ADVERTISEMENT

തിരുവനന്തപുരം ∙ അധ്യാപകരെ വിദ്യാർഥികൾ ‘ടീച്ചർ’ എന്നു മാത്രം വിളിച്ചാൽ മതിയെന്ന സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവ് ഏകപക്ഷീയമായി നടപ്പാക്കാനാകില്ലെന്ന നിലപാടിൽ സർക്കാരും അധ്യാപക സംഘടനകളും. കുട്ടികളുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമായ നയപരമായ കാര്യത്തിൽ വേണ്ടത്ര ചർച്ച നടത്താതെ ഒന്നും ചെയ്യാനാകില്ലെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. കമ്മിഷൻ ചെയർപഴ്സൻ കെ.വി.മനോജ് കുമാറും അംഗം സി.വിജയകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇനി മുതൽ ‘ടീച്ചർ’ വിളി മതിയെന്ന ഉത്തരവിട്ടത്.

വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെയും പ്രധാന ഭരണ–പ്രതിപക്ഷ അധ്യാപക സംഘടനകളുടെയും നിലപാടുകൾ ഇങ്ങനെ:

വി.ശിവൻകുട്ടി (വിദ്യാഭ്യാസ മന്ത്രി)

ബാലാവകാശ കമ്മിഷന് അവരുടെ മുന്നിലെത്തുന്ന പരാതികളിൽ തീർപ്പ് കൽപിക്കാൻ അധികാരമുണ്ട്. എന്നാൽ പരാതിയൊന്നും ഇല്ലാതെയും സർക്കാരിന്റെയോ ബന്ധപ്പെട്ട മറ്റുള്ളവരുടെയോ അഭിപ്രായം തേടാതെയും ഏകപക്ഷീയമായി ഇത്തരം ഒരു ഉത്തരവ് വന്നത് ഏതു സാഹചര്യത്തിലാണെന്ന് മനസ്സിലാകുന്നില്ല. അധ്യാപകരെ ഇഷ്ടത്തോടെയും ബഹുമാനത്തോടെയും എന്തു വിളിക്കണമെന്നത് കുട്ടിയുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അതിനെ ഉത്തരവ് കൊണ്ടു നിയന്ത്രിക്കാനാകുമെന്നു കരുതുന്നില്ല. കമ്മിഷൻ ഉത്തരവിൽ എന്തു നിലപാട് സ്വീകരിക്കണമെന്നു നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും.

എൻ.ടി. ശിവരാജൻ (ജനറൽ സെക്രട്ടറി, കെഎസ്ടിഎ)

ബാലാവകാശ കമ്മിഷന്റെ നിർദേശം സർക്കാരോ വിദ്യാഭ്യാസ വകുപ്പോ ചർച്ച ചെയ്ത വിഷയമല്ല. കമ്മിഷനുകൾ ഇതുപോലുള്ള പല നിർദേശങ്ങളും നൽകാറുണ്ട്. ഊഷ്മളമായ അധ്യാപക–വിദ്യാർഥി ബന്ധത്തിൽ കുട്ടികൾ പല രീതിയിലും അധ്യാപകരെ അഭിസംബോധന ചെയ്യുന്നുണ്ട്. ഇനി മുതൽ ‘ടീച്ചർ’ എന്നു മാത്രം വിളിച്ചാൽ മതിയെന്നു പറഞ്ഞാൽ അതിന്റെ ഗുണദോഷങ്ങൾ സമൂഹം വിലയിരുത്തട്ടെ. ഇതൊന്നുമല്ല, ഗുണമേൻമയുള്ള വിദ്യാഭ്യാസമാണ് ചർച്ച ചെയ്യേണ്ടത്.

സി.പ്രദീപ് (പ്രസിഡന്റ്, കെപിഎസ്ടിഎ)

പൊതുവെ പുരുഷ അധ്യാപകരെ സർ എന്നും വനിതാ അധ്യാപകരെ ടീച്ചറെന്നും വിളിക്കുന്നതാണ് കേരളത്തിലെ രീതി. അതിൽ ലിംഗവിവേചനത്തിന്റെയും ആദരക്കുറവിന്റെയും പ്രശ്നമുള്ളതായി ആരും കരുതുന്നില്ല. അതൊരു ബാലാവകാശ പ്രശ്നവുമല്ല. ബാലാവകാശ കമ്മിഷൻ ‘ടീച്ചർ’ വിളി മാത്രം നടപ്പാക്കണമെന്ന് വാശിയോടെ ഉത്തരവിട്ടാൽ അത് അതേപടി അംഗീകരിക്കുകയല്ല, അതിന്റെ അപ്രായോഗികത വ്യക്തമാക്കി മറുപടി കൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

എസ്.മനോജ് (ജനറൽ സെക്രട്ടറി, എഎച്ച്എസ്ടിഎ)

ഭൂരിപക്ഷം കുട്ടികളെ ബാധിക്കുന്ന യഥാർഥ ബാലാവകാശ പ്രശ്നങ്ങളിൽ ‘രാഷ്്ട്രീയ മൗനം’ പാലിക്കുന്ന ബാലാവകാശ കമ്മിഷൻ, കുട്ടികൾ അധ്യാപകരെ എന്തു വിളിക്കണമെന്നതു പോലുള്ള ഉപരിപ്ലവമായ കാര്യങ്ങളിൽ അമിതാധികാരം പ്രയോഗിക്കുന്നത് മാധ്യമ ശ്രദ്ധയ്ക്കു വേണ്ടിയാണ്. വിദ്യാർഥികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അധ്യാപകരെ എന്തു വിളിക്കണം എന്നതല്ല. ഇത്തരം അനാവശ്യ നിർദേശങ്ങൾ സർക്കാർ തള്ളിക്കളയണം.

ഒ.കെ.ജയകൃഷ്ണൻ (ജനറൽ സെക്രട്ടറി, എകെഎസ്ടിയു)

ബാലാവകാശ കമ്മിഷൻ കുട്ടികളുടെ സ്വാതന്ത്ര്യത്തിൽ കൈടത്തുന്നതു ശരിയല്ല. കുട്ടികൾക്ക് സ്നേഹത്തോടെ അധ്യാപകരെ ഇഷ്ടമുള്ളതു വിളിക്കാം. പ്രാദേശിക ഭേദമനുസരിച്ചു പോലും ആ അഭിസംബോധനകളിൽ മാറ്റമുണ്ട്. അതിനെ ‘ടീച്ചർ’ എന്ന വാക്കിൽ മാത്രം ഒതുക്കണമെന്ന് പറയുന്നത് കുട്ടികളുടെ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ്. അങ്ങനെ അനാവശ്യ നിയന്ത്രണങ്ങളുടെ ആവശ്യമില്ല. 

English Summary :Teacher usage not to be implemented soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com