ADVERTISEMENT

കൊച്ചി ∙ ജനതാദൾ (എസ്), എൽജെഡി പാർട്ടികളുടെ ലയനത്തിനു ധാരണയായി. 17 ന് കണ്ണൂരിൽ ചേരുന്ന എൽജെഡി നേതൃയോഗവും 18 നു തിരുവനന്തപുരത്തു ചേരുന്ന ജനതാദൾ ( എസ് ) യോഗവും ലയന വ്യവസ്ഥകൾ ചർച്ച ചെയ്യും. രണ്ടു യോഗങ്ങളിലും കാര്യമായ വിയോജിപ്പില്ലെങ്കിൽ , അടുത്തമാസം ആദ്യം ജനതാദൾ ദേശീയ പ്രസിഡന്റ് എച്ച്. ഡി. ദേവെഗൗഡ ലയന പ്രഖ്യാപനം നടത്തും.

എൽജെഡി പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാറും ജനതാദൾ ( എസ് ) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എംഎൽഎയും മന്ത്രി കെ. കൃഷ്ണൻകുട്ടിയും കഴിഞ്ഞദിവസം ദേവെഗൗഡയുമായി ചർച്ച നടത്തിയിരുന്നു.

എൽജെഡി എൽഡിഎഫിൽ തിരികെയെത്തിയ അന്നു മുതൽ ജനതാദളുമായുള്ള ലയനത്തിനു സിപിഎം നിർബന്ധം പിടിക്കുന്നതാണെങ്കിലും പാർട്ടി പദവികൾ പങ്കുവയ്ക്കുന്നതു സംബന്ധിച്ച തർക്കം മൂലം ഇതുവരെ ലയനം സാധ്യമായില്ല. സിപിഎമ്മിന്റെ നിർബന്ധം ഇപ്പോഴുമുണ്ട്. ദേശീയതലത്തിൽ ജനതാ പാർട്ടികളുടെ ലയനത്തിനു വേണ്ടി നടക്കുന്ന ശ്രമങ്ങളും കേരളത്തിലെ സോഷ്യലിസ്റ്റ് പാർട്ടികളുടെ കൂടിച്ചേരൽ എളുപ്പമാക്കി.

സംസ്ഥാന പ്രസിഡന്റ്, സീനിയർ വൈസ് പ്രസിഡന്റ്, പാർലമെന്ററി ബോർഡ് ചെയർമാൻ, മന്ത്രി സ്ഥാനങ്ങളെച്ചൊല്ലിയായിരുന്നു ഇതുവരെയുണ്ടായിരുന്ന തർക്കം. ഇക്കാര്യത്തിൽ ധാരണയായി. പാർട്ടി പ്രസിഡന്റ് , മന്ത്രി സ്ഥാനം എന്നിവ ദൾ (എസ്)നും സീനിയർ ൈവസ് പ്രസിഡന്റ്, പാർലമെന്ററി ബോർഡ് ചെയർമാൻ സ്ഥാനം എൽജെഡിക്കും ലഭിക്കും. ഇരു പാർട്ടികൾക്കും 7 ജില്ലാ പ്രസിഡന്റ്മാരെ വീതം ലഭിക്കും. ഇതിൽ വടക്കൻ ജില്ലകൾ എൽജെഡിക്കും മധ്യ കേരളത്തിൽ ദളിനുമാവും മുൻതൂക്കം. സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും തുല്യമായി പങ്കിടും. എന്നാൽ, ഏതാനും പ്രധാന ജില്ലകളുടെ കാര്യത്തിൽ തർക്കം തുടരുന്നു.

മാത്യു ടി.തോമസ്, കെ. കൃഷ്ണൻകുട്ടി എന്നിവർക്കു പുറമേ എൽജെഡി എംഎൽഎ കെ. പി. മോഹനൻ കൂടി എത്തുന്നതോടെ ദൾ (എസ്) നു നിയമസഭയിൽ 3 എംഎൽഎമാരാകും.

ദേശീയതലത്തിൽ പഴയ ജനതാദൾ പാർട്ടികളെ ഒന്നിപ്പിക്കാൻ നിതീഷ്കുമാർ നടത്തുന്ന ശ്രമങ്ങൾക്കു ബെംഗളൂരുവിൽ ചേർന്ന ദൾ ദേശീയ പ്ലീനം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ദൾ പാർട്ടികൾ ഒറ്റ ചിഹ്നത്തിൽ മത്സരിക്കണമെന്ന ലക്ഷ്യത്തോടെയാണു ദേശീയതലത്തിൽ ലയന നീക്കം സജീവമാക്കിയിട്ടുള്ളത്.

English Summary : Janata Dal (S) and LJD to merge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com