കാടിനെ അറിയുന്ന ശക്തിവേൽ, നാട്ടുകാർക്ക് രക്ഷകനായിരുന്നു; ദാരുണാന്ത്യം

HIGHLIGHTS
  • മികച്ച പ്രവർത്തനങ്ങൾക്കുള്ള വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പുരസ്കാരം ശക്തിവേൽ ഉൾപ്പെടുന്ന സംഘത്തിനു ലഭിച്ചിരുന്നു
sakthivel-try-to-run-elephant-into-forest
കൊച്ചി– ധനുഷ്കോടി പാതയിൽ മൂലത്തുറയ്ക്കു സമീപം റോഡിലിറങ്ങിയ മുറിവാലൻ കൊമ്പനെ കാട്ടിലേക്കു തുരത്തിയോടിക്കുന്ന ശക്തിവേൽ (ഫയൽചിത്രം).
SHARE

രാജകുമാരി (ഇടുക്കി) ∙ ‘‘പോടാ, ഇങ്കെ നിക്കാതെ കാട്ടിൽ കേറിപ്പോടാ...’’ നവംബർ 29നു കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ ആനയിറങ്കലിനു സമീപം റോഡിലിറങ്ങിയ ‘മുറിവാലൻ കൊമ്പൻ’ എന്ന ഒറ്റയാനെ ശകാരിച്ചു കാട്ടിലേക്കു കയറ്റിവിടുന്ന വനം വകുപ്പ് വാച്ചറുടെ വിഡിയോ ആളുകൾ കൗതുകത്തോടെയാണു കണ്ടത്. 

ഇന്നലെ കാട്ടാനക്കൂട്ടത്തിന്റെ ചവിട്ടേറ്റു മരിച്ചതു ശക്തിവേൽ എന്ന ആ താൽക്കാലിക വാച്ചറാണ്. കാട്ടാനയെ മുന്നിൽക്കണ്ട വെപ്രാളത്തിൽ ബൈക്ക് മറിഞ്ഞു റോഡിൽ വീണ 2 പേരെയാണ് അന്നു ശക്തിവേൽ രക്ഷിച്ചത്. 

വന്യജീവികളുടെ നീക്കങ്ങൾ നന്നായി അറിയാവുന്ന, കാടിനെ അടുത്തറിയാവുന്ന വാച്ചറായിരുന്നു ശക്തിവേൽ. ആനയിറങ്കൽ മേഖലയിൽ ശക്തിവേലിനെ റോ‍ഡിൽ കണ്ടാൽ സമാധാനത്തോടെ യാത്ര ചെയ്യാമെന്നാണു ഡ്രൈവർമാർ പറയാറുള്ളത്. ‘ചക്കക്കൊമ്പൻ’ എന്ന കാട്ടാനയുടെ മുന്നിൽപെട്ട ബൈക്ക് യാത്രക്കാരെ ഒരാഴ്ച മുൻപു ശക്തിവേൽ രക്ഷപ്പെടുത്തിയിരുന്നു. 

ജനവാസമേഖലകളിലിറങ്ങുന്ന കാട്ടാനകളെ തുരത്താൻ ആത്മവിശ്വാസവും ഒരു മുളവടിയും മാത്രമായിരുന്നു ശക്തിവേലിന്റെ കൈമുതൽ.  കഴിഞ്ഞ ദിവസം ആനയിറങ്കൽ ബോട്ട് ലാൻഡിങ്ങിലെത്തിയ അരിക്കൊമ്പനെയും ഒച്ചവച്ചു തുരത്തി. 

ഇന്നലെ രാവിലെ 6നു വീട്ടിൽ നിന്നിറങ്ങി. അര മണിക്കൂറിനുള്ളിൽ പന്നിയാർ എസ്റ്റേറ്റിനു സമീപമെത്തി. ആൾത്താമസമില്ലാത്ത ഈ തോട്ടം മേഖലയിലാണ് 6 പിടിയാനകളും 2 കുട്ടിയാനകളും നിലയുറപ്പിച്ചിരുന്നത്. മൂടൽമഞ്ഞിൽ ആനകൾ മുന്നിലെത്തിയതു കാണാനായില്ല. 

manorama-old-news-about-forest-watcher-sakthivel
ശക്തിവേലിനെക്കുറിച്ച് മനോരമ പ്രസിദ്ധീകരിച്ച വാർത്ത.

ദേവികുളം റേഞ്ചിനു കീഴിൽ കാട്ടാനശല്യം രൂക്ഷമായതോടെ തദ്ദേശീയരായ വാച്ചർമാരെ നിയമിക്കാൻ വനം വകുപ്പ് തീരുമാനിച്ചത് 2014ലാണ്. ആദ്യം ശക്തിവേലും പിന്നീട് 23 പേരും വാച്ചർമാരായി ചേർന്നു. വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ അവാർഡ് ശക്തിവേൽ ഉൾപ്പെടുന്ന എട്ടംഗ ദ്രുതപ്രതികരണ സേനയ്ക്കു ലഭിച്ചിരുന്നു. 

20 വർഷം; ആനക്കലിയിൽ പൊലിഞ്ഞത് 44 ജീവൻ

കഴിഞ്ഞ 2 വർഷങ്ങളിലെ വിശദാംശങ്ങൾ:

∙2021 ജൂലൈ

കോരമ്പാറ സ്വദേശിനി വിമലയെ (46) തലക്കുളത്തെ കൃഷിയിടത്തിൽ കാട്ടാന കുത്തിക്കൊന്നു. 

∙2021 സെപ്റ്റംബർ

ചട്ടമൂന്നാർ സ്വദേശിനി വിജിയെ (36) ഭർത്താവിനൊപ്പം ബൈക്കിൽ വരുമ്പോൾ ഒറ്റയാൻ ആക്രമിച്ചു  കൊലപ്പെടുത്തി. 

∙2022 മാർച്ച് 29

സിങ്കുകണ്ടം തിരുവള്ളൂർ കോളനി കൃപാഭവനിൽ ബാബുവിനെ (60) വീടിനു സമീപം ചക്കക്കൊമ്പൻ എന്ന ഒറ്റയാൻ ചവിട്ടിക്കൊലപ്പെടുത്തി.

∙2022 നവംബർ 21

തലക്കുളം സ്വദേശിയായ സ്വാമിവേലിനെ (68) കൃഷിയിടത്തിലേക്കു പോകുമ്പോൾ കാട്ടാന കുത്തിക്കൊന്നു. 

∙പത്തു വർഷത്തിനിടെ വന്യജീവിയാക്രമണത്തിൽ ഇടുക്കി ജില്ലയിൽ കൊല്ലപ്പെട്ടത് 70 പേർ. 

∙പത്തു വർഷത്തിനിടെ വന്യജീവിയാക്രമണത്തിൽ ഇടുക്കി ജില്ലയിൽ പരുക്കേറ്റത് 540 പേർക്ക്

∙പത്തു വർഷത്തിനിടെ വന്യജീവിയാക്രമണത്തിൽ ഇടുക്കി ജില്ലയിലെ കൃഷിനാശം 5 കോടി രൂപ

വന്യജീവിശല്യം തടയാൻ ചെലവിട്ടത് 9 കോടി

കഴിഞ്ഞ 10 വർഷത്തിനിടെ ഇടുക്കി ജില്ലയിൽ വന്യജീവിശല്യം തടയാനായി സർക്കാർ ചെലവിട്ടത് 9 കോടി രൂപ. ഫെൻസിങ്, ട്രഞ്ച്, ക്രാഷ് ഗാർഡ് റോപ് ഫെൻസിങ്, എസ്എംഎസ് അലർട്ട്, ദ്രുതപ്രതികരണസേനയുടെ സേവനം തുടങ്ങിയ പദ്ധതികളാണു വനം വകുപ്പു നടപ്പാക്കിയത്.

English Summary : Remembering forest watcher sakthivel who was killed by wild elephant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS