ADVERTISEMENT

ഹൈദരാബാദ് ∙ 1984 ജനുവരിയിൽ 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ കേരളത്തിൽ സുകുമാരക്കുറുപ്പ് ചെയ്ത അതേ ക്രൂരത 39 വർഷങ്ങൾക്കുശേഷം 6 കോടി രൂപയ്ക്കു വേണ്ടി ആവർത്തിച്ച തെലങ്കാനയിലെ സെക്രട്ടേറിയറ്റ് ജീവനക്കാരൻ അറസ്റ്റിൽ. അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസർ ധർമേന്ദ്ര നായിക് (48) ആണ് കൊലപാതകം നടത്തി 10–ാം ദിവസം കുടുങ്ങിയത്. കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ നാലു പതിറ്റാണ്ടായിട്ടും ഉത്തരം കിട്ടാത്ത സമസ്യയ്ക്ക് തെലങ്കാന പൊലീസ് മൊബൈൽ കോളുകൾ നിരീക്ഷിച്ച് ഉത്തരം കണ്ടെത്തിയത് നാലാം ദിവസം. 

ധർമയുടെ വഴി

ജനുവരി 9ന് രാവിലെ മേഡക് ജില്ലയിലെ വെങ്കട്പുരിൽ വഴിയോരത്ത് ഒരു കാർ കത്തിയ വിവരം അതുവഴി പോയ പാൽക്കാരനാണ് പൊലീസിൽ അറിയിച്ചത്. പൊലീസെത്തി കാർ പരിശോധിച്ചു. റോഡിൽ നിന്ന് നിയന്ത്രണം തെറ്റി സമീപത്തെ കുഴിയിലേക്കു വീണ് കാറിനു തീപിടിച്ചതാണെന്ന് വിലയിരുത്തി. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട മൃതദേഹം കാറുടമയായ എം.ധർമ നായികിന്റേതാണെന്ന് തിരിച്ചറിഞ്ഞു. പൊലീസ് അറിയച്ചതു പ്രകാരം ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൂന്നാം തീയതി വാങ്ങിയ കാറിൽ ഭാര്യ നീലയോടൊപ്പം അഞ്ചിന് വെങ്കട്പുരിലേക്ക് പോയ ധർമ ലീവ് കഴിഞ്ഞ് മടങ്ങും വഴിയായിരുന്നെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കൾ സംസ്കാരവും നടത്തി. 

പൊലീസിന്റെ വഴി

കത്തിക്കരിഞ്ഞ കാറിനു സമീപത്തു നിന്ന് ഒരു പെട്രോൾ കുപ്പി ലഭിച്ചതാണ് പൊലീസിന്റെ സംശയം ആദ്യമുണർത്തിയത്. ഒപ്പം ധർമയുടെ വസ്ത്രങ്ങളും തിരിച്ചറിയൽ കാർഡും കേടുപാടൊന്നുമില്ലാതെ കാറിനു സമീപത്തുനിന്നു ലഭിച്ചു. പിറ്റേ ദിവസം, ധർമയോടു സാദൃശ്യമുള്ള ഒരാളെ നിരീക്ഷണ ക്യാമറയിൽ കണ്ടത് സംശയം വർധിപ്പിച്ചു. ഇതോടെ, പൊലീസ് ധർമയുടെ ബന്ധുക്കളുടെ ഫോൺ വിളികൾ നിരീക്ഷിച്ചു. ധർമയുടെ പേരിൽ പുതുതായി ചേർന്ന 6 കോടിയിലേറെ രൂപയുടെ പോളിസികൾ ഉണ്ടെന്ന് ഇൻഷുറൻസ് കമ്പനി നൽകിയ വിവരം നിർണായകമായി. സംസ്കാരം കഴിഞ്ഞ് രണ്ടാം ദിവസം അയാളുടെ ഭാര്യ നീലയ്ക്ക് അജ്ഞാത നമ്പറിൽ നിന്ന് ഒരു കോൾ വന്നു. പഞ്ചായത്ത് ഓഫിസിൽ നിന്ന് ധർമയുടെ മരണ സർട്ടിഫിക്കറ്റ് വാങ്ങി ഇൻഷുറൻസ് കമ്പനിയിൽ സമർപ്പിക്കാനായിരുന്നു നിർദേശം. ഇതോടെ, മരിച്ചത് ആരാണെങ്കിലും കൊന്നത് ധർമയാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. അജ്ഞാത ഫോൺ കോൾ ട്രാക്ക് ചെയ്ത പൊലീസ് സംഘം പുണെയിൽ എത്തിയപ്പോൾ മുന്നിൽ നിൽക്കുന്നു യഥാർഥ ധർമ. 

മരിച്ചത് ആര് ?

ഓൺലൈൻ വ്യാപാരത്തിലൂടെ 2 കോടി രൂപയിലേറെ നഷ്ടമുണ്ടായ ധർമ 6 കോടിയിലേറെ രൂപയുടെ ഇൻഷുറൻസ് എടുത്ത ശേഷം ഒരു വർഷത്തോളമായി കൊലപാതകത്തിന് പദ്ധതിയിട്ടിരുന്നു. ഏതാനും മാസം മുൻപ് അൻജയ്യ എന്നൊരാളെ ഇരയായി കണ്ടെത്തുകയും ചെയ്തു. എന്നാൽ, കൊലപാതകം നടത്താനായി നിശ്ചയിച്ച ദിവസം അൻജയ്യ മദ്യപിച്ചിരുന്നതിനാൽ പദ്ധതി ഉപേക്ഷിച്ചു. മദ്യപിച്ച് അപടകമുണ്ടായാൽ ഇൻഷുറൻസ് ലഭിക്കില്ലെന്നു ഭയന്നായിരുന്നു ഇത്. തുടർന്നാണ് നിസാബാമാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് തന്നോടു സാദൃശ്യമുള്ള ബാബു എന്നൊരാളെ ധർമ കണ്ടെത്തുന്നത്.

മരുമകൻ ശ്രീനിവാസിനൊപ്പം അയാളെ കാറിൽക്കയറ്റി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിലിരുത്തി കത്തിക്കുകയായിരുന്നു. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായ ധർമയുടെ ഭാര്യ നീല, മരുമകൻ ശ്രീനിവാസ്, സഹോദരി സുനന്ദ എന്നിവരെയും അറസ്റ്റ് ചെയ്തതായി എസ്പി രോഹിണി പ്രിയദർശിനി പറഞ്ഞു. 

‘കുറുപ്പ് മോഡൽ’ എന്ന് തെലുങ്ക് മാധ്യമങ്ങൾ

ദുൽഖർ സൽമാൻ നായകനായ മലയാള സിനിമ ‘കുറുപ്പ്’ മാതൃകയാക്കിയ കൊലപാതകം എന്നാണ് തെലുങ്ക് മാധ്യമങ്ങൾ ഈ സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സുകുമാരക്കുറുപ്പ് നടത്തിയ കൊലപാതകവുമായി ഈ കുറ്റകൃത്യത്തിനുള്ള സാദൃശ്യവും മാധ്യമങ്ങൾ അക്കമിട്ടു നിരത്തുന്നു. കുറുപ്പ് സിനിമയുടെ തെലുങ്ക് പതിപ്പ് 2021 നവംബറിലാണ് പുറത്തിറങ്ങിയത്. 

കുറുപ്പ് ചെയ്ത ക്രൂരകൃത്യം

39 വർഷം മുൻപ് 1984 ജനുവരി 22ന് 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ആലപ്പുഴ ജില്ലയിലെ ചെറിയനാട് പുത്തൻവീട്ടിൽ സുകുമാരക്കുറുപ്പ് നടത്തിയ ആസൂത്രിത കൊലപാതകം. ഭാര്യാസഹോദരിയുടെ ഭർത്താവ് ഭാസ്കരപിള്ളയും ഡ്രൈവർ പൊന്നപ്പനും ഗൾഫിലെ സുഹൃത്ത് ചാവക്കാട് സ്വദേശി ഷാഹുവും േചർന്നു സുകുമാരക്കുറുപ്പിന്റെ ഏകദേശ രൂപമുള്ള ചാക്കോയെ കൊലപ്പെടുത്തി കാറിനുള്ളിലിട്ടു കത്തിച്ച് വഴിയിൽ ഉപേക്ഷിച്ചു. 

കൊല്ലപ്പെട്ടതു സുകുമാരക്കുറപ്പ് എന്നായിരുന്നു ആദ്യ ധാരണ. കൊല്ലപ്പെട്ടത് ആലപ്പുഴ സ്വദേശി ഫിലിം റെപ്രസന്റേറ്റീവ് എൻ.ജെ.ചാക്കോയെന്നു പിന്നീട് പൊലീസ് കണ്ടെത്തി. സുകുമാരക്കുറുപ്പ് ഒഴികെ മറ്റെല്ലാ പ്രതികളെയും പിടികൂടി. മുഖ്യസൂത്രധാരൻ സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ ഇതുവരെ സാധിച്ചില്ല. 

English Summary: Sukumara Kurup model murder in Telangana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com