ADVERTISEMENT

തിരുവനന്തപുരം ∙ നരേന്ദ്ര മോദിയും ബിജെപി ഭരണകൂടവും വിലക്കിയ, ഗുജറാത്ത് വംശഹത്യയുടെ നേർചിത്രം വരച്ചുകാട്ടുന്ന ബിബിസി ഡോക്യുമെന്ററി സംസ്ഥാനത്തുടനീളം കോൺഗ്രസ് പ്രദർശിപ്പിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നിയമസംവിധാനത്തെ നിഷ്‌ക്രിയമാക്കി ന്യൂനപക്ഷ ഉന്മൂലനത്തിന് ഇറങ്ങിപ്പുറപ്പെട്ട മോദിയുടെ ഭൂതകാല ചരിത്രം ബിബിസി വിവരിക്കുമ്പോൾ എന്തിനാണ് അസഹിഷ്ണുതയെന്നു സുധാകരൻ ചോദിച്ചു.

ബിജെപിയെ മാത്രമായി വിമർശിക്കാനുള്ള ഭയംമൂലം കോൺഗ്രസിനെ കൂടി വിമർശിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി. ബിജെപിയുടെ ഔദാര്യംകൊണ്ട് രാഷ്ട്രീയം തുടരുന്ന പാർട്ടിയും നേതാവും സ്വയം പരിശോധിച്ച ശേഷം തനിക്കെതിരെ വിമർശനം ഉന്നയിച്ചാൽ മതി.

ലാവ്‌ലിൻ കേസ് അനന്തമായി നീളുന്നതും മുഖ്യമന്ത്രിതന്നെ പ്രതിസ്ഥാനത്ത് വരേണ്ട സ്വർണക്കടത്ത് കേസ് ആവിയായതും എങ്ങനെയെന്ന് ജനങ്ങൾക്ക് അറിയാം. മൃദുഹിന്ദുത്വം എന്നു കൂടെക്കൂടെ വിളിച്ചുപറഞ്ഞു ബിജെപിയിലേക്ക് അണികളെ റിക്രൂട്ട് ചെയ്യുന്ന പണി സിപിഎമ്മും എം.വി.ഗോവിന്ദനും ഇനിയെങ്കിലും നിർത്തണം – സുധാകരൻ പറഞ്ഞു.

കെപിസിസിയുടെ നേതൃത്വത്തിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു

തിരുവനന്തപുരം ∙ ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ശംഖുമുഖം കടപ്പുറത്ത് പൊതുജനങ്ങൾക്കായി കെപിസിസി പ്രദർശിപ്പിച്ചു. യുഡിഎഫ് കൺവീനർ എം.എം.ഹസൻ, കെപിസിസി ഭാരവാഹികളായ വി.ടി.ബൽറാം, ജി.എസ്.ബാബു, മുൻ മന്ത്രി വി.എസ്.ശിവകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്.

ഡോക്യുമെന്ററിയോട് അസഹിഷ്ണുത പ്രകടിപ്പിച്ച് പ്രദർശനത്തിന് അപ്രതീക്ഷിത വിലക്ക് ഏർപ്പെടുത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുറ്റബോധം കാരണമാണെന്ന് എം.എം.ഹസൻ പറഞ്ഞു. പാർട്ടി നേതാക്കൾക്കും ജീവനക്കാർക്കുമായി കെപിസിസി ആസ്ഥാനത്ത് ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശനം തുടരുമെന്ന് വി.ടി. ബൽറാം അറിയിച്ചു.

പോത്തൻകോട്ട് ഡോക്യുമെന്ററി പ്രദർശിപ്പിച്ചതുമായ ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് – ബിജെപി സംഘർഷം. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രദർശനത്തിനിടയിൽ ബിജെപി പോത്തൻകോട് മേഖലാ കമ്മിറ്റി പ്രസിഡന്റ് ദിലീപ് കുമാർ സ്ക്രീൻ വലിച്ചു കീറിയ ശേഷം ഓടി. 26 ന് രാത്രി 7 മണിയോടെയായിരുന്നു സംഭവം. പിന്നാലെയെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദിലീപിനെ വളഞ്ഞിട്ടു മർദിച്ചു. ദിലീപ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

പ്രദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് ബിജുവിനെ ബിജെപി പ്രവർത്തകർ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ചെന്നും പരാതിയുണ്ട്. രണ്ടു സംഭവങ്ങളിലും പൊലീസ് കേസെടുത്തു.

English Summary: K. Sudhakaran says will telecast BBC Narendra Modi Documentary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com