എഡിൻബറ (സ്കോട്‌ലൻഡ്) ∙ ബഷീറിന്റെയും തകഴിയുടെയും രചനകൾ അതേ തലപ്പൊക്കമുള്ള വിവർത്തനങ്ങളിലൂടെ പ്രശസ്തമാക്കിയ പരിഭാഷകൻ ആർ.ഇ.ആഷർ (96) ഓർമയായി. ഭാഷാ ഗവേഷകനും ദ്രാവിഡഭാഷാപണ്ഡിതനും അധ്യാപകനും എഴുത്തുകാരനുമായ ആഷർ ഇംഗ്ലണ്ടിലെ നോട്ടിങ്ങാംഷറിലാണ് ജനിച്ചത്.
എഡിൻബറോ സർവകലാശാലയിൽ ഭാഷാശാസ്ത്ര വിഭാഗത്തിന്റെ മേധാവിയായിരുന്നു. ഗവേഷണാർഥം ഇന്ത്യയിലെത്തിയ ആഷർ ദ്രാവിഡ ഭാഷകളിൽ ആദ്യം പഠിച്ചത് തമിഴാണ്. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിൽ എഴുതിയ പഠനമുൾപ്പെടെ ശ്രദ്ധേയമായ രചനകളിൽ അദ്ദേഹം മലയാള സാഹിത്യത്തിന്റെയും ഭാഷയുടെയും ആഴം തൊട്ടു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’, ‘ന്റുപ്പുപ്പായ്‌ക്കൊരാനേണ്ടാർന്നു’, ‘പാത്തുമ്മയുടെ ആട്’ എന്നീ നോവലുകളും തകഴിയുടെ ‘തോട്ടിയുടെ മകനും’ ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്‌ത ആഷർ എംജി സർവകലാശാലയിലെ ബഷീർ ചെയറിന്റെ പ്രഥമ അധ്യക്ഷനുമാണ്.

എഡിൻബറോ സർവകലാശാലയിൽ ‘ദി എൻസൈക്ലോപീഡിയ ഓഫ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ’ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ ഇൻ ചീഫായിരുന്ന ആഷർ ഏഷ്യാറ്റിക് സൊസൈറ്റി ഫെലോഷിപ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ് എന്നിവ നേടി. തമിഴ് എഴുത്തുകാരൻ പുതുമൈപിത്തന്റെ 99 ചെറുകഥകളുടെ സമാഹാരവും ആഷർ പരിഭാഷപ്പെടുത്തി.
സാങ്കേതിക പദാവലികളുടെ സമാഹാരമായ ‘എൻസൈക്ലോപീഡിയ ഡിക്‌ഷനറി ഓഫ് സ്‌പീച്ച് ആൻഡ് ലാംഗ്വേജസ്’ ആണു മറ്റൊരു ശ്രദ്ധേയ രചന. കേരളത്തിൽ ഏറെക്കാലം താമസിച്ചാണ് അദ്ദേഹം മലയാളഭാഷയെക്കുറിച്ചു ഗവേഷണം നടത്തിയത്.

English Summary: Ronald Eaton Asher, British linguist and educator specialised in Dravidian languages passed away