ADVERTISEMENT

ശബരിമല ∙ പൂങ്കാവനമാകെ പ്രതിധ്വനിച്ച ശരണമന്ത്രങ്ങളുടെ അകമ്പടിയിൽ പതിനായിരക്കണക്കിനു തൊഴുകൈകളെയും നിറമിഴികളെയും സാക്ഷിയാക്കി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. തുടർന്ന് ഇടതടവില്ലാതെ മുഴങ്ങിയ ശരണം വിളികളുടെ ഇടവേളകളിൽ 2 തവണകൂടി ജ്യോതി മിന്നിത്തെളിഞ്ഞു. 

വൈകിട്ട് 5ന് നടതുറക്കുന്നതിനു മുൻപേ തീർഥാടകർ സന്നിധാനത്തും പരിസരത്തും തിങ്ങിനിറഞ്ഞിരുന്നു. രണ്ടു ദിവസം മുൻപ് പന്തളത്തുനിന്നു കാൽനടയായി ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര ഇതിനിടെ ശരംകുത്തിയിലെത്തി. തുടർന്ന് തിരുവാഭരണം സ്വീകരിക്കാൻ തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയും ചേർന്നു ദേവസ്വം അധികൃതരെയും അയ്യപ്പസേവാസംഘം പ്രവർത്തകരെയും ശരംകുത്തിയിലേക്കു യാത്രയാക്കി.

കണ്ണിലാണു പൊൻവെളിച്ചം... വ്രതനിഷ്ഠയിൽ തപം ചെയ്ത മനസ്സുമായി വിശുദ്ധിയുടെ പടവുകൾ താണ്ടിയെത്തിയ തീർഥാടകർ ശബരിമല 
തിരുമുറ്റത്തുനിന്നു പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതി തൊഴുന്നു. ചിത്രം: ഹരിലാൽ ∙ മനോരമ
കണ്ണിലാണു പൊൻവെളിച്ചം... വ്രതനിഷ്ഠയിൽ തപം ചെയ്ത മനസ്സുമായി വിശുദ്ധിയുടെ പടവുകൾ താണ്ടിയെത്തിയ തീർഥാടകർ ശബരിമല തിരുമുറ്റത്തുനിന്നു പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതി തൊഴുന്നു. ചിത്രം: ഹരിലാൽ ∙ മനോരമ

പതിനെട്ടാംപടി കടന്നെത്തിയ തിരുവാഭരണം മന്ത്രി കെ.രാധാകൃഷ്ണന്റെയും ദേവസ്വം ബോർഡ് അധികൃതരുടെയും നേതൃത്വത്തിൽ സ്വീകരിച്ചു. കൊടിപ്പെട്ടിയും കലശക്കുടവും മാളികപ്പുറത്തേക്കും കൊണ്ടുപോയി. സോപാനത്തുനിന്നു തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങിയ തിരുവാഭരണങ്ങൾ ശ്രീകോവിലിലേക്കു കൊണ്ടുപോയി. ശേഷം തിരുവാഭരണങ്ങൾ ചാർത്തി കൂടുതൽ ശോഭയോടെ വിളങ്ങുന്ന അയ്യപ്പന് ദീപാരാധന. 

സമയം 6.46. ഇരുളിനെയും മഞ്ഞിനെയും ഭേദിച്ച്, ഭക്തരുടെ മനസ്സിൽ പുണ്യപ്രഭ പകർന്ന് മകരജ്യോതി മിന്നിത്തെളിഞ്ഞു. തെളിമ പകർന്ന മകരവിളക്കിനു മുന്നിൽ ഭക്തർ കർപ്പൂര ആരതിയുഴിഞ്ഞു. തുടർന്ന് അടുത്ത മകരവിളക്കിന് വീണ്ടുമെത്താമെന്ന പ്രതീക്ഷയോടെ മലയിറങ്ങിത്തുടങ്ങി. 17ന് രാത്രി വരെ തിരുവാഭരണം ചാർത്തിയുള്ള ദർശനം ലഭിക്കും. 18ന് കളഭാഭിഷേകം. തീർഥാടനത്തിന് സമാപനം കുറിച്ച് 19ന് രാത്രി ഗുരുതി. 20ന് രാവിലെ 6.30ന് നട അടയ്ക്കുന്നതോടെ ഈ തീർഥാടനകാലത്തിനു സമാപനമാകും. 

മകരജ്യോതി ദർശനത്തിനായി ശബരിമല സന്നിധാനം മരാമത്ത് കോംപ്ലക്സിനു സമീപം ഭക്തർ തമ്പടിച്ചപ്പോൾ. ചിത്രം: ഹരിലാൽ ∙ മനോരമ
മകരജ്യോതി ദർശനത്തിനായി ശബരിമല സന്നിധാനം മരാമത്ത് കോംപ്ലക്സിനു സമീപം ഭക്തർ തമ്പടിച്ചപ്പോൾ. ചിത്രം: ഹരിലാൽ ∙ മനോരമ
ശബരിമല സന്നിധാനത്ത് ദർശനത്തിനായി കാത്ത് നിൽക്കുന്ന ഭക്തർ. ചിത്രം: ഹരിലാൽ • മനോരമ
ശബരിമല സന്നിധാനത്ത് ദർശനത്തിനായി കാത്ത് നിൽക്കുന്ന ഭക്തർ. ചിത്രം: ഹരിലാൽ • മനോരമ
സൂര്യതേജസ്സിൽ...
ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ട തിരക്ക്. ചിത്രം: ഹരിലാൽ • മനോരമ
സൂര്യതേജസ്സിൽ... ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ട തിരക്ക്. ചിത്രം: ഹരിലാൽ • മനോരമ

 

 

Content Highlights: Sabarimala Makaravilakku, Sabarimala Pilgrimage, Makar Sankranti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com