ADVERTISEMENT

ചങ്ങനാശേരി ∙ തലമുറകളുടെ സംഗമമായി എസ്ബി കോളജിലെ പൂർവവിദ്യാർഥി മഹാസമ്മേളനം. എസ്ബി കോളജിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ചു റിപ്പബ്ലിക് ദിനത്തിൽ നടന്ന പൂർവ വിദ്യാർഥി മഹാസമ്മേളനത്തിൽ വിവിധ മേഖലകളിലെ പ്രശസ്തർ ഉൾപ്പെടെയുള്ള പൂർവവിദ്യാർഥികൾ പങ്കെടുത്തു.  

ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗുണകരമായ വിദ്യാഭ്യാസവും അധ്യാപകരുടെ പ്രതിബദ്ധതയും എസ്ബി കോളജിന്റെ സവിശേഷതയാണെന്ന് അദ്ദേഹം പറഞ്ഞു. മലയാളക്കരയുടെ സംസ്കാരത്തിന്, അതിന്റേതായ അനുഹ്രഹീത പൈതൃകച്ചാർത്തൽ നൽകിയ സരസ്വതി ക്ഷേത്രമാണ് എസ്ബി കോളജ്. കേരള ചരിത്രത്തിൽ വിശേഷിച്ച് സാംസ്കാരിക രംഗത്ത് നിർണായക പങ്ക് എസ്ബി കോളജ് വഹിക്കുന്നുണ്ടെന്നും മാർ ക്രിസോസ്റ്റമോസ് പറഞ്ഞു. അലുമ്നൈ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷാജി മാത്യു പാലാത്ര അധ്യക്ഷത വഹിച്ചു.  

sb-college-26
എസ്ബി കോളജ് പൂർവവിദ്യാർഥി മഹാസമ്മേളനത്തിൽ നിന്ന്

മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് മുഖ്യാതിഥിയായിരുന്നു. പഠനത്തിനും തുടർന്നുള്ള ജീവിതത്തിനുമായി ഒരു തലമുറ തന്നെ നാടുവിട്ടു പോകുന്ന അവസ്ഥയാണ് ഇവിടെ ഉള്ളതെന്നും ഇത് പുതിയതരം പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള ക്യാംപസുകൾ സൃഷ്ടിക്കേണ്ടതിന്റെ ആദ്യ ചുവട് മനോഭാവത്തിലുള്ള മാറ്റം ആയിരിക്കണം. വെർച്വൽ ലോകത്തെ പൗരന്മാരായി കൂടി ജീവിക്കുന്ന കുട്ടികൾക്ക് മാനസികമായി ഞെരുക്കം ഉണ്ടാകാത്ത ക്യാംപസുകളാണ് ഇവിടെ ഉണ്ടാകേണ്ടത്.

പ്രവർത്തന പരിചയവും സമൂഹത്തിന്റെ മൂല്യങ്ങൾ സംരക്ഷിച്ചുള്ള പ്രവർത്തനരീതിയുടെയും ചരിത്രവുമുള്ള എസ്ബി പോലുള്ള കലാലയങ്ങളാണ് അതിനു തുടക്കം കുറിക്കേണ്ടത്. കാരണം ഇവ കേവലം സ്ഥാപനങ്ങളല്ല. സാമൂഹിക പ്രസ്ഥാനങ്ങളാണ്. ഇടുങ്ങിയ ലോകത്ത് നിന്നുള്ള ചർച്ചകളാണ് വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത്. വിദ്യാർഥികളെ കേൾക്കാനും അവരിൽ നിന്നുകൂടി പഠിക്കാനും തയാറാകണം. അക്ഷമയുള്ള നാവ് അല്ല ക്ഷമയുള്ള ചെവികളാണ് കുടുംബത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുട്ടികൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാരതം രൂപകൽപന ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രക്രിയയുമായി ഒത്തുപോകാനും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സംവിധാനം ഇവിടെ രൂപപ്പെടുത്താനും നാം നിർബന്ധിതരാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.  സുതാര്യതയും സത്യസന്ധതയും എസ്ബി കോളജിന്റെസവിശേഷതകളാണെന്നും കാലത്തിനനുസരിച്ച മാറ്റം കോളജിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ അധികാരികളുടെ ഭാഗത്തു നിന്ന് നടക്കുന്നുണ്ടെന്നും ജോബ് മൈക്കിൾ എംഎൽഎ പറഞ്ഞു.  

ബിഷപ് കെ.ജി.ദാനിയൽ, കോളജ് മാനേജർ ഫാ.ഡോ.ജയിംസ് പാലയ്ക്കൽ, പ്രിൻസിപ്പൽ റെജി പി.കുര്യൻ, ഷിജോ കെ.ചെറിയാൻ എന്നിവർ പ്രസംഗിച്ചു. 1973ൽ പഠനം പൂർത്തിയാക്കി, 50 വർഷം പിന്നിട്ട സുവർണ ജൂബിലി ബാച്ചിനെ ചടങ്ങിൽ ആദരിച്ചു. വിവിധ സ്കോളർഷിപ്പുകളും ചടങ്ങിൽ വിതരണം ചെയ്തു. 

English Summary: Students Reunion at SB College

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com