത്. ഇങ്ങനെ ആർജിച്ചെടുക്കുന്ന അവധിയിൽ 30 എണ്ണം ഒരു വർഷം സറണ്ടർ ചെയ്യാം. അധ്യാപകർക്ക് ഇതിന് അർഹതയില്ല. ഒരു മാസത്തെ ശമ്പളം വരെ അവധി സറണ്ടർ ചെയ്യുന്നതിലൂടെ ജീവനക്കാർക്കു ലഭിക്കും. കോവിഡ് പ്രതിസന്ധി രൂപപ്പെട്ടതോടെയാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആർജിതാവധി സറണ്ടർ വിലക്കിത്തുടങ്ങിയത്. എല്ലാ ജീവനക്കാരും അവധി സറണ്ടർ ചെയ്താൽ ഏതാണ്ട് 1600 കോടിയോളം രൂപയാണ് മാർച്ചിൽ സർക്കാരിനു പിഎഫ് അക്കൗണ്ടിലേക്ക് മാറ്റേണ്ടി വരിക. 

English Summary: Government withdraws Leave Surrender freeze order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com