ADVERTISEMENT

തിരുവനന്തപുരം ∙ പരിസ്ഥിതിലോല മേഖല (ബഫർസോൺ) വിഷയത്തിൽ ലഭിച്ച പരാതികളിൽ നേരിട്ടുള്ള സ്ഥലപരിശോധ‍നയിലൂടെ ഇതുവരെ തീർപ്പാക്കിയത് 45.64 % മാത്രം. പഞ്ചായത്ത് ഹെൽപ് ഡെസ്‍ക്കുകളിൽ ആകെ ലഭിച്ച 65,701 പരാതികളിൽ 29,900 എണ്ണം തീർപ്പാക്കി. 35,601 പരാതികൾ ശേഷിക്കുകയാണെന്നും ഇതുവരെയുള്ള നടപടികൾ സംബന്ധിച്ചു സർക്കാരിനു ലഭിച്ച റിപ്പോർട്ടിൽ പറയുന്നു.

ചില പഞ്ചായത്തുകളുടെ നിസ്സഹകരണവും നടപടികൾ വൈകിപ്പിക്കുന്നു. 10 പഞ്ചായത്തുകൾ നിർമിതികളെക്കുറിച്ചുള്ള വിവരങ്ങൾ അസറ്റ് മാപ്പർ ആപ്പിൽ ഇതുവരെ അപ്‍ലോഡ് ചെയ്തിട്ടില്ല. 45 പഞ്ചായത്തുകളിൽ നടപടികൾ പുരോഗമിക്കുന്നു. പരാതി നൽകാനുള്ള സമയപരിധി ശനിയാഴ്ച അവസാനിച്ചിരുന്നു.

മലബാർ വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങളിലെ 96.40 % പരാതികൾ തീർപ്പാക്കി. അതേസമയം, പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ 2.88% പരാതികൾ മാത്രമാണ് ഇതുവരെ പരിഹരിച്ചത്. 

ആറളം, കൊട്ടിയൂർ, വയനാട്, ശെന്തുരുണി സംരക്ഷിത മേഖലകളിൽ പഞ്ചായത്തുകളിൽ നിന്നു വിവരങ്ങൾ ലഭിക്കാത്തതിനാൽ ആ‍പ്പിൽ അപ്‍ലോഡ് ചെയ്തിട്ടില്ല. ഈ മാസം മൂന്നിനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് അസറ്റ് മാപ്പർ ലഭ്യമാക്കിയത്. സ്ഥലപരിശോധന വൈകാൻ ഇതും കാരണമായി.

ഇതുവരെ 34,854 പുതിയ നിർമിതിക‍ളെക്കുറിച്ചുള്ള വിവരം ആപ്പിലൂടെ വനം വകുപ്പ് ഭൂപടത്തിൽ അപ്‍ലോഡ് ചെയ്തു. ഉപഗ്രഹസർ‍വേയിലൂടെ കണ്ടെത്തി അപ്‌ലോഡ് ചെയ്ത 49,300 നിർമിതികൾക്കു പുറമേയാണിത്. ഇതോടെ ആകെ 84,184 നിർമിതികൾ. ഒരാഴ്ചയ്ക്കുള്ളിൽ നിർമിതികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണു കരുതുന്നതെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ ‘മനോരമ’യോടു പറഞ്ഞു. പുതുതായി കണ്ടെത്തിയവയിൽ കൃഷിഭൂമി ഉൾപ്പെടുന്നു‍ണ്ടെന്നും അറിയിച്ചു.

 

 

വന്യജീവിസങ്കേതങ്ങൾ / ദേശീയോദ്യാനങ്ങൾ പരാതിക‍ൾ തീർപ്പാക്കി‍യതിന്റെ പുരോഗതി (ശതമാനത്തിൽ)

 

മലബാർ 96. 40

നെയ്യാർ 76 .04

ഇടുക്കി 76. 03

മംഗളവനം 75. 75

തട്ടേക്കാട് 65. 96

ആറളം 63. 79

മൂന്നാർ 58. 18

കരിമ്പുഴ 45. 79

ബത്തേരി 35. 30

ശെന്തുരുണി 31. 59

പറമ്പിക്കുളം 18. 76

പീച്ചി വാഴാനി 13. 98

സൈലന്റ് വാലി 3. 87

പെരിയാർ 2. 88‌

 

 

English Summary: Complaint against Buffer zone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com