ജപ്തിയുടെ മറവിൽ നിരപരാധികളെ വേട്ടയാടുന്നു: ലീഗ്
Mail This Article
കോഴിക്കോട് ∙ പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമത്തിന്റെ പേരിൽ ആളുമാറി ജപ്തി നടപടി എടുത്തതിൽ ആർക്കാണു വീഴ്ച പറ്റിയതെന്നു സർക്കാർ മറുപടി പറയണമെന്നു മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മലപ്പുറത്ത് ലീഗ് ജനപ്രതിനിധികൾ അടക്കമുള്ളവർ ജപ്തി നടപടി നേരിടുന്നു. തീവ്രവാദികളെ നേരിടാൻ നിയമപരമായ ഏതു വഴിയും സർക്കാരിനു സ്വീകരിക്കാം. എന്നാൽ അതിന്റെ പേരിൽ മറ്റു രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ വേട്ടയാടുന്നത് അനുവദിക്കാനാകില്ല. മലപ്പുറത്ത് രണ്ടു ലീഗ് ജനപ്രതിനിധികളുടെ സ്വത്തു കണ്ടു കെട്ടാനാണു നീക്കം. അവരുടെ പേര് എങ്ങനെയാണു പട്ടികയിൽ ഉൾപ്പെട്ടതെന്നു സർക്കാർ വ്യക്തമാക്കണം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും.
പിഎഫ്ഐ ഹർത്താലിന്റെ പേരിലുള്ള ജപ്തി നടപടി ഉത്തരേന്ത്യൻ മോഡലിലാണെന്നു മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി കുറ്റപ്പെടുത്തി.പോപ്പുലർ ഫ്രണ്ടിനെ മുൻനിരയിൽ നിന്ന് എതിർക്കുന്നവരാണു ലീഗുകാർ. തെറ്റുകാരനല്ലെന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം നിരപരാധികൾക്കായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിന്റെ പേരു പറഞ്ഞ് ലീഗ് പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ലെന്നു സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. എടരിക്കോട് പഞ്ചായത്തിലെ ലീഗ് അംഗം സി.ടി.അഷ്റഫിന്റെ വീടിനു മുൻപിൽ നോട്ടിസ് പതിച്ചിരുന്നു. അങ്ങാടിപ്പുറത്തും തിരൂരങ്ങാടിയിലും ആളുമാറി നോട്ടിസ് പതിച്ചതായി പരാതിയുണ്ട്. ജപ്തി ചെയ്യേണ്ട ആളുകളുടെ പട്ടിക എവിടെ നിന്നാണു കിട്ടിയതെന്നും ആരാണു പിന്നിൽ പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും സലാം പറഞ്ഞു.
English Summary: Police torturing IUML members under the guise of raid on PFI