ADVERTISEMENT

ന്യൂഡൽഹി ∙ വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ബഫർ സോൺ (പരിസ്ഥിതിലോല മേഖല) നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയിൽ ഇളവു ലഭിക്കാൻ സാധ്യതയേറി. കഴിഞ്ഞവർഷം ജൂൺ മൂന്നിലെ വിധിയിൽ പരിഷ്കരണം ആവശ്യപ്പെട്ടുള്ള അപേക്ഷകൾ മൂന്നംഗ ബെഞ്ചിനു വിട്ടു. 

ബഫർ സോണിൽ ഖനനം പോലുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കാനാണ് പ്രധാനമായി ലക്ഷ്യമിട്ടതെന്നു കോടതി വ്യക്തമാക്കി. നിർമാണപ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണം സാധാരണ ജനങ്ങൾക്കു പ്രശ്നമാകുന്നുവെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഈ വിശദീകരണം. ചില മേഖലകൾക്ക് ഇളവ് വേണമെന്ന ആവശ്യം ന്യായമാണെന്നു ജഡ്ജിമാരായ ബി.ആർ.ഗവായ്, വിക്രം നാഥ് എന്നിവരടങ്ങുന്ന ബെഞ്ചും സമ്മതിച്ചു. ഇക്കാര്യത്തിൽ മൂന്നംഗ ബെഞ്ച് പരിശോധിച്ചു തീരുമാനമെടുക്കും.

അതേസമയം, എല്ലായിടത്തും ഇളവ് അനുവദിക്കരുതെന്നും നിർബന്ധമായും നിയന്ത്രണം വേണ്ട മേഖലകളുണ്ടെന്നും അമിക്കസ് ക്യൂറി കെ.പരമേശ്വർ പറഞ്ഞു. അന്തിമ വിജ്ഞാപനമായതും അന്തിമവിജ്ഞാപനത്തോട് അടുത്തതുമായ മേഖലകൾക്ക് ഇളവു നൽകണമെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തോടു കേരളവും യോജിച്ചു. സംസ്ഥാനാന്തര അതിർത്തികളിലുള്ള വന്യജീവി സങ്കേതങ്ങൾക്കും ഇളവ് വേണമെന്നു കേന്ദ്രം വാദിച്ചു.

പുതിയ മൂന്നംഗ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് തീരുമാനിക്കും. ജസ്റ്റിസ് ബി.ആർ.ഗവായ് തന്നെയാകും പുതിയ ബെഞ്ചിനെ നയിക്കുക. കഴിഞ്ഞവർഷം വിധി പറഞ്ഞ ജസ്റ്റിസ് എൽ.നാഗേശ്വർ റാവുവിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിലും ജസ്റ്റിസ് ഗവായ് അംഗമായിരുന്നു.

സുപ്രീം കോടതി നിലപാട് ജനങ്ങൾക്ക് ആശ്വാസ‍വും പ്രതീക്ഷയും നൽകുന്നു. കേരളം മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കുന്ന സാഹചര്യമാണ്.

കോടതിയുടെ ചോദ്യം: ‘എന്തുകൊണ്ട് േനരത്തേ പറഞ്ഞില്ല’

സുപ്രീം കോടതി വിധിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ഇളവ് ആവശ്യപ്പെട്ടപ്പോൾ ഇക്കാര്യങ്ങൾ എന്തുകൊണ്ട് നേരത്തേ ശ്രദ്ധയിൽപ്പെടുത്തിയില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. അന്നു വിഷയം ശ്രദ്ധയിൽപ്പെടുത്താനായില്ലെന്നു കേന്ദ്രവും സമ്മതിച്ചു. എന്നാൽ, രാജസ്ഥാനിലെ സംരക്ഷിത മേഖലയുടെ കേസ് മാത്രമായിരുന്നതിനാലാണ് അന്നങ്ങനെ സംഭവിച്ചതെന്നും വിശദീകരിച്ചു.

അടുത്തയാഴ്ച തന്നെ വാദത്തിനു സാധ്യത

ന്യൂഡൽഹി ∙ കേസ് അടുത്തയാഴ്ചതന്നെ വാദത്തിനെടുക്കാൻ സൗകര്യമൊരുക്കണമെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ രണ്ടംഗ െബഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യർഥിച്ചു. ജൂണിലെ വിധിയെഴുതിയ ജസ്റ്റിസ് അനിരുദ്ധ ബോസിനെ പുതിയ ബെഞ്ചിൽ ഉൾപ്പെടുത്താൻ സാധ്യതയുമുണ്ട്. കേരളവും മറ്റും നൽകിയ പുനഃപരിശോധനാ ഹർജി കോടതിയുടെ പരിഗണനയ്ക്ക് എത്തിയിട്ടില്ല.  മൂന്നംഗ ബെഞ്ച് കേന്ദ്രത്തിന്റെ അപേക്ഷ അനുവദിച്ചു നടപടിയെടുത്താൽ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കേണ്ടിവരില്ലെന്നു കോടതി സൂചിപ്പിച്ചു.

English Summary: Supreme Court sends buffer zone review petitions to three-judge Bench

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കർഷക സംഘടനകളുൾപ്പെടെ മറ്റു ഹർജിക്കാരും സുപ്രീം കോടതി കഴിഞ്ഞ ജൂൺ 3ന് പുറപ്പെടുവിച്ച വിധിയിൽ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബഫർസോണുകൾക്കു കർശന നിബന്ധനകൾ നിർദേശിച്ച് ജൂണിൽ നൽകിയ വിധി നിലവിലുള്ള കരട് വിജ്ഞാപനങ്ങൾക്കു ബാധകമാക്കരുതെന്നാണ് കേരളത്തിന്റെ ആവശ്യം. അന്തിമ വിജ്ഞാപനവും കരടു വിജ്ഞാപനവും ഇറങ്ങിയതും സംസ്ഥാനങ്ങളിൽനിന്ന് നിർദേശങ്ങൾ ലഭിച്ചതുമായ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും നിലവിലെ വിധി ബാധകമല്ലെന്നു വ്യക്തമാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. കേരളത്തിലേതുൾപ്പെടെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കുമുള്ള ബഫർസോൺ നിബന്ധനകളിൽ‍ ഇളവ് അനുവദിക്കുന്നതു പരിഗണിക്കാമെന്ന് സുപ്രീം കോടതി നേരത്തേ വാക്കാൽ സൂചിപ്പിച്ചിരുന്നു. 
 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com