ADVERTISEMENT

കോഴിക്കോട് ∙ ജോഷിമഠിൽ ദുരന്തബാധിതർക്കു സഹായമെത്തിക്കാൻ പോയ മലയാളി വൈദികൻ വാഹനവുമായി കൊക്കയിലേക്കു വീണു മരിച്ചു. ചക്കിട്ടപാറ സ്വദേശി ഫാ. മെൽവിൻ ഏബ്രഹാം പാറത്താഴത്ത് (36) ആണു വ്യാഴാഴ്ച രാത്രി അപകടത്തിൽ മരിച്ചത്. 

ദുരിതാശ്വാസ സാധനങ്ങളുമായി കോട്‌ദ്വാരയിലെ ബിഷപ്സ് ഹൗസിൽനിന്നു 18നു രാവിലെയാണ് ജീപ്പിൽ ഒറ്റയ്ക്കു ഫാ. മെ‍ൽവിൻ പുറപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ബിജ്നോർ രൂപതയുടെ കീഴിൽ ജോഷിമഠിലുള്ള പ്രീസ്റ്റ് ഹൗസിൽ എത്തിച്ചേർന്നു. അവിടെനിന്നു ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യാനായി മറ്റൊരു വൈദികനും സുഹൃത്തിനുമൊപ്പമുള്ള യാത്രയ്ക്കിടെ ദുർഘടപാതയിൽ ജീപ്പ് കുടുങ്ങി. പിന്നോട്ട് എടുക്കുമ്പോൾ മഞ്ഞിൽ തെന്നിപ്പോയ ജീപ്പ് 500 മീറ്റർ താഴെ കൊക്കയിലേക്കു പതിക്കുകയായിരുന്നു.

Read Also: ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; പത്തനംതിട്ടയിൽ 8 പേർക്ക് പരുക്ക്

ഫാ. മെൽവിന്റെ നിർദേശാനുസരണം, കൂടെയുണ്ടായിരുന്ന വൈദികനും സുഹൃത്തും പുറത്തേക്കിറങ്ങി വാഹനം പിന്നോട്ടു കൂടുതൽ പോകാതിരിക്കാൻ കട്ട വച്ചെങ്കിലും ജീപ്പ് അതിനു മുകളിലൂടെ കൊക്കയിലേക്കു മറിയുകയായിരുന്നു. കനത്ത മഞ്ഞും ഇരുട്ടും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. 3 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണു മൃതദേഹം പുറത്തെത്തിക്കാനായത്. 

ചക്കിട്ടപാറ പള്ളിത്താഴത്ത് അധ്യാപകരായ ബാബു- കാതറിൻ ദമ്പതികളുടെ മകനാണ് ഫാ. മെൽവിൻ ഏബ്രഹാം. ബിജ്നോർ രൂപതയിലായിരുന്നു സേവനം. സഹോദരങ്ങൾ: ഷാലറ്റ്, ഷാൽബിൻ. ബന്ധുക്കൾ ഇന്നലെ തന്നെ ഉത്തരാഖ‍ണ്ഡിലേക്കു പുറപ്പെട്ടു. ഇന്നലെ ഋഷികേശിൽ എത്തിച്ച മൃതദേഹം നാളെ വൈകിട്ട് 5 മുതൽ കോട്ദ്വാറിലെ സെന്റ് ജോസഫ്സ് കത്തീഡ്രലിൽ പൊതുദർശനത്തിനു വയ്ക്കും. 23ന് 9ന് സംസ്കാരച്ചടങ്ങുകൾ ആരംഭിക്കും. 

English Summary: Malayali priest died in an accident at Joshimath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com