തിരുവനന്തപുരം ∙ സർവകലാശാലകൾ ബാങ്കിൽ സൂക്ഷിക്കുന്ന പണം ട്രഷറിയിലേക്കു മാറ്റാൻ ധനവകുപ്പ് നിർദേശം നൽകി. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണം പിടിച്ചു നിൽക്കാൻ പാടുപെടുന്നതിനാൽ സർവകലാശാലകളുടെ അക്കൗണ്ടിൽ ഇപ്പോൾ പണമില്ല. കുറച്ചെങ്കിലും പണം അക്കൗണ്ടിൽ സൂക്ഷിക്കുന്നത് കേരള, കാലിക്കറ്റ് സർവകലാശാലകളാണ്. ഇവർ പണം ട്രഷറിയിലേക്കു മാറ്റേണ്ടി വരും.
ബാങ്കിനെക്കാൾ പലിശ ട്രഷറി നൽകുന്നതിനാൽ സർവകലാശാലകൾക്ക് ഇൗ തീരുമാനം ഗുണം ചെയ്യുമെങ്കിലും ആവശ്യത്തിന് അനുസരിച്ച് പിൻവലിക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ട്. നിലവിൽ 25 ലക്ഷത്തിനു മേൽ പണം ട്രഷറിയിൽ നിന്നു വാങ്ങാൻ വകുപ്പുകൾ ധനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. എന്നാൽ, സ്ഥിര നിക്ഷേപം പിൻവലിക്കുന്നതിനു ഇൗ നിയന്ത്രണം ബാധകമല്ലെന്നു ധനവകുപ്പ് വ്യക്തമാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് സ്ഥിരനിക്ഷേപങ്ങൾ ട്രഷറിയിലേക്കു മാറ്റാൻ ധനവകുപ്പ് നിർദേശം നൽകിയത്.
English Summary: Recommendation to transfer universities bank money to treasury