ADVERTISEMENT

കുണ്ടറ / അടൂർ ∙ വാൾ വീശി ആക്രമിക്കാൻ ശ്രമിച്ച പ്രതികൾക്കു നേരെ പൊലീസ് വെടിയുതിർത്തു. പൊലീസിനെ വെട്ടിച്ച് പ്രതികൾ കായലിൽ ചാടി നീന്തിമറഞ്ഞു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ പേരയം കരികുഴി മാപ്പിളപൊയ്കയിൽ ആയിരുന്നു സംഭവം.

ശാസ്താംകോട്ടയിലെ കഞ്ചാവ് കേസിലെ പ്രതി ആലപ്പുഴ സ്വദേശി ലിബിൻ വർഗീസിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളായ പേരയം കരിക്കുഴി ലൈവി ഭവനിൽ ആന്റണി ദാസ് (കുട്ടൻ–26), കരിക്കുഴി ലിജോ ഭവനിൽ ലിയോ പ്ലാസിഡ് (27) എന്നിവരാണ് പൊലീസിനു നേരെ വാൾ വീശിയത്. തുടർന്ന് കാക്കനാട് ഇൻഫോപാർക്ക് സിഐ വിപിൻ ദാസ് ജീവൻ രക്ഷാർഥം വെടിയുതിർക്കുകയായിരുന്നു. 

ഇതേ കേസിലെ 5 പ്രതികളെ ഇൻഫോപാർക്ക് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സാമ്പത്തികതർക്കത്തെ തുടർന്ന് ലിബിൻ വർഗീസിനെ പ്രതികൾ തട്ടിക്കൊണ്ടുപോയി അടൂർ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ മുറിയിൽ എത്തിച്ച് മർദിച്ച് അവശനാക്കിയ ശേഷം തടവിലാക്കി 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലായിരുന്നു അറസ്റ്റ്. 

കേസിലെ മറ്റൊരു പ്രതി കരിക്കുഴി സ്വദേശി ലിബിൻ ലോറൻസിനെ (26) കഴിഞ്ഞ ദിവസം കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആന്റണിയും ലിയോയും കരിക്കുഴിയിലെ‍ ബന്ധു വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞത്.

പുലർച്ചെ ഒരു മണിയോടെ സിഐ വിപിൻ ദാസ്, കുണ്ടറ സിഐ ആർ.രതീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം മഫ്തിയിൽ കരിക്കുഴിയിൽ എത്തി വീട് വളഞ്ഞു. പിടിക്കപ്പെടുമെന്നു കണ്ട് പ്രതികൾ പൊലീസിനു നേരെ വാൾ വീശി കടന്നുകളയാൻ ശ്രമിച്ചു. പ്രതികൾക്കു പിന്നാലെ പൊലീസ് ഓടി എത്തിയെങ്കിലും വീണ്ടും വാൾ വീശിയപ്പോഴാണ് സിഐ വെടിയുതിർത്തത്. 4 റൗണ്ട് വെടി വച്ചെങ്കിലും പ്രതികൾ കായലിൽ ചാടി കടന്നു. കാപ്പ കേസിൽ ജയിലിൽ ആയിരുന്ന ആന്റണി ദാസ് കഴിഞ്ഞ 9 നാണ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നു പുറത്തിറങ്ങിയത്. ലിബിൻ ലോറൻസിനെ കോടതി റിമാൻഡ് ചെയ്തു. 

യുവാവിനെ തട്ടിക്കൊണ്ടുവന്ന ക്വട്ടേഷൻ സംഘങ്ങൾക്ക് ഒരു രേഖയുമില്ലാതെ അടൂർ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ മുറി കൊടുത്ത ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗമായ താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. കുക്ക് കം വാച്ചർ രാജീവ്ഖാനെയാണ് പിരിച്ചുവിട്ടത്. ഡിവൈഎഫ്ഐ പെരിങ്ങനാട് വടക്ക് മേഖലാ കമ്മിറ്റി അംഗമാണു രാജീവ്.

 

 

English Summary: Police attacked by goons in Adoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com