ADVERTISEMENT

തിരുവനന്തപുരം ∙ സർവകലാശാലകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും യുജിസി അധ്യാപകരുടെ ഏഴാം ശമ്പള പരിഷ്കരണത്തിന്റെ കുടിശിക നൽകുന്നത് സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാന സർക്കാർ മരവിപ്പിച്ചു. സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോൾ കുടിശിക നൽകുമെന്നും ധനവകുപ്പിന്റെ ഉത്തരവിലുണ്ട്. 2016 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് സർക്കാർ യുജിസി ശമ്പള പരിഷ്കരണം നടപ്പിലാക്കിയത്.

കുടിശിക ഇൗ മാസം, ഇക്കൊല്ലം ജൂൺ, 2024 ജനുവരി, 2024 ജൂൺ എന്നീ മാസങ്ങളിൽ വിതരണം ചെയ്യുമെന്നായിരുന്നു വാഗ്ദാനം. 2123.04 കോടി രൂപയാണു കുടിശിക. 1061.52 കോടി വീതമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കണ്ടെത്തേണ്ടത്. കേന്ദ്ര വിഹിതം ഇതുവരെ കിട്ടിയിട്ടില്ല. ഇതു കിട്ടിയാലും സംസ്ഥാന വിഹിതം കണ്ടെത്തുക നിലവിലെ സാമ്പത്തികാവസ്ഥയിൽ ബുദ്ധിമുട്ടാണ്.

അതിനിടെ, പ്രതിസന്ധി കാരണം വരുന്ന ബജറ്റിൽ പദ്ധതികൾക്കായി ഇൗ വർഷത്തെ അതേ തുക തന്നെ മാറ്റിവച്ചാൽ മതിയെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. തദ്ദേശ വകുപ്പിനു മാത്രമാണ് സംസ്ഥാന ധനകമ്മിഷന്റെ നിർദേശപ്രകാരം വാർഷിക പദ്ധതി അടങ്കലിൽ അര ശതമാനം തുക അധികമായി നീക്കിവയ്ക്കാൻ കഴിഞ്ഞ ആസൂത്രണ ബോർഡ് യോഗം തീരുമാനിച്ചത്. ഫെബ്രുവരി മൂന്നിനാണ് ബജറ്റ്. കഴിഞ്ഞ 2 വർഷമായി തുടരുന്ന പദ്ധതി അടങ്കലായ 30,370 കോടി തന്നെയാകും അടുത്ത വർഷവുമുണ്ടാകുക.

ഇതുവരെ മാറ്റിവച്ച പ്രധാന ബാധ്യതകൾ 

∙ സർക്കാർ ജീവനക്കാർക്ക് 4 ഗഡു ക്ഷാമബത്ത കുടിശിക. ആകെ 11%. ഇൗ മാസത്തേതു കൂടിയാകുമ്പോൾ 5 ഗഡു കുടിശികയാകും.

∙ സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ കുടിശികയുടെ 2 ഗഡുക്കൾ നൽകാൻ ബാക്കി.

∙ ജീവനക്കാരുടെ അവധി സറണ്ടർ തുക നൽകാൻ പണമില്ലാത്തതിനാൽ പിഎഫിൽ ലയിപ്പിക്കുന്നു. ഇതു പിൻവലിക്കാൻ കഴിയുക 4 വർഷത്തിനുശേഷം മാത്രം.

വിമാന യാത്രച്ചെലവിന് നിയന്ത്രണം നീക്കി

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ അടക്കമുള്ള അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്കും വകുപ്പു മേധാവികൾക്കും സംസ്ഥാനത്തിനകത്തെ വിമാനയാത്രച്ചെലവിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. തിരുവനന്തപുരം–കോഴിക്കോട് യാത്രയ്ക്ക് 4500 രൂപയും തിരുവനന്തപുരം–കൊച്ചി യാത്രയ്ക്ക് 3000 രൂപയുമാണു നിശ്ചയിച്ചിരുന്നത്. കേരളത്തിലെ യാത്രകൾക്ക് ഇനി പരിധിയില്ലാതെ പണം ചെലവിടാം.

English Summary: College teachers salary arrears seized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com