ADVERTISEMENT

തിരുവനന്തപുരം∙ എറണാകുളം സംസ്ഥാന സമ്മേളനത്തിൽ മുന്നോട്ടുവച്ച പരിഷ്കരണ അജൻഡയ്ക്ക് ഒടുവിൽ എൽഡിഎഫിന്റെ അംഗീകാരം നേടിയിരിക്കുന്നു സിപിഎം. പാർട്ടിക്ക് വൈകി മാത്രമേ വിവേകം ഉദിക്കുകയുള്ളോ എന്ന പരിഹാസവും എഡിബിക്കും സ്വാശ്രയ കോളജുകൾക്കും എതിരെ നടത്തിയ തീ തുപ്പും പോരാട്ടങ്ങൾ എന്തിനു വേണ്ടിയായിരുന്നു എന്ന ചോദ്യവും സിപിഎം നേരിടുകയാണ്.

സ്വകാര്യ സർവകലാശാലയോടും വിദേശ സർവകലാശാലയോടും ഒരേ ദിവസം നടത്തിയ പ്രതികരണങ്ങളും പാർട്ടിയുടെ ഇരട്ടത്താപ്പിലേക്കാണു വിരൽ ചൂണ്ടുന്നത്. സിപിഎമ്മും എൽഡിഎഫും അംഗീകരിച്ചതുകൊണ്ട് സ്വകാര്യ സർവകലാശാലയ്ക്കുള്ള അനുമതി എന്നതു കാലോചിത തീരുമാനമാണ്. ലോകത്തിന്റെ മാറ്റങ്ങൾ സ്വാംശീകരിക്കുന്നതിന്റെ ഭാഗമാണ്. എന്നാൽ കേന്ദ്രസർക്കാർ നിർദേശിച്ച വിദേശ സർവകലാശാലയുടെ കാര്യത്തിൽ നയം അതല്ല. അത് ഏകപക്ഷീയമായി അനുവദിക്കില്ല. വ്യവസ്ഥകൾ മനസ്സിലാക്കുകയും കൂടുതൽ ചർച്ചകൾ നടത്തുകയും വേണം. സിപിഐയുടെ രാജ്യസഭാംഗം ബിനോയ് വിശ്വം കഴിഞ്ഞ ദിവസം എതിർപ്പു പ്രകടിപ്പിച്ചതും വിദേശ സർവകലാശാലയുടെ കാര്യത്തിലാണ്. ‘സാമൂഹിക നിയന്ത്രണം’ എന്ന വാക്കോ ഉപാധിയോ ചൂണ്ടിക്കാട്ടിയാണ് കേരള ഘടകം സ്വകാര്യ സർവകലാശാലയ്ക്കു കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി വാങ്ങിയത്.

എറണാകുളം സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരള രേഖയിൽ ഉന്നതവിദ്യാഭ്യാസ രംഗത്തു വിദേശനിക്ഷേപത്തിനും വൻകിട സ്വകാര്യ സ്ഥാപനങ്ങൾക്കും വാതിൽ തുറക്കുന്നതായി നടത്തിയ പ്രഖ്യാപനം കേന്ദ്ര നേതൃത്വത്തിന്റെ അനുവാദം വാങ്ങിയിട്ട് ആയിരുന്നില്ല. പിന്നീട്, പാർട്ടിക്കു പിന്നിൽ അണിനിരക്കുന്ന വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട മുഴുവൻ സംഘടനകളുടെയും പിന്തുണ മുഖ്യമന്ത്രി നേരിട്ട് ഉറപ്പാക്കി. അല്ലെങ്കിൽ സമ്മർദത്തിലൂടെ ആ വിദ്യാർഥി–അധ്യാപക–യുവജന സംഘടനകളുടെ വായടപ്പിച്ചു. അതിനു ശേഷം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം വാങ്ങി. പാർട്ടിയുടെ പൂർണ പിന്തുണ വൈകിയതു കൊണ്ടാണ് സിപിഎമ്മിന്റെ നവകേരള രേഖയിലോ എൽഡിഎഫിനായി പാർട്ടി തയാറാക്കിയ വികസന രേഖയിലോ ‘സ്വകാര്യ–കൽപിത സർവകലാശാലകൾ’ എന്നു നേരിട്ട് ഒരിടത്തും പറയാതിരുന്നത്. പകരം സ്വകാര്യ മേഖലയിൽ അടക്കം വൻകിട ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണമെന്നായിരുന്നു നിർദേശം.

വിദേശനിക്ഷേപത്തിനുള്ള സാധ്യത എല്ലാ മേഖലയിലും പരമാവധി ഉപയോഗപ്പെടുത്താനും സ്വകാര്യ വാഴ്സിറ്റികൾക്ക് അനുവാദം വാങ്ങിയെടുക്കാനുമാണ് രണ്ടു രേഖകളും കൊണ്ടുവന്നത് എന്നു പറഞ്ഞാൽ അതിശയോക്തി അല്ല. ബാക്കി നിർദേശങ്ങളിൽ ഏറിയ പങ്കും വിവിധ വകുപ്പുകളിൽ ചെയ്യേണ്ട കാര്യങ്ങൾ മാത്രമാണ്. ഇതു കൂടാതെ തോട്ടങ്ങളിൽ ഫലവൃക്ഷങ്ങൾക്ക് അനുമതി നൽകുന്നതിൽ മാത്രമാണ് നയപരമായ അംഗീകാരം ആവശ്യം ഉണ്ടായിരുന്നത്. വിദേശനിക്ഷേപത്തിനും സ്വകാര്യ വാഴ്സിറ്റിക്കും മൗനത്തിലൂടെ പരവതാനി വിരിച്ച സിപിഐ കർഷകരും തോട്ടം ഉടമകളും ഉന്നയിക്കുന്ന ആ ആവശ്യത്തിൽ ഉടക്ക് തുടരുന്നു. കേരള കോൺഗ്രസ് (എം) പിന്തുണച്ച ആ ആവശ്യത്തെ പരാജയപ്പെടുത്തുന്നതിൽ സിപിഐയ്ക്കു വിജയിക്കാനായി.

വിദേശ വാഴ്സിറ്റി: വിമർശിച്ച് സിപിഐ

ന്യൂഡൽഹി ∙ ഇന്ത്യയിലേക്ക് സ്വകാര്യ സർവകലാശാലകൾ വരുന്നതിനെതിരെ ലേഖനവുമായി സിപിഐയുടെ ദേശീയ പ്രസിദ്ധീകരണം ന്യൂ ഏജ്. ‘വരൂ, കാണൂ, കീഴടക്കൂ’ എന്നാണ് ആർഎസ്എസ്– ബിജെപി സഖ്യത്തിന്റെ ആത്മനിർഭർ ഭാരത് വിദേശ സർവകലാശാലകളോടു പറയുന്നതെന്ന് ലേഖനം ആരോപിക്കുന്നു. ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ സാമൂഹികനീതിയെ യുജിസിയും അവരുടെ രാഷ്ട്രീയ യജമാനൻമാരും കണക്കിലെടുക്കുന്നില്ല. സംവരണം സംബന്ധിച്ച് ചർച്ചകളില്ല. വിദേശ സർവകലാശാലകൾക്ക് സംവരണം അജ്ഞാത സങ്കൽപമാണ് – ലേഖനം പറയുന്നു.

ഇ.പി സ്വയം ട്രോളിയോ?

കൂത്തുപറമ്പ് സമരത്തിനടക്കം നേതൃത്വം കൊടുത്ത കണ്ണൂരിലെ പാർട്ടിയുടെ പ്രധാനിയായ ഇ.പി.ജയരാജൻ തന്നെയാണ് മാറിയ കാലത്തിനൊപ്പം പാർട്ടിയും മാറേണ്ട ആവശ്യകത കഴിഞ്ഞ ദിവസം ഊന്നിപ്പറഞ്ഞത്. ഭൂമി പരന്നതാണെന്നു വിചാരിച്ചവർക്ക് പിന്നീടു വിവരം വന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടിയത് സ്വയം ട്രോളിയതല്ലേയെന്നു പരിഹസിക്കുന്നവരുണ്ട്.

സ്വകാര്യ – കൽപിത സർവകലാശാലകൾ അനുവദിക്കാനുള്ള എൽഡി എഫ് തീരുമാനത്തെ യുഡിഎഫ് സ്വാഗതം ചെയ്തതോടെ അവ ആരംഭിക്കാനുള്ള നടപടിക്രമങ്ങളാണ് അവശേഷിക്കുന്ന കടമ്പ. സിപിഎമ്മിന്റെ വൈകി വന്ന ബോധോദയത്തെ പരിഹസിക്കുന്ന യുഡിഎഫ് മാറ്റത്തോടുള്ള അവരുടെ മുഖംതിരിക്കൽ കേരളത്തിന് ഉണ്ടാക്കിയ നഷ്ടം കൂടി ഓർമിപ്പിക്കുന്നു.

English Summary : CPM corrects their mistake regarding self financing colleges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com